ലതാ മങ്കേഷ്കർ – സംഗീതത്തെ തപസ്സ് ചെയ്‌ത 80 വർഷങ്ങൾ.
1929 ൽ സെപ്റ്റംബർ 28 ന് അന്നത്തെ സെൻട്രൽ പ്രൊവിൻസിന്റെ ഭാഗമായിരുന്ന ( ഇന്ന് മധ്യപ്രദേശ്) ഇൻഡോറിൽ കർണാടക സംഗീതജ്ഞനും പ്രമുഖ കവിയും സംഗീത നാടകങ്ങളുടെ സംവിധായകനും നടനും ഗായകനും ആയിരുന്ന പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്കറിന്റെയും ശ്രീമതി ശെവന്തി/സുധമതി യുടെയും 4 മക്കളിൽ മൂത്ത മകളായി ജനനം. ചെറുപ്പത്തിലേ തന്നെ സംഗീതജ്ഞൻ ആയ പിതാവിൽ നിന്ന് സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ പഠിച്ചു. അദ്ദേഹത്തിന്റെ സംഗീത നാടകങ്ങളിൽ പാടി അഭിനയിച്ചു കൊണ്ടാണ് ലതയും സഹോദരങ്ങളും കലാജീവിതം ആരംഭിക്കുന്നത്. സഹോദരങ്ങൾ ആയ മീന ഖാദികർ, ആശ ഭോസ്ലെ, ഹൃദയനാഥ് എന്നിവരും സംഗീത സിനിമ സംഗീത ലോകത്ത് രാജ്യത്തെ അറിയപ്പെടുന്ന, രാജ്യം ആദരിച്ച കലാകാരന്മാർ ആണ്..
ജന്മനാടായ ഗോവയിലെ മംഗേശിയുടെ പേര് പേരിന്റെ കൂടെ ചേർത്താണ് പണ്ഡിറ്റ് ദീനാനാഥ് ജി മങ്കേഷ്കർ എന്ന പേര് ലതാജിയുടെ പിതാവ് സ്വീകരിച്ചത്.
13 ആം വയസ്സിൽ ആണ് ലത ജി ആദ്യമായി സിനിമക്ക് വേണ്ടി പാടുന്നത്. നവയുഗ ചിത്രപഥ കമ്പനിയുടെ ഉടമ ആയ വിനായക് ദാമോദർ ആണ് ലതാജിയുടെ സിനിമ സംഗീത സപര്യക്ക് തുണ ആയത്. ആദ്യമായി പാടിയ ഗാനം മറാത്തി സിനിമ ആയ കിതി ഹസാലിന് വേണ്ടി ആയിരുന്നു എങ്കിലും ആദ്യം പുറത്ത് വന്ന ഗാനം നവയുഗ ചിത്രപഥയുടെ 1942 ലെ തന്നെ പഹിലി മംഗലി ഗോർ എന്ന സിനിമയിലെ ഗാനം ആയിരുന്നു. അതിൽ അഭിനേത്രി കൂടി ആയിരുന്നു ലതാജി… ആദ്യ ഹിന്ദി ഗാനം 1943 ൽ ഗജാഭാവു യിലെ ആയിരുന്നു.
പിന്നീട് ഭാരത സംഗീത ലോകത്തെ പകരം വെക്കാനില്ലാത്ത രാജ്ഞി ആയി പതിറ്റാണ്ടുകൾ വിരാജിച്ച ലതാജി പതിനായിരക്കണക്കിന് പാട്ടുകൾ ആലപിച്ചു കൊണ്ടു ഭാരതീയരുടെ ഹൃദയത്തിൽ ഇടം നേടി കൊണ്ടിരുന്നു. 5 ഓളം സിനിമകൾക്കും സംഗീത ആൽബങ്ങൾക്കും ലതാജി സംഗീതം നൽകി സംഗീത സംവിധായിക ആയി മാറി. 4 സിനിമകൾ നിർമിച്ചു സിനിമ നിർമ്മാതാവായി.
1963 റിപ്പബ്ലിക് ദിനത്തിൽ ലതാജിയുടെ സ്വരത്തിൽ നമ്മൾ കേട്ട “യെ മേരെ വതൻ കെ ലോഗോ” എന്നു തുടങ്ങുന്ന, ഭാരത – ചൈന യുദ്ധത്തിൽ വീരമൃത്യു വരിച്ച ഭാരത സൈനികരെ സ്മരിച്ചു കൊണ്ടുള്ള ഗാനം ഇന്നും ഏവരുടെയും കണ്ണുകളെ ഈറനണിയിക്കും…
2001 ൽ അടൽ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രി ആയിരിക്കുന്ന സമയത്ത് ആണ് ശ്രീ ലതാജിയെ രാജ്യം ഭാരത് രത്ന നൽകി ആദരിക്കുന്നത്. കൂടാതെ, 1969 ൽ പദ്മ ഭൂഷൺ , 1999 ൽ പദ്മ വിഭൂഷൺ എന്നീ ബഹുമതികളും നൽകി രാജ്യം ലതാജിയെ ആദരിച്ചു. മികച്ച ഗായിക എന്ന നിലക്ക് 3 ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഫ്രാൻസിന്റെ ഏറ്റവും ഉന്നത സിവിലിയൻ പുരസ്‌കാരം ആയ ലീജിയൻ ഓഫ് ഓണർ പുരസ്കാരവും 2006 ൽ ലതാജിയെ തേടി എത്തുകയുണ്ടായി.
1999 മുതൽ 2005 വരെ NDA സർക്കാരിന്റെ കാലത്ത് ലതാജിയെ രാജ്യസഭാ MP ആയി നാമനിർദേശം ചെയ്തു സ്ഥാനം നൽകുകയുണ്ടായി. അവസാനമായി ചിട്ടപ്പെടുത്തിയ “സൗഗന്ധ് മുജ്ഹേ ഇസ് മിട്ടി കാ” ( ഈ മണ്ണിന്റെ സുഗന്ധം) എന്ന ഗാനവും ഭാരത സൈന്യത്തിന് വേണ്ടിയും ഭാരതത്തിന്റെ മഹത്വത്തെ പ്രകീർത്തിച്ചും ആയിരുന്നു. പ്രധാനമന്ത്രി മോദിക്ക് ആണ് ഈ ഗാനം ലതാജി സമർപ്പിച്ചത്.
സാമൂഹ്യ സേവനരംഗത്തും ലതാജിയുടെ സേവനം സമൂഹത്തിന് ലഭിച്ചിട്ടുണ്ട്. ലതാ മങ്കേഷ്കർ ഫൗണ്ടേഷന്റെ കീഴിൽ മങ്കേഷ്കർ മെമ്മോറിയൽ ഹോസ്പിറ്റൽ പുണെയിൽ പ്രവർത്തിക്കുന്നുണ്ട്. സമാജ സേവനത്തിൽ അതീവ താല്പരയായിരുന്ന ലതാജിയെ അനുനയിപ്പിച്ച് കൊണ്ടു സംഗീത ജീവിതത്തിൽ ഉയരങ്ങളിൽ എത്താൻ ദൈവദത്തമായ സംഗീതത്തിൽ സ്വയം അർപ്പിക്കാൻ പറഞ്ഞത് ലതാജി പിതൃസമാനൻ ആയി കണ്ടിരുന്ന വിനായക് ദാമോദർ സവർക്കർ ആയിരുന്നു എന്ന് ലത മങ്കേഷ്കർ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
Discussion about this post