പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സന്യാസി ശ്രേഷ്ഠരിൽ ഒരാളായിരുന്നു ശ്രീരാമകൃഷ്ണ പരമഹംസർ. ബംഗാളിലെ ദക്ഷിണകാളീശ്വർ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന അദ്ദേഹം തന്റെ ആത്മീയത നിറഞ്ഞ സ്വഭാവത്താലും ഊർജ്ജസ്വലതയാലും പെട്ടെന്ന് തന്നെ ആളുകൾക്കിടയിൽ ശ്രദ്ധ പിടിച്ചു പറ്റുകയും, ഒരുപാടു പേർക്ക് ആത്മീയ ജ്ഞാനം പകർന്നു കൊടുക്കുകയും ചെയ്തു . തന്മൂലം ധാരാളം ശിഷ്യഗണങ്ങൾ അദ്ദേഹത്തിനുണ്ടാവുകയും , അവർ രാമകൃഷ്ണ മഠം സ്ഥാപിക്കുകയും ചെയ്തു .രാമകൃഷ്ണ മഠം ആളുകൾക്ക് ആത്മീയ ജ്ഞാനം പകർന്നു കൊടുക്കുകയും അതോടൊപ്പം തന്നെ പാവപ്പെട്ടവർക്ക് വിദ്യാഭ്യാസവും സാമൂഹ്യ സേവനവും നടത്തി പോന്നു .
വെസ്റ്റ് ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ കമർപുക്കൂർ എന്ന ഗ്രാമത്തിൽ നിർദ്ധനരായ ഒരു ബ്രാഹ്മിണ കുടുംബത്തിലാണ് ശ്രീരാമകൃഷ്ണ പരമഹംസർ ജനിച്ചത് . ഭഗവാൻ ശ്രീരാമചന്ദ്രന്റെ ഭക്തരായിരുന്ന അദ്ദേഹത്തിന്റെ മാതാപിതാക്കൾ അവർക്കു ജനിച്ച മക്കൾക്കെല്ലാം പേരുകളിൽ രാമൻ എന്ന പദം കൂടി ചേർക്കുമായിരുന്നു . സാധാരണ സ്കൂൾ വിദ്യാഭ്യാസം നടത്തിയിരുന്ന പരമഹംസർ , തനിക്ക് ജോലി ലഭിക്കാൻ പാകത്തിനുള്ള വിദ്യാഭ്യാസം വേണ്ട എന്ന് പറഞ്ഞു അത് തൃജിക്കുകയായിരുന്നു .
കമർപുക്കൂർ , പുരിയിലേക്കും മറ്റ് തീർത്ഥാടന കേന്ദ്രങ്ങളിലേക്കുമുള്ള യാത്രാമാർഗം ആയിരുന്നതിനാൽ , അദ്ദേഹത്തിന് ഒരുപാട് സന്യാസി വര്യന്മാരെ പരിചയപ്പെടാനുള്ള അവസരം സിദ്ധിച്ചിരുന്നു .
ബംഗാളി ഭാഷയിൽ എഴുത്തും വായനയും വശമായിരുന്ന പരമഹംസർ , താൻ പരിചയപ്പെട്ട സന്യാസി ശ്രേഷ്ഠന്മാരിൽ നിന്ന് രാമായണത്തിലും മഹാഭാരതത്തിലും പാണ്ഡിത്യം നേടി . അദ്ദേഹത്തിന്റെ പിതാവിന്റെ മരണശേഷം കുടുംബത്തിന്റെ സാമ്പത്തിക ശേഷി കൂടുതൽ മോശമാകയാൽ , ബംഗാളിലേക്ക് പോയ അദ്ദേഹത്തിന്റെ ജ്യേഷ്ഠനോപ്പം പൂജാരി ആയി പ്രവർത്തിക്കാൻ ആരംഭിച്ചു .
ദക്ഷിണേശ്വർ കാളി ക്ഷേത്രത്തിൽ പൂജാരിയായിരുന്ന ജ്യേഷ്ഠനെ സഹായിക്കുകയായിരുന്ന പരമഹംസർ , ജ്യേഷ്ഠന്റെ മരണശേഷം മുഖ്യ പൂജാരിയായി ചുമതല ഏറ്റെടുക്കുകയായിരുന്നു . മുഖ്യ പൂജാരിയായി ചുമതല ഏറ്റെടുത്ത നാൾ മുതൽ കാളി മാതാവിന്റെ കടുത്ത ഭക്തനായി മാറിയ അദ്ദേഹം , ഒരു പ്രാവശ്യമെങ്കിലും കാളീമാതാവിന്റെ ദർശനം അതിയായി ആഗ്രഹിക്കുകയുണ്ടായി . കാളീമാതാവിന്റെ ദർശനത്തിനായി കഠിനമായ തപസ്സനുഷ്ടിച്ചിട്ടും ദർശനം ലഭിക്കായ്കയാൽ അദ്ദേഹം മരണം വരിക്കാൻ തുടങ്ങുകയും , കാളീമാതാവ് വിശ്വരൂപിണിയായി അദ്ദേഹത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.
ലൗകിക ജീവിതത്തോട് വിരക്തി കാട്ടിയിരുന്ന പരമഹംസരെ വിവാഹം കഴിക്കാൻ കുടുംബക്കാർ നിർബന്ധിക്കുകയും , അദ്ദേഹം തന്നെ ജയറമ്പതി എന്ന സ്ഥലത്ത് തനിക്കു നിശ്ചയിച്ചിട്ടുള്ള വധുവുണ്ടെന്നും പറയുകയും ,അവരെ തന്നെ അദ്ദേഹം വിവാഹം കഴിക്കുകയും ചെയ്തു .
വിവാഹ സമയത്ത് പരമഹംസർക്കു പ്രായം പതിനെട്ട് വയസ്സും വധുവായിരുന്ന ശാരദാമണിക്ക് അഞ്ചു വയസ്സും ആയിരുന്നു പ്രായം . ശാരദാമണിക്ക് പരമഹംസർ ദൈവതുല്യനായിരുന്നു . അതിനാൽ തന്നെ അവർ അദ്ദേഹത്തിന്റെ ശിഷ്യയായി മാറുകയും ചെയ്തു .
പൂർണ്ണമായും സന്യാസിയായിരുന്ന പരമഹംസർ വിവാഹിതനെങ്കിലും , ദാമ്പത്യ ജീവിതം നയിച്ചിരുന്നില്ല . ശാരദാമണിയെ പുണ്യ മാതാവായിട്ടാണ് അദ്ദേഹവും ശിഷ്യഗണങ്ങളും കണ്ടിരുന്നത് . കാളിക്ഷേത്രത്തിൽ പൂജാരിയായിരുന്ന അദ്ദേഹം ഒരുപാടു ശ്രേഷ്ഠന്മാരിൽ നിന്ന് വിദ്യ സമ്പാദിക്കുകയുണ്ടായി . ഒരുപാട് ശിഷ്യഗണങ്ങൾ ഉണ്ടായിരുന്ന പരമഹംസരുടെ പ്രശസ്തനായ ശിഷ്യനാണ് സ്വാമി വിവേകാനന്ദൻ .
തൊണ്ടയിൽ അർബുദം ബാധിച്ച അദ്ദേഹത്തോട് അധികം സംസാരിക്കരുത് എന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും അദ്ദേഹം അത് അവഗണിച്ചു കൊണ്ട് തന്റെ അധ്യാപനം തുടർന്ന് കൊണ്ടേയിരുന്നു . അദ്ദേഹത്തിന്റെ അവസാന നാളുകളിൽ കൂടെയുണ്ടായിരുന്നത് ശാരദ ദേവി എന്ന ശിഷ്യ ആയിരുന്നു. സമാധി അടയുന്നതിന് മുൻപ് തന്റെ ആത്മീയമായ ശക്തികൾ എല്ലാം തന്നെ സ്വാമി വിവേകാനന്ദന് പകർന്നു കൊടുത്തിരുന്നു എന്നാണ് പറയപ്പെടുന്നത് .
1886 ആഗസ്റ്റ് 16 ന് അദ്ദേഹം മഹാസമാധി അടഞ്ഞു.
Discussion about this post