കറാച്ചി: ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം കാണ്ഡഹാറിലേക്ക് റാഞ്ചിയ ജയ്ഷെ മുഹമ്മദ് ഭീകരരില്‍ ഒരാളായ സഹൂര്‍ മിസ്ത്രിയെ പാകിസ്ഥാനില്‍ വെടിവച്ചു കൊന്നു. ഇന്ത്യയില്‍ ജയിലിലായിരുന്ന മസൂദ് അസര്‍ അടക്കം മൂന്നു ഭീകരരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കാഠ്മണ്ഡുവില്‍ നിന്ന് ദല്‍ഹിയിലേക്കുള്ള ഐസി-814 വിമാനം 1999ല്‍ അഞ്ചു പാക് ഭീകരര്‍ റാഞ്ചിയത്.
മാര്‍ച്ച് ഒന്നിന് കറാച്ചിയില്‍ ബൈക്കില്‍ വന്ന രണ്ടുപേര്‍ സഹൂര്‍ മിസ്ത്രിക്കു നേരേ നിറയൊഴിക്കുകയായിരുന്നു. സാഹിദ് അഖുണ്ഡ് എന്ന വ്യാജപ്പേരില്‍ ഫര്‍ണിച്ചര്‍ ഷോപ്പ് നടത്തുകയായിരുന്നു സഹൂര്‍ മിസ്ത്രി. കറാച്ചിയില്‍ ഒരു ബിസിനസുകാരന് വെടിയേറ്റു മരിച്ചെന്നാണ് ആദ്യ വാര്‍ത്ത. എന്നാല്‍ കൊല്ലപ്പെട്ടത് വിമാന റാഞ്ചല്‍ കേസിലെ ഭീകരനാണെന്ന് പിന്നീട് പാകിസ്ഥാനിലെ ജിയോ ടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ടുപേര്‍ സഹൂര്‍ മിസ്ത്രിക്കു നേരേ വെടിവയ്ക്കുന്ന സിസിടിവി ദൃശ്യങ്ങളും ജിയോ ടിവി പുറത്തു വിട്ടു. മിസ്ത്രിയെ കൊന്നതോടെ വിമാനം റാഞ്ചിയ ഭീകരരില്‍ ഇബ്രാഹിം അസറും റൗഫ് അസഗറും മാത്രമാണ് ഇനിയുള്ളത്. ജയ്ഷെ മുഹമ്മദിന്റെ ഓപ്പറേഷണല്‍ ചീഫ് എന്നറിയപ്പെടുന്ന റൗഫ് അസഗര്‍, മിസ്ത്രിയുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തെന്നും ജിയോ ടിവി റിപ്പോര്‍ട്ടു ചെയ്യുന്നു.
റാഞ്ചിയ വിമാനത്തിലുണ്ടായിരുന്ന ഇരുപത്തഞ്ചുകാരനായ രൂപിന് കത്യാലിനെ ക്രൂരമായി വധിച്ചത് സഹൂര്‍ മിസ്ത്രിയായിരുന്നു. രൂപിന്റെ മൃതദേഹം പിന്നീട് വിമാനത്തില്‍ കണ്ടെത്തുകയായിരുന്നു. 176 യാത്രക്കാരും 15 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ലഖ്നൗവിനടുത്തുവച്ചു റാഞ്ചിയ വിമാനം ആദ്യം അമൃത്സറില് ഇറക്കി. പിന്നീട് അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് കൊണ്ടുപോയി. മസൂദ് അസര്‍, സെയ്യദ് ഒമര്‍ ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് സര്‍ഗാര്‍ എന്നീ ഭീകരരെ മോചിപ്പിച്ചാണ് റാഞ്ചല്‍ സംഭവം അവസാനിപ്പിച്ചത്.
Discussion about this post