മഹർഷി അരവിന്ദ ഘോഷിന്റെ ഇളയ സഹോദരനായിരുന്നു ബരീന്ദ്ര കുമാർ ഘോഷ് . 1880 ജനുവരി 5 ന് ഇംഗ്ലണ്ടിൽ ജനിച്ച അദ്ദേഹം ദേവ്ഘറിൽ വിദ്യാഭ്യാസവും ബറോഡയിൽ നിന്ന് സൈനിക പരിശീലനവും നേടി. അരബിന്ദോയുടെ സ്വാധീനത്തിൽ ചെറുപ്പത്തിലേ തന്നെ വിപ്ലവ പ്രസ്ഥാനത്തിൽ അദ്ദേഹം ചേർന്നു. ജതീന്ദ്ര നാഥ് ബാനർജിയുമായി അദ്ദേഹം സജീവമായി ബന്ധപ്പെട്ടിരുന്നു.
1906-ൽ ബരീന്ദ്രകുമാർ ബംഗാളി വാരികയായ യുഗാന്തർ പ്രസിദ്ധീകരിച്ചു. പിന്നീട് ബംഗാളിലെ ഫിറ്റ്നസ് ക്ലബ്ബിന്റെ മറവിൽ യുഗാന്തർ എന്ന രഹസ്യ വിപ്ലവ സേന രൂപീകരിച്ചു. ജതീന്ദ്രനാഥ് മുഖർജിയോടൊപ്പം യുവ വിപ്ലവകാരികളെ റിക്രൂട്ട് ചെയ്യുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. വിപ്ലവകാരികൾ ബോംബുകൾ നിർമ്മിക്കുകയും ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കുകയും ചെയ്തിരുന്ന ഒരു രഹസ്യ സ്ഥലമായി കൊൽക്കത്തയിലെ മാണിക്തല ഉയർന്നുവന്നു.
മജിസ്‌ട്രേറ്റ് ഡഗ്ലസ് കിംഗ്‌സ്‌ഫോർഡിന്റെ വധശ്രമത്തെ തുടർന്നുള്ള തീവ്രമായ പോലീസ് അന്വേഷണത്തിൽ, ബരീന്ദ്രയും അരബിന്ദോയും 1908 മെയ് 2-ന് മറ്റ് സ്വാതന്ത്ര്യ സമര സേനാനികൾക്കൊപ്പം അറസ്റ്റിലായി. ആലിപൂർ ബോംബ് കേസിൽ ബരീന്ദ്ര ഘോഷും ഉല്ലാസ്കർ ദത്തയും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. ദേശബന്ധു ചിത്തരഞ്ജൻ ദാസിന്റെ ഇടപെടലോടെ ശിക്ഷ ജീവപര്യന്തമാക്കി ചുരുക്കി. 1909-ൽ ബരീന്ദ്ര കുമാറിനെ ആൻഡമാനിലെ സെല്ലുലാർ ജയിലിലേക്ക് നാടുകടത്തി. 1920 ൽ ജയിൽ മോചിതനായ ബരീന്ദ്ര തന്റെ പത്രപ്രവർത്തന ജീവിതം ആരംഭിക്കുകയും ദൈനിക് ബസുമതി, സ്റ്റേറ്റ്സ്മാൻ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും ചെയ്തു.
1959 ഏപ്രിൽ 18 ന് അന്തരിച്ചു.
Discussion about this post