പറന്നുയര്‍ന്നൂ ദിവ്യാമൃതവും
വഹിച്ചു ഗരുഢസമാനന്‍
വിവേകി ഭാരത മാതാവിന്‍
തൃപ്പതാകയും കൊണ്ടുയരേ..
അടിമത്തത്തിന്റെ ആഴങ്ങളിലേക്ക് നിപതിച്ചുപോയ രാഷ്ട്രനൗകയെ ആത്മവിശ്വാസത്തിന്റെ ആകാശപ്പൊക്കമുള്ള വാക്കുകളാല്‍ അദ്ദേഹം നയിച്ചു…
“ഈ കപ്പല്‍ മുങ്ങുമ്പോള്‍ ശപിക്കാനും സ്വയം പഴിക്കാനുമാണോ നിങ്ങളുടെ ഭാവമെന്ന്, യുവാക്കളുടെയും ചിന്തകരുടെയും കര്‍മ്മശേഷി ഇനിയും വറ്റാത്ത ഇന്നാടിന്റെ സര്‍വപൗരുഷത്തെയും വെല്ലുവിളിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു.
ഈ കപ്പലിനേറ്റ ക്ഷതങ്ങള്‍ സ്വന്തം ഹൃദയരക്തം കൊണ്ട് സസന്തോഷം നമുക്ക് അടയ്ക്കാം…
നമ്മുടെ തലച്ചോര്‍ പറിച്ചെടുത്ത് ആ വിടവുകളില്‍ തിരുകാം. അല്ലാതെ അതിനെ ശപിക്കാതിരിക്കൂ.
ഈ നാട്ടില്‍ നിന്നെന്നെ ചവിട്ടി പുറത്താക്കുകയാണെങ്കില്‍ പോലും വീണ്ടും വീണ്ടും തിരികെ വന്നു ഞാന്‍ ഇത് തന്നെ പറയും.'”
ആ വിവേക വാണികള്‍ കേട്ടാണ് വിശാലമായ ഭാരതം ഉയിര്‍ത്തത്.
അണുവണുതോറും രാഷ്ട്രപ്രേമം ജ്വലിച്ചുയര്‍ന്ന വാക്കുകള്‍ കൊണ്ട് അദ്ദേഹം നാടാകെ ബാധിച്ചിരുന്ന എല്ലാ അധമബോധങ്ങളെയും തട്ടിയെറിഞ്ഞു. ഭാരതത്തിന്റെ പ്രാണനെ തന്നിലേക്ക് ആവാഹിച്ചു. സംസ്‌കാരത്തിന്റെയും ധര്‍മ്മത്തിന്റെയും വിജയഘോഷം ലോകമെമ്പാടും മുഴക്കി. പാമ്പാട്ടികളുടെ നാടെന്ന് പുച്ഛിച്ചവരുടെ മുന്നില്‍ ഭാരതീയതയുടെ വിശ്വദൗത്യത്തെ ഉദ്‌ഘോഷിച്ചു. മറുപടികളില്‍ തരിമ്പും കരുണ കാട്ടിയില്ല. ആക്രമിക്കേണ്ടവരെ കടന്നാക്രമിച്ചു. നെഞ്ചോടുചേര്‍ക്കേണ്ടവരെ ചേര്‍ത്തുപിടിച്ചു. മതത്തെയും ദൈവത്തെയും കൂട്ടുപിടിച്ച് പാരതന്ത്ര്യം വിധിയെന്ന് കരുതി അടിമത്തത്തിന്റെ ആശ്രിതരായി ഉണ്ടുറങ്ങിക്കഴിഞ്ഞവരെ കണക്കറ്റ് പരിഹസിച്ചു.
ദൈവം അലസന്മാരുടെ പൂജാമുറികളിലല്ല, അധ്വാനത്തെ ആരാധനയാക്കിയവരുടെ ഇടയിലാണെന്ന് പ്രഖ്യാപിച്ചു. പാടത്തെ ചളിയില്‍ പണിയെടുക്കുന്നവരില്‍, കരിങ്കല്‍ പിളര്‍ക്കുന്ന കരുത്തുള്ളവരില്‍ ഈശ്വരനെ കാണാന്‍ ആഹ്വാനം ചെയ്തു. ദരിദ്രനും നിരക്ഷരനും ദൈവമാണെന്ന് ചൂണ്ടിക്കാട്ടി. അവര്‍ക്കായി ഒരു കണ്ണീര്‍ക്കണം പൊഴിക്കുമ്പോള്‍, അവരിലേക്ക് ഒരു പുഞ്ചിരിയെറിയുമ്പോള്‍ നിങ്ങളില്‍ ആയിരം പൗര്‍ണമിയുടെ നറുനിലാവ് വിരിയുമെന്ന് ചൂണ്ടിക്കാട്ടി.
രാജ്യത്തെ സ്‌നേഹിക്കാന്‍ അനുതപിക്കുന്ന ഒരു ഹൃദയമാണ് വേണ്ടതെന്ന് വിളിച്ചുപറഞ്ഞു. ‘നിങ്ങള്‍ അനുതപിക്കുന്നവരാണോ? ദേവതകളുടെയും ഋഷികളുടെയും അനന്തരഗാമികളായവര്‍ മൃഗങ്ങളെപ്പോലെ ജീവിക്കുന്നതില്‍ നിങ്ങള്‍ അനുതപിക്കുന്നുണ്ടോ? ദശലക്ഷങ്ങള്‍ യുഗങ്ങളായി പട്ടിണി കിടക്കുന്നതില്‍നിങ്ങള്‍ അനുതപിക്കുന്നുണ്ടോ ?
അറിവില്ലായ്മ ഒരു കാര്‍മേഘം പോലെ നാടാകെ പടര്‍ന്നതില്‍ നിങ്ങള്‍ അനുതപിക്കുന്നുണ്ടോ? നിങ്ങളുടെ ഉറക്കത്തെ അത് കെടുത്തുന്നുണ്ടോ? നിങ്ങളുടെ രക്തത്തില്‍ കലര്‍ന്ന് ധമനികളിലൂടെ ഒഴുകി ഹൃദയത്തുടിപ്പുകളോടൊത്ത് അത് താളം ചവിട്ടുന്നുണ്ടോ?
സ്വന്തം പേരും പെരുമയും വീട്ടുകാര്യങ്ങളും സ്വന്തം ശരീരം പോലും നിങ്ങള്‍ മറന്നു കഴിഞ്ഞുവോ? സ്വരാജ്യസ്‌നേഹിയാവാനുള്ള ഒന്നാമത്തെ, വെറും ഒന്നാമത്തെ ചുവടുവയ്പ്പാണിത്.
മുന്നോട്ടുള്ള ചുവടുവയ്പില്‍ ആരെയും കൂസാതിരിക്കാന്‍ അദ്ദേഹം ഉദ്‌ബോധിച്ചു.
ശക്തി ശക്തി ശക്തി എന്നതിന് ആത്മബലം എന്നാണ് അര്‍ത്ഥമെന്ന് വിളിച്ചു പറഞ്ഞു. ‘
ഈ ലോകം മുഴുവന്‍ വാളുമേന്തി എതിര്‍ത്ത് വന്നാലും നിങ്ങള്‍ക്ക് ശരിയെന്നു തോന്നുന്നത് ചെയ്യാനുള്ള ചങ്കൂറ്റം നിങ്ങള്‍ക്കുണ്ടോ? ഭര്‍ത്തൃഹരി പറയുന്നത് പോലെ ‘ലോകര്‍ നിന്ദിക്കുകയോ സ്തുതിക്കുകയോ ചെയ്യട്ടെ. സമ്പത്ത് വരുകയോ പോവുകയോ ചെയ്യട്ടെ; മരണം ഇന്നോ ഒരു നൂറു കൊല്ലം കഴിഞ്ഞോ വരട്ടെ. എന്ത് തന്നെ സംഭവിച്ചാലും തെരഞ്ഞെടുത്ത വഴിയില്‍ നിന്ന് തെല്ലും പതറിപ്പോകാത്തവനാണ് ധീരന്‍. ഈ സ്ഥൈര്യം നിങ്ങളിലുണ്ടോ?
മുന്നോട്ട് മുന്നോട്ട് എന്നത് മാത്രം മന്ത്രമാക്കിയ ഒരു സംന്യാസി. ലക്ഷ്യമെത്തുന്നത് വരെ നിലയ്ക്കാതെ ഒഴുകിപ്പടരാന്‍ ആഹ്വാനം ചെയ്ത കര്‍മ്മയോഗി. സോഷ്യലിസത്തിന്റെയും രാഷ്ട്രീയത്തിന്റെയും ചിന്തകള്‍ക്കും മുന്നേ നമുക്കാദ്യം രാജ്യത്തെ ആത്മീയാശയങ്ങളാല്‍ പരിപൂതമാക്കാം എന്ന് എല്ലാക്കാലത്തെയും നേതൃത്വങ്ങളെ സ്വന്തം കാലത്തുനിന്നു കൊണ്ട് ഉദ്‌ബോധിപ്പിച്ച നിത്യസ്വാതന്ത്ര്യത്തിന്റെ പ്രവാചകന്‍…
ഇതാ ഇന്നത്തെ ഭാരതം സ്വാമി വിവേകാനന്ദനെ ഹൃദയത്തില്‍ സ്വീകരിക്കുന്നു. ആ വാക്കുകള്‍ ഇന്നത്തേത് പോലെ ഏറ്റുവാങ്ങുന്നു. ആയിരം ഇടിമിന്നലുകള്‍ ഒന്നിച്ചു പ്രഹരിച്ചാലെന്ന പോലെ ലോകമെമ്പാടുമുള്ള യുവത ഇത്ര കാലത്തെ അന്ധതയില്‍ നിന്ന് പിടഞ്ഞെഴുന്നേറ്റ് ഭാരതം ഭാരതം എന്ന് ആരവം മുഴക്കുന്നു..
ഓര്‍ക്കുവിന്‍… സൂര്യോദയത്തോടൊപ്പം
അനശ്വര സംസ്‌കാരത്തിടമ്പിനെ,
ജീവിത നേതാവിനെ,
ഈ വീരയുവാവിനെ ക്ഷണിക്കൂ
സമുന്നത ജീവിതസൗധ
ശിലാസ്ഥാപനത്തിന് നിങ്ങള്‍..
Discussion about this post