മധുശങ്കര്‍ മീനാക്ഷി
പൂര്‍ണിമയ്‌ക്ക് വെണ്മ, ശുദ്ധി, നൈര്‍മല്യം എന്നൊക്കെ അര്‍ത്ഥമെടുക്കാം. അറിവിന്റെ, ജ്ഞാനത്തിന്റെ, ധ്യാനത്തിന്റെ, മൗനത്തിന്റെ ശുദ്ധിയിലേക്ക്, നൈര്‍മല്യത്തിലേക്ക് ശ്രീബുദ്ധന്‍ നടന്നുപോയ വഴിയാണ് ബുദ്ധപൂര്‍ണിമ. കേവല മനുഷ്യര്‍ക്ക് ദൃഷ്ടിഗോചരമല്ലാത്ത ആ പാതയിലൂടെ എത്രകാതം സഞ്ചരിച്ചാവും സിദ്ധാര്‍ത്ഥന്‍ ബുദ്ധനായത്? അറിഞ്ഞുകൂടാ.
”ഓം പൂര്‍ണ്ണമദ: പൂര്‍ണ്ണമിദം
പൂര്‍ണ്ണാത് പൂര്‍ണ്ണമുദച്യതേ
പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ
പൂര്‍ണ്ണമേവാവശിഷ്യതേ”
ഈശാവാസ്യോപനിഷദ് സൂക്തം ഇവിടെ തീരുന്നില്ല. ”ഓം ശാന്തി, ശാന്തി, ശാന്തി” എന്നുകൂടിയുണ്ട്. ഉപനിഷദ് സൂക്തങ്ങള്‍ അങ്ങനെയാണ്. എതൊന്നിന്റെയും ലക്ഷ്യം ശാന്തിയാണ് എന്നു പറഞ്ഞുവയ്‌ക്കും. യാത്ര അതിലേക്കാകണം. ഉറച്ചുച്ചരിച്ചതുകൊണ്ടോ ആവര്‍ത്തിച്ചുച്ചരിച്ചതുകൊണ്ടോ ആ ലക്ഷ്യം കൈവരണമെന്നില്ല.
പൂര്‍ണത്തില്‍നിന്നു ശാന്തി. പൂര്‍ണത്തില്‍ നിന്നു പൂര്‍ണം എടുത്തുമാറ്റിയാലും ശാന്തി. അപ്പോള്‍ പൂര്‍ണം ശേഷിക്കുന്നു എന്നല്ല അര്‍ത്ഥം. ശാന്തി ശേഷിക്കുന്നു എന്നാണ്. ശാന്തിയിലേക്ക് എത്താന്‍ സിദ്ധാര്‍ത്ഥനില്‍നിന്നു ബുദ്ധനിലേക്ക് കാതങ്ങളോളം നടക്കേണ്ടിവരും. ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് ഒരുറപ്പുമില്ല. ചിലപ്പോള്‍ മടങ്ങേണ്ടിവരും. തിരിച്ചിറങ്ങേണ്ടിവരും. വീണ്ടും തുടങ്ങേണ്ടിവരും. രണ്ടില്‍നിന്നും ഒന്നിലേക്ക് തിരിച്ചിറങ്ങി സ്വയം ഇല്ലാതാകണം. അപ്പൊഴേ പൂര്‍ണനാകൂ. പൂര്‍ണത അനുഭവിക്കാനാകൂ. ശാന്തിയെന്നോ മൗനമെന്നോ ധ്യാനമെന്നോ അതിനെ വിളിക്കാം.
പൂര്‍ണത്തില്‍ നിന്നു പൂര്‍ണം പോയാലും പൂര്‍ണം ശേഷിക്കുന്ന ആ വിദ്യയുണ്ടല്ലോ, ഏതൊരാളെയും ബുദ്ധനാക്കാന്‍ ആ ഒടിവിദ്യ മതി. ഒരു ശബ്ദവും കേള്‍പ്പിക്കാതെ, തികഞ്ഞ ധ്യാനത്തില്‍, മുക്തിയില്‍, നിര്‍വാണത്തില്‍ ചിന്ത ചെന്നൊടുങ്ങണം.
വൈശാഖ മാസത്തിലെ വെളുത്തവാവ് ദിവസമാണ് ബുദ്ധപൂര്‍ണിമ. സിദ്ധാര്‍ത്ഥന്‍ ബുദ്ധനായി പൂര്‍ണനായ ദിവസമാണത്. സാക്ഷികളാരുമില്ല, വിശാഖ നക്ഷത്രവും വെളുത്തവാവും അല്ലാതെ. അതുവരെ പലതായിരുന്നൊരാള്‍, രാജാവും പ്രജയുമായിരുന്നൊരാള്‍, ജീവിതവും മരണവുമായിരുന്നൊരാള്‍ ഒന്നിലേക്ക്, അമരത്വത്തിലേക്ക് തിരിച്ചിറങ്ങുന്നു. പൂര്‍ണനാകുന്നു.
മുഷിഞ്ഞ വസ്ത്രം ഉരിഞ്ഞെറിയുമ്പോലെ എളുപ്പമല്ല അത്. നിങ്ങളിലെ സ്വത്വത്തെ, ഉണ്മയെക്കൂടി ഉരിഞ്ഞെറിയലാണ്. തിരസ്‌കരിക്കലാണ്. ശരിയായ അറിവ് തിരസ്‌കരിക്കുന്നതിലാണ്. അറിഞ്ഞുകൊണ്ട് തിരസ്‌കരിക്കുക. ഉള്ളറിയാത്ത ഒന്നിനെ തിരസ്‌കരിക്കുക സാധ്യമല്ല.
”സമാധാനം ഉള്ളിലാണ്. പുറത്ത് അതന്വേഷിച്ച് നടന്നിട്ട് കാര്യമില്ല” എന്നു പറയാന്‍ ബുദ്ധന് ഏറെക്കാലം അലഞ്ഞുനടക്കേണ്ടിവന്നു. നടക്കേണ്ടിയിരുന്നത് പുറത്തേക്കല്ല, അകത്തേക്കാണെന്ന് തിരിച്ചറിയേണ്ടിവന്നു.
അകത്തേക്ക് എത്രദൂരമാണ്? അറിഞ്ഞുകൂടാ. അതിന്റെ ആഴം, വ്യാപ്തി, കനം ഒന്നും ഇതുവരെ ആര്‍ക്കും അളക്കാന്‍ കഴിഞ്ഞിട്ടില്ല. സഞ്ചരിക്കുന്തോറും ദൂരം കൂടിവരും. ക്ഷീണമറിയില്ല. വാക്കുകളും വിചാരങ്ങളും അതിനകം വറ്റിപ്പോയിട്ടുണ്ടാകും. മൗനമെന്നു പേരിട്ടുവിളിച്ചാലും അതെന്തെന്നോ എങ്ങനെയെന്നോ പറയാന്‍ കഴിയാത്ത അവസ്ഥ വരും.
സാരനാഥിലെ സ്തൂപങ്ങള്‍ നമ്മോട് എന്തൊക്കെയോ പറയാതെ പറയുന്നില്ലേ? അതുപോലെയാണ് ശ്രീബുദ്ധനും നമ്മോട് പറഞ്ഞത്. പറയാതെ പറയുക, കേള്‍ക്കാതെ കേള്‍ക്കുക, രുചിക്കാതെ രുചിക്കുക എന്നൊക്കെയുള്ളത് ബുദ്ധമാര്‍ഗമാണ്. ഒരു ദീര്‍ഘയാത്രയുടെ അറ്റത്തുമാത്രം സംഭവിക്കുന്നത്. നിര്‍വാണമെന്നോ ശാന്തിയെന്നോ അതിനെ വിളിക്കാം. വിശേഷിപ്പിക്കാം.
നാം അന്വേഷിക്കുന്നത് എന്തോ, അത് നമ്മുടെ ഉള്ളിലാണുള്ളതെന്ന തിരിച്ചറിവില്‍ ഏതൊരാള്‍ക്കും ബുദ്ധനാകാം. അതോടെ പുറംയാത്ര അവസാനിക്കും. ഒരിടത്ത് ഉറച്ചിരിക്കാന്‍ കഴിയും. നിര്‍വാണം പ്രാപിക്കാനാകും.
ഒരിടത്തും പോകാത്തവന് എന്തു കാര്യം പറയാനുണ്ട് എന്ന ചോദ്യം പ്രസക്തമാണ്. സഞ്ചാരിപറയുമ്പോലെയല്ല ഒരിടത്തും പോകാത്തവന്‍ സംസാരിക്കുക. കാര്യം എന്ന വാക്കുതന്നെ അയാളുടെ നിഘണ്ഡുവിലുണ്ടാകില്ല. നിഘണ്ഡുവില്ലാത്തവന്റെ മുമ്പില്‍ കേള്‍വിക്കാരെത്തും. ശിഷ്യരുണ്ടാകും. ഭിക്ഷ ആവശ്യമായിവരും. മനസ്സ് എത്ര കാതം സഞ്ചരിച്ചാലും ശരീരം സഞ്ചരിക്കാന്‍ കൂട്ടാക്കാതെ വരുന്നു എന്ന തിരിച്ചറിവില്‍ ചെറുബുദ്ധന്മാര്‍ ഉണ്ടാകും.
ധ്യാനത്തിന്റെ ചുവടുകള്‍
ഈ ബുദ്ധപൂര്‍ണിമ ദിനത്തില്‍ ഒന്നേ പറയാനുള്ളൂ. ശാന്തിയിലേക്കുള്ള ഓരോ ചുവടുവയ്പും മൗനത്തിന്റെ, ധ്യാനത്തിന്റെ, ബൗദ്ധികമായ ചുവടുവയ്പുകളാണ്. ബൗദ്ധികമല്ലാത്ത ഒന്നിനെ ശാന്തിയില്‍ ലയിപ്പിക്കുക സാധ്യമല്ല. ബുദ്ധനും ഞാനും എന്ന പേരില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാനെഴുതിയ കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്:
”സ്വയം മൃതിസത്യമാകണം ബുദ്ധന്‍,
വേരറ്റൊഴുകും കുഞ്ഞുതൂവലായ്,
പ്രാചിസന്ധ്യതന്‍ രഥമേറി,
ഉലകിന്‍ ആത്മരഹസ്യം പോലെ”
Discussion about this post