ജനറൽ ഡയറിന്റെ ഉത്തരവ് പ്രകാരം 1650 റൗണ്ട് നിരായുധരായ ജനക്കൂട്ടത്തിന് നേരെ ബ്രിട്ടീഷ് പട്ടാളം വെടിയുതിർത്തപ്പോൾ ഭാരതീയരുടെ ജീവരക്തം പടർന്നൊഴുകിയ ചോരപ്പുഴയായി ജാലിയൻ വാലാബാഗ് മാറുന്ന കാഴ്ച്ചയാണ് തനിക്ക് ലഭിച്ച അംഗീകാരങ്ങൾ മടക്കി നൽകാൻ ദേശഭക്തനായ ടാഗോറിനെ പ്രേരിപ്പിച്ചത്.
ഐതിഹാസികമായ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ നാളുകളിൽ സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്ന് സ്വയംവിശേഷിപ്പിച്ചിരുന്ന ബ്രിട്ടീഷുകാർ ഭാരതവിഭജനത്തിന്റെ വിത്തുപാകി, ഭിന്നിപ്പിച്ച് ഭരിക്കുക എന്ന കുതന്ത്രത്തിന്റെ ഭാഗമായി 1905 ൽ മതാടിസ്ഥാനത്തിൽ ബംഗാളിനെ രണ്ടായി വിഭജിച്ച് കൊണ്ട് ബംഗാൾ വിഭജനം പ്രഖ്യാപിക്കുന്നു.
പുണ്യമയിയായ ശ്രാവണ മാസത്തിൽ ഗംഗാസ്നാനം നടത്തി സർവ്വരും കാളീഘട്ടിൽ വന്ന് രാഖി ബന്ധിക്കട്ടെ. രബീന്ദ്രനാഥ് ടാഗോറും ബാല ഗംഗാധര തിലകനും ചേർന്ന് നൽകിയ ആശയം അതായിരുന്നു. ടാഗോറും ബാല ഗംഗാധര തിലകനും മുന്നിൽ നിന്നപ്പോൾ അതൊരു മഹാഭേരിയുടെ തുടക്കമായി. സമീപകാലത്ത് കാണാതിരുന്ന ദേശീയ ഐക്യം രൂപംപ്രാപിച്ചു. ആയിരക്കണക്കിന് ദേശസ്നേഹികൾ, അവരിൽ ഹിന്ദുക്കളുമുണ്ട്, മുസൽമാൻമാരുണ്ട്, സിഖുകാരുണ്ട്. ഏവരും ഗംഗയിൽ മുങ്ങിനിവർന്നു. കാളീഘട്ടിലെ പുണ്യഭൂമിയിൽ അവിഭക്ത വംഗനാടിനായി അവർ സങ്കല്പം നടത്തി പരസ്‌പരം ദേശസ്നേഹത്തിന്റെ പട്ടുനൂൽ ബന്ധിച്ചു. അതൊരുജ്വല ദേശീയ മുന്നേറ്റമായി മാറുകയായിരുന്നു. ഒടുവിൽ ബ്രിട്ടീഷുകാർക്ക് മുട്ടുമടക്കേണ്ടി വന്നു എന്നത് ചരിത്രമാണ്. “ഭാരതത്തെ അറിയണമെങ്കിൽ സ്വാമി വിവേകാനന്ദനെ അറിയണം” എന്ന പ്രസിദ്ധമായ വാക്യം ടാഗോറിന്റേതാണ്. ഗാന്ധിജിയെ “മഹാത്മ” എന്ന് വിശേഷിപ്പിച്ചത് ടാഗോറാണ്.
“പാടണമെന്നുണ്ടീരാഗത്തിൽ
പാടാൻസ്വരമില്ലല്ലോ
പറയണമെന്നുണ്ടെന്നാലതിന്നൊരു
പദം വരുന്നീലല്ലോ
പ്രാണനുറക്കെ കേണീടുന്നു
പ്രഭോപരാജിതനിലയിൽ;
നിബദ്ധനിഹ ഞാൻ നിൻ ഗാനത്തിൽ
നിരന്തമാകിയ വലയിൽ” എന്ന് പാടിയ അദ്ദേഹത്തിന്റെ ഗീതാഞ്ജലി ലോകമെങ്ങും പെരുമപെറ്റ പുസ്തകമായി മാറി. 1913ൽ ഗീതാഞ്ജലിക്ക് സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചതിലൂടെ ഈ പുരസ്കാരം ലഭിക്കുന്ന ഏഷ്യയിലെ ആദ്യ വ്യക്തിയായി ടാഗോർ. മൂവായിരത്തോളം കവിതകൾ, നൂറോളം കവിതാസമാഹാരങ്ങൾ, ആയിരത്തി നാനൂറോളം ഗാനങ്ങൾ, അമ്പതിലേറെ നാടകങ്ങൾ, നാല്പതിലധികം കഥാസമാഹാരങ്ങൾ, നോവലുകൾ, എണ്ണമറ്റ ലേഖനങ്ങൾ, പതിനഞ്ചോളം ലേഖന സമാഹാരങ്ങൾ അങ്ങനെ വിപുലമായ സാഹിത്യലോകമാണ് ടാഗോറിന്റെതായി ഉള്ളത്. ദേശത്തും വിദേശത്തുമുളള അനേകം സർവകലാശാലകളിൽ പ്രഭാഷണങ്ങൾ നടത്തി. 1941 ഓഗസ്റ്റ് 7 ന് അന്തരിച്ചു.
Discussion about this post