ന്യൂദല്‍ഹി: കുവൈറ്റിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തില്‍ പരിക്കേറ്റവരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ് സന്ദര്‍ശിച്ചു.
അപകടത്തില്‍ കൊല്ലപ്പെട്ട 45 ഭാരതീയരില്‍ 20 പേര്‍ മലയാളികളാണ്. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല പ്രതിനിധികളുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
കൊല്ലപ്പെട്ട ഭാരതീയരെ നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ അടിയന്തരമായി കൈക്കൊള്ളുമെന്നും മോദി അറിയിച്ചിരുന്നു. ദുരന്തത്തിനിരയായവര്‍ക്ക് പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം വേണ്ട സഹായങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് കേന്ദ്രസഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് കുവൈറ്റിലെത്തിയത്.
പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആറ് ഭാരതീയരെ കേന്ദ്ര സഹമന്ത്രി സന്ദര്‍ശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തി കേന്ദ്രസര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. കുവൈറ്റ് വിദേശകാര്യമന്ത്രി അബ്ദുല്ല അലി അല്‍ – ലഹ്യയുമായി കീര്‍ത്തി വര്‍ധന്‍ സിങ് കൂടിക്കാഴ്ച നടത്തി.
തീപ്പിടുത്തത്തിനിരയായവര്‍ക്കുള്ള വൈദ്യസഹായം, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സംബന്ധിച്ചും ഇരുവരും ചര്‍ച്ച നടത്തി. ദുരന്തം സംബന്ധിച്ച് അന്വേഷണം നടത്തുന്നതില്‍ ഭാരതം എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. അതേസമയം പരിക്കേറ്റ ഭാരതീയരില്‍ ആരും ഗുരുതരാവസ്ഥയില്‍ അല്ലെന്ന് കുവൈറ്റിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. അപകടത്തെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് കെ.വി. സിങ് കുവൈറ്റിലെത്തിയത്.
അപകടത്തില്‍ മരിച്ച ഭാരതീയരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ക്ക് കെ.വി. സിങ് നേതൃത്വം നല്കും. എയര്‍ഫോഴ്‌സ് വിമാനങ്ങളിലാണ് മൃതദേഹങ്ങള്‍ ഭാരതത്തില്‍ എത്തിക്കുക.
കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും കുവൈറ്റ് വിദേശകാര്യമന്ത്രി അബ്ദുല്ല അലി അല്‍- യഹ്യയുമായി ഫോണില്‍ സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. പരിക്കേറ്റവര്‍ക്ക് ചികിത്സയ്‌ക്കുള്ള എല്ലാ സഹായങ്ങളും ലഭ്യമാക്കും. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് കുവൈറ്റ് സര്‍ക്കാര്‍ ഉറപ്പ് തന്നതായും എസ്. ജയശങ്കര്‍ അറിയിച്ചിട്ടുണ്ട്.
Discussion about this post