1627 ഫെബ്രുവരി 19 ന് മഹാരാഷ്‌ട്രയിലെ ശിവനേരികോട്ടയിൽ ഷഹാജി ഭോസ്ലേയുടേയും ജിജാബായിയുടെയും ഇളയമകനായാണ് ശിവാജി ജനിച്ചത്. മാതാവിൽ നിന്ന് ഇതിഹാസ-പുരാണകഥകൾ കേട്ടുവളർന്ന അദ്ദേഹം ഒരു തികഞ്ഞ യോദ്ധാവും, രാഷ്‌ട്രതന്ത്രജ്ഞനുമായാണ് വളർന്നത്. ആയോധനകല, കുതിരസവാരി, തുടങ്ങിയ പ്രായോഗിക വിദ്യാഭ്യാസത്തോടൊപ്പം ഹൈന്ദവ ഗ്രന്ഥങ്ങളിലും അദ്ദേഹം പ്രാഗത്ഭ്യം നേടിയിരുന്നു.
ദാദാജികൊണ്ടദേവ് എന്ന ഗുരുനാഥന്റെ കീഴിൽ നിന്നും ശിക്ഷണം നേടിയ അദ്ദേഹം കറ തീർന്ന സ്വഭാവ ശുദ്ധിയുടേയും ദേശീയ പ്രതിബദ്ധതയുടേയും മൂർത്ത രൂപമായി മാറി. സാധാരണക്കാരിലൂടെ, കൃഷിക്കാരിലൂടെ, തൊഴിലാളികളിലൂടെ നേടിയെടുത്ത ഹിന്ദു സാമ്രാജ്യം അദ്ദേഹം ധര്മ്മത്തിന്റെ അടിത്തറയിലാണ് പടുത്തുയർത്തിയത്. 1674 ജൂൺ 6 ന് ആ ഹിന്ദു സാമ്രാജ്യത്തിന്റെ ഛത്രപതിയായി അദ്ദേഹം അവരോധിക്കപ്പെട്ടു.
ശിവാജിയുടെ വീക്ഷണങ്ങളിൽ രാഷ്‌ട്രത്തിന്റെ ഉയർച്ച മാത്രമായിരുന്നു ലക്ഷ്യം. അധിനിവേശ ശക്തികൾക്കെതിരെയുള്ള വെല്ലുവിളിയായിരുന്നു അദ്ദേഹത്തിന്റെ ഹിന്ദു സാമ്രാജ്യം. ഭരണകാര്യത്തിൽ ഉത്തമമാതൃക ഏതെന്ന് ചരിത്രത്തിൽ നിന്നു കാട്ടിത്തരണമെന്നു ആവശ്യപ്പെട്ടാൽ ഒരു സംശയവും കൂടാതെ ഛത്രപതി ശിവാജിയുടെ ഭരണകാലഘട്ടത്തെ എടുത്തുകാട്ടാം.
സുതാര്യത, പങ്കാളിത്തം, ഉത്തരവാദിത്തം, നിയമവാഴ്ച എന്നീ ഘടകങ്ങളിൽ അധിഷ്ഠിതമാണ് സദ്ഭരണമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അറംഗസീബിന്റെ കോട്ടകളിൽ സ്വന്തം ബന്ധുക്കൾ തന്നെ ഉദ്യോഗസ്ഥരായപ്പോൾ അധികാര കേന്ദ്രങ്ങളിൽ ശിവാജി ബന്ധുക്കളെ മാറ്റി നിർത്തി.
കേവലം ഒരു രാഷ്‌ട്രതന്ത്രജ്ഞന്‍ എന്നതിലുപരി രാഷ്‌ട്രാത്മാവിന്റെ സ്പന്ദനമറിയുന്ന രാഷ്‌ട്രമീമാംസകനായിരുന്നു ശിവാജി.
അദ്ദേഹത്തിന് വ്യക്തമായ ലക്ഷ്യബോധമുണ്ടായിരുന്നു. ഹിന്ദുസാമ്രാജ്യസ്ഥാപനത്തിലൂടെ രാഷ്‌ട്രത്തിന്റെ അസ്മിത ഉറപ്പിക്കുകയാണദ്ദേഹം ചെയ്തത്. മൗര്യസാമ്രാജ്യം, ഗുപ്തസാമ്രാജ്യം തുടങ്ങിയവയെപ്പോലെ സ്വന്തം വംശത്തിന്റെ പേരില്‍ അദ്ദേഹം സാമ്രാജ്യസ്ഥാപനം നടത്താതിരുന്നത് അതിനാലാണ്. സ്വാമി വിവേകാനന്ദന്റെ അഭിപ്രായത്തില്‍ ഭാരതത്തിലെ ഏറ്റവും മഹാനായ ഹിന്ദു ആയിരുന്നു ഛത്രപതി ശിവാജി. മ്ലേഛന്മാരുടെ കയ്യില്‍ നിന്നും ഹിന്ദുക്കളെ രക്ഷിച്ചെടുത്തവന്‍. ഹിന്ദു ധര്‍മത്തെ പുന : പ്രതിഷ്ഠിച്ചവന്‍ .
ഭരണാധികാരി എന്ന നിലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടു വരാൻ ശിവാജിക്ക് കഴിഞ്ഞു . അഴിമതിയും രാജ്യദ്രോഹവും അദ്ദേഹം വച്ചു പൊറുപ്പിച്ചിരുന്നില്ല .അടിമത്തത്തിന്റെ അവശിഷ്ടങ്ങളായി നിന്ന എല്ലാത്തിനേയും അദ്ദേഹം തിരസ്കരിച്ചു. ആത്മവിസ്മൃതിയിലാണ്ടു പോയ ഒരു ജനതയ്‌ക്ക് ആത്മവിശ്വാസം നൽകിയതിൽ ശിവാജിക്കും അദ്ദേഹം സ്ഥാപിച്ച ഹിന്ദു സാമ്രാജ്യത്തിനും വലിയൊരു പങ്കുണ്ട്. ഒരർത്ഥത്തിൽ ഹിന്ദു സ്ഥാനത്തിലെ ഹിന്ദു നവോത്ഥാനത്തിന്റെ തുടക്കം ശിവജിയിൽ നിന്നായിരുന്നുവെന്ന് പറയാം.
Discussion about this post