അനാദികാലം മുതൽ, ഹിന്ദു സമൂഹം മാനവ ഏകതയും വിശ്വ മംഗളവും ലക്ഷ്യമിട്ടുള്ള സുദീർഘവും അവിസ്മരണീയവുമായ ഒരു യാത്രയിൽ സമർപ്പിതരാണ്. മഹത്തായ മാതൃശക്തിയുടെയും സംന്യാസി ശ്രേഷ്ഠരുടെയും ധാർമ്മികാചാര്യന്മാരുടെയും മഹത്തുക്കളുടെയും അനുഗ്രഹങ്ങളും പരിശ്രമങ്ങളും കാരണം, നമ്മുടെ രാഷ്ട്രം പല തരത്തിലുള്ള ഉയർച്ച താഴ്ചകൾക്കിടയിലും നിരന്തരം മുന്നോട്ട് പോകുന്നു.
കാലപ്രവാഹത്തിൽ ദേശീയ ജീവിതത്തിൽ കടന്നുവന്ന നിരവധി ദോഷങ്ങളെ അകറ്റി സംഘടിതവും സ്വഭാവശുദ്ധിയും ശക്തിമത്തുമായ ഒരു രാഷ്ട്രമെന്ന നിലയിൽ ഭാരതത്തെ പരമ വൈഭവത്തിലേക്ക് നയിക്കുന്നതിനായി, പരം പൂജനീയ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാർ 1925-ൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവർത്തനം ആരംഭിച്ചു. സംഘപ്രവർത്തനത്തിന്റെ വിത്തുകൾ പാകിയ ഡോ. ഹെഡ്‌ഗേവാർ, ദൈനംദിന ശാഖയുടെ രൂപത്തിൽ വ്യക്തി നിർമ്മാണത്തിന്റെ ഒരു സവിശേഷ കാര്യപദ്ധതി വികസിപ്പിച്ചെടുത്തു. നമ്മുടെ സനാതന പാരമ്പര്യങ്ങളുടെയും മൂല്യങ്ങളുടെയും പരിപ്രേക്ഷ്യത്തിൽ, രാഷ്ട്രനിർമ്മാണത്തിനായുള്ള നിസ്വാർത്ഥ തപസായി ഇത് മാറി. ഡോക്ടർജിയുടെ ജീവിതകാലത്ത് തന്നെ ഈ പ്രവർത്തനം രാഷ്ട്രവ്യാപകമായ രൂപം കൈവരിച്ചു. ദ്വിതീയ സർസംഘചാലക് പൂജനീയ ശ്രീഗുരുജിയുടെ (മാധവ സദാശിവ ഗോൾവൽക്കർ) ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ, ദേശീയ ജീവിതത്തിന്റെ വിവിധ മേഖലകളിൽ, സനാതന ചിന്തകളുടെ വെളിച്ചത്തിൽ കാലാനുസൃതവും യുഗാനുകൂലവുമായ ക്രിയാത്മക പ്രവർത്തനങ്ങൾ ആരംഭിച്ചു.
100 വർഷത്തെ ഈ യാത്രയിൽ, ദൈനംദിന ശാഖയിലൂടെ നേടിയെടുത്ത മൂല്യങ്ങളിലൂടെ സംഘം സമൂഹത്തിന്റെ അചഞ്ചലമായ വിശ്വാസവും സ്നേഹവും നേടിയിട്ടുണ്ട്. ഈ കാലയളവിൽ, സ്നേഹത്തിന്റെയും ഹൃദയബന്ധത്തിന്റെയും ശക്തിയിൽ, സംഘസ്വയംസേവകർ മാനാപമാനങ്ങൾക്കും രാഗദ്വേഷങ്ങൾക്കും അതീതമായി എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാൻ ശ്രമിച്ചു. സംഘ പ്രവർത്തനത്തിന്റെ ശതാബ്ദി വേളയിൽ, എല്ലാ സാഹചര്യങ്ങളിലും നമ്മുടെ ശക്തിയായി മാറിയ, അനുഗ്രഹങ്ങളും സഹകരണവും നൽകിയ ആദരണീയരായ സന്യാസിമാരെയും സമൂഹത്തിലെ സജ്ജനങ്ങളെയും ജീവിതം സമർപ്പിച്ച നിസ്വാർത്ഥരായ പ്രവർത്തകരെയും സ്വയംസേവക കുടുംബങ്ങളെയും ഓർക്കേണ്ടത് നമ്മുടെ കടമയാണ്.
പുരാതനമായ സംസ്കൃതിയും സമൃദ്ധമായ പാരമ്പര്യവും കൊണ്ട് ചലിക്കുന്ന, സൗഹാർദപൂർണമായ ലോകം കെട്ടിപ്പടുക്കുന്നതിന് ആവശ്യമായ അനുഭവജ്ഞാനം ഭാരതത്തിനുണ്ട്. നമ്മുടെ ചിന്തകൾ ഭിന്നിപ്പിക്കുന്നതും ആത്മഹത്യാപരവുമായ പ്രവൃത്തികളിൽ നിന്ന് മനുഷ്യനെ സുരക്ഷിതമാക്കുകയും ഈ ചരാചര ജഗത്തിൽ ഏകാത്മഭാവനയും ശാന്തിയും ഉറപ്പാക്കുകയും ചെയ്യുന്നു.
ധർമ്മത്തിൽ അധിഷ്ഠിതമായ, ആത്മവിശ്വാസം നിറഞ്ഞ, സംഘടിതമായ ജീവിതത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഹിന്ദു സമൂഹത്തിന് അതിന്റെ ആഗോള ഉത്തരവാദിത്തം ഫലപ്രദമായി നിറവേറ്റാൻ കഴിയൂ എന്ന് സംഘം വിശ്വസിക്കുന്നു. അതുകൊണ്ട്, എല്ലാത്തരം ഭിന്നതകളെയും നിരാകരിക്കുന്ന, ഒന്നെന്ന ഭാവത്തോടെയുള്ള പെരുമാറ്റത്തിന്റെയും, പരിസ്ഥിതി സൗഹൃദ ജീവിതശൈലിയിൽ അധിഷ്ഠിതമായ ഒരു മൂല്യാധിഷ്ഠിത കുടുംബത്തിന്റെയുംസ്വ അവബോധത്താൽ സമ്പുഷ്ടവും പൗരൻ്റെ കടമകളിൽ പ്രതിജ്ഞാബദ്ധവുമായ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ ദൃഢനിശ്ചയം ചെയ്യേണ്ടത് നമ്മുടെ കടമയാണ്. ഈ അടിസ്ഥാനത്തിൽ, സമൂഹത്തിന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനും വെല്ലുവിളികൾക്ക് ഉത്തരം നൽകാനും, ഭൗതിക സമൃദ്ധിയും ആത്മീയതയും നിറഞ്ഞ ശക്തമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കാനും നമുക്ക് കഴിയും.
സജ്ജന ശക്തിയുടെ നേതൃത്വത്തിൽ, മുഴുവൻ സമൂഹത്തെയും ഒപ്പം ചേർത്ത് ലോകത്തിന് മാതൃകയാകുന്ന സംഘടിത ഭാരതം കെട്ടിപ്പടുക്കാൻ അഖില ഭാരതീയ പ്രതിനിധി സഭ ദൃഢനിശ്ചയം ചെയ്യുന്നു.
Discussion about this post