പതിനഞ്ചാം നൂറ്റാണ്ടിൽ ഗുജറാത്തിൽ ജീവിച്ചിരുന്ന ഭക്തകവിയാണ് നരസിംഹ് മേഹ്ത. ഭക്തശിരോമണിയായ അദ്ദേഹം നിരവധി ഭക്തി ഗീതങ്ങൾ രചിച്ചിട്ടുണ്ട്. ഗുജറാത്തിയിലെ ആദി കവിയെന്നറിയപ്പെടുന്ന ഇദ്ദേഹം ഗുജറാത്തിലും ഉത്തര ഭാരതത്തിലും വളരെ ആദരിക്കപ്പെടുന്നു. “വൈഷ്ണവ ജൻ തൊ” എന്ന പ്രശസ്തമായ ഭജനം ഇദ്ദേഹത്തിന്റെ രചനയാണ്.
സൗരാഷ്ട്രത്തിലെ ഭാവ്നഗർ ജില്ലയിലുള്ള തലജ ഗ്രാമത്തിലെ ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച മേഹ്ത വീട് ഉപേക്ഷിച്ച്, അടുത്തുള്ള വനത്തിലെ ശിവ ലിംഗത്തിന് മുന്നിൽ നിരാഹാരനായി തപസ്സിരുന്നു. ഏഴുദിവസത്തിനു ശേഷം ഭഗവാൻ ശിവൻ പ്രത്യക്ഷനാവുകയും അദ്ദേഹത്തിന്റെ ആവശ്യ പ്രകാരം വൃന്ദാവനത്തിൽ രാസലീലയാടുന്ന ശ്രീകൃഷ്ണനെയും ഗോപികമാരെയും കാണിച്ചു കൊടുക്കുകയും ചെയ്തു. ഈ ദിവ്യദർശനത്തിൽ ആമഗ്നനായി ആനന്ദാവസ്ഥയിൽ അദ്ദേഹം കൈയിലിരുന്ന പന്തത്തിലെ തീ കൊണ്ട് കൈ പൊള്ളിയത് പോലും അറിഞ്ഞില്ല എന്നാണ് ഐതിഹ്യം. ശ്രീകൃഷ്ണ പരമാത്മാവിന്റെ നിർദ്ദേശ പ്രകാരം അദ്ദേഹത്തിന്റെ അപദാനങ്ങളും രാസലീലയുടെ മാധുര്യവും കീർത്തിക്കുന്നതിന് ജീവിതം സമർപ്പിച്ചു. അദ്ദേഹം 22,000 ഭക്തി ഗീതങ്ങൾ രചിച്ചിട്ടുണ്ട്. 1458-1511 ലെ മഹമൂദ് ബേഗദയുടെയും മറ്റു മുസ്ലിങ്ങളുടെയും നിരന്തരമായുള്ള ആക്രമണങ്ങൾക്ക് ശേഷം ജുനാഗഡ് സുൽത്താന്റെ ഭരണത്തിന് കീഴിലായി. ഇതിന്റെ പ്രത്യാഘാതങ്ങളിൽ നിന്നും രക്ഷനേടാനായി അദ്ദേഹത്തിന് മംഗ്രോളിലേയ്ക്ക് പോകേണ്ടി വന്നു. അവിടെ വെച്ച് 66ാം വയസ്സിൽ പരമാത്മാവിൽ വിലയം പ്രാപിച്ചു.
Discussion about this post