പാഞ്ചാലക്കുറിശ്ശി എന്ന കൊച്ചു രാജ്യത്തിന്റെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയുള്ള ചെറുത്തു നില്‍പ്പ് ഭാരത സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഐതിഹാസികമായ ഏടാണ് .1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ഏകദേശം ആറു പതിറ്റാണ്ടു മുന്നേ, ദേശാഭിമാനത്തിൽ പ്രോജ്ജ്വലമായ മനസ്സുമായി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ധർമയുദ്ധം നയിച്ച പാഞ്ചാലക്കുറിശ്ശിയിലെ രാജാവ് വീര പാണ്ഡ്യ കട്ടബൊമ്മന്റെ ജന്മദിനമാണ് ഇന്ന്
1760 ജനുവരി 3 ന് ജഗവീര ബൊമ്മന്റെയും അറുമുഖത്തമാളുടെയും മകനായി പാഞ്ചാലക്കുറിശ്ശിയിൽ ജനനം . ജഗവീര ബൊമ്മനു ശേഷം തന്റെ 30 -മത്തെ വയസ്സിൽ വീര പാണ്ഡ്യൻ പാഞ്ചാലക്കുറിശ്ശിയുടെ രാജാവായി . ആർക്കോട്ടിലെ ചന്ദ സാഹിബ് പിടിച്ചെടുത്ത മധുരയിൽ ഉൾപ്പെട്ടതായിരുന്നു കട്ടബൊമ്മന്റെ രാജ്യം . കർണാട്ടിക് യുദ്ധത്തിൽ നവാബിനോട് ജന്ദ സാഹിബ് പരാജയപ്പെട്ടതോടെ മധുര ആർക്കോട്ട് നവാബിനു കീഴിലായി .എന്നാൽ നവാബിന്റെ ഭരണം അംഗീകരിക്കില്ലെന്ന് ശഠിച്ച നാട്ടു രാജ്യങ്ങൾ നികുതി കൊടുക്കാൻ വിസമ്മതിച്ചു . തുടർന്ന് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് കടക്കാരനായ നവാബ് നികുതി പിരിവ് കമ്പനിയെ ഏല്‍പ്പിച്ചു
കട്ടബൊമ്മൻ ബ്രിട്ടീഷുകാർക്ക് നികുതി കൊടുക്കാൻ തയ്യാറായിരുന്നില്ല .ഇതു സംസാരിക്കാൻ രാമനാഥ പുരത്തേക്ക് ക്ഷണിക്കപ്പെട്ട കട്ടബൊമ്മനെ ബ്രിട്ടീഷുകാർ തടവിലാക്കാൻ ശ്രമിച്ചെങ്കിലും ഈസ്റ്റിന്ത്യ കമ്പനിയുടെ ഡെപ്യൂട്ടി കമാൻഡന്റിനെ കൊലപ്പെടുത്തി കട്ടബൊമ്മൻ രക്ഷപ്പെട്ടു . എന്നാൽ അദ്ദേഹത്തിന്റെ മന്ത്രി താനാപതിയെ ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്തു . സംഭവത്തിൽ അന്വേഷണം നടത്തിയ കമ്പനി കളക്റ്റർ ജാക്സണേ പുറത്താക്കുകയും താനാപതിയെ മോചിപ്പിക്കുകയും ചെയ്തു
കപ്പം കൊടുക്കാൻ വീണ്ടും വിസമ്മതിച്ച കട്ടബൊമ്മന്റെ കൊട്ടാരത്തെ ആക്രമിക്കാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചു . നാലു ചുറ്റും വളഞ്ഞ ബ്രിട്ടീഷ് സൈന്യത്തോട് സധൈര്യം പോരാടിയ കട്ടബൊമ്മന്റെ സൈന്യം ബ്രിട്ടീഷുകാർക്ക് നിരവധി നാശനഷ്ടങ്ങൾ വരുത്തി .പിന്നോട്ടടിക്കപ്പെട്ട ബ്രിട്ടീഷ് സൈന്യം പീരങ്കിപ്പടയ്ക്ക് വേണ്ടി കാത്തു നിന്ന സമയം കൊണ്ട് കട്ടബൊമ്മൻ കോട്ടയിൽ നിന്നും രക്ഷപ്പെട്ടു . ബ്രിട്ടീഷുകാർ താനാപതി പിള്ളയുടെ തലവെട്ടി മുളങ്കമ്പിൽ കുത്തി നിർത്തുകയും സൗന്ദര പാണ്ഡ്യ നായക്കിനെ അതിക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു
ദിവസങ്ങളോളം ഒളിവിൽ കഴിയേണ്ടിവന്ന കട്ടബൊമ്മനെ ചില നാട്ടു രാജാക്കന്മാർ ബ്രിട്ടീഷുകാർക്ക് ഒറ്റിക്കൊടുത്തു . പിടിയിലായ കട്ടബൊമ്മനെ 1799 ഒക്റ്റോബർ 16 ന് പരസ്യമായി തൂക്കിക്കൊന്നു .തൂക്കാൻ നേരം കട്ടബൊമ്മൻ തൂക്കുകയറിനെ ചുംബിച്ച് പുഞ്ചിരിയോടെയാണ് മരണം വരിച്ചതെന്ന അപദാനങ്ങൾ തമിഴകത്ത് വാഴ്ത്തപ്പെടുന്നുണ്ട് .കട്ടബൊമ്മന്റെ മരണത്തോടെ അനാഥമായ പാഞ്ചാലക്കുറിശ്ശി കോട്ട ബ്രിട്ടീഷുകാർ മുച്ചൂടും നശിപ്പിച്ച് സ്വത്തുക്കൾ കവർന്നു. അവിടെ ഉഴുതുമറിച്ച് ഒരു കല്ലു പോലും അവശേഷിക്കാതെ തകർത്തു കളഞ്ഞുവെന്നാണ്ചരിത്രം പറയുന്നത് .
വലിയ സാമ്രാജ്യങ്ങൾ പോലും ബ്രിട്ടീഷ് സാമന്തന്മാരായി മാറിയപ്പോൾ സ്വാതന്ത്ര്യമാണ് ജീവിതം എന്ന സന്ദേശമുയർത്തി സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ തെല്ലും കൂസാതെ അടിമത്തത്തിനെതിരെ പോരാടിയ വീരപാണ്ഡ്യൻ ഇന്നും ജനമനസുകളിൽ അനശ്വരനായി നിലകൊള്ളുന്നു.
Discussion about this post