കൊടിയ ദാരിദ്ര്യത്തിന്റെ പശ്ചാത്തലത്തില്‍ വളര്‍ന്ന കുഞ്ഞന്‍പിള്ള ചട്ടമ്പി എന്ന ചട്ടമ്പിസ്വാമികള്‍ തന്റെ ബാല്യകാലത്ത് വളരെയേറെ കഷ്ടതകള്‍ സഹിച്ചാണ് ജ്ഞാനസമ്പാദനം നടത്തിയത്. പേട്ടയില്‍ രാമന്‍പിള്ളയാശാന്റെ ഓത്തുപള്ളിക്കൂടത്തില്‍ ഒളിഞ്ഞുനിന്നു കേട്ടു പഠിച്ചതും പിന്നീട് ഗുരുനാഥന്‍ ആ ബാലന്റെ ബുദ്ധിവൈഭവം മനസ്സിലാക്കി അവിടുത്തെ ചട്ടമ്പി (മോണിറ്റര്‍-ചട്ടം അന്‍പുന്നവന്‍) ആക്കിയതുമെല്ലാം പ്രസിദ്ധമാണ്. പിന്നീട് ജീവിതപന്ഥാവില്‍ ഇന്ന് തിരുവനന്തപുരത്തു കാണുന്ന സെക്രട്ടറിയേറ്റ് കെട്ടിടത്തിന് വേണ്ടിയുള്ള കല്ലു ചുമക്കുകയും, ആധാരം എഴുത്തുള്‍പ്പെടെ പല ജോലികള്‍ ചെയ്യുകയും ചെയ്തത് അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ ഒരു ചെറിയ ദൃഷ്ടാന്തം മാത്രമാണ്. ഇങ്ങനെ വിവിധ കാര്യങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോഴും ആ മനസ്സ് തന്റെ ആത്യന്തിക ലക്ഷ്യമായ പരമാത്മജ്ഞാനത്തിനായി വെമ്പിയിരുന്നു. സ്വാമികള്‍ പഠിച്ചതൊന്നും ചെറിയ വിഷയങ്ങള്‍ ആയിരുന്നില്ല; പഠിപ്പിച്ചവരൊന്നും നിസ്സാരന്മാരുമായിരുന്നില്ല. തൈക്കാട്ട് അയ്യാവ്, സ്വാമിനാഥ ദേശികന്‍, കുമാരവേലു, സുബ്ബാജടാപാഠി തുടങ്ങിയവരുടെ പേരുകള്‍ എടുത്തുപറയേണ്ടതുണ്ട്. സുബ്ബാജടാപാഠിക്കൊപ്പം കല്ലിടകുറിച്ചിയില്‍ അഞ്ചു വര്‍ഷത്തോളം ഗുരുകുലസമ്പ്രദായത്തില്‍ വേദാന്തശാസ്ത്രങ്ങള്‍ അഭ്യസിച്ച ചട്ടമ്പിസ്വാമികള്‍ക്ക് ആത്മസാക്ഷാത്കാരം ലഭിച്ചത് നാഗര്‍കോവിലില്‍ വടിവീശ്വരം എന്ന സ്ഥലത്തു വച്ചാണ്. അവിടെ അജ്ഞാതനാമാവായ ഒരു അവധൂതമഹാത്മാവ് സിദ്ധാന്തവേദാന്തസമ്പ്രദായത്തില്‍ മഹാവാക്യദീക്ഷ നല്‍കിയ മാത്രയില്‍ത്തന്നെ അദ്ദേഹം ജീവന്മുക്തിയെ പ്രാപിച്ചു. പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം അവധൂതചര്യയില്‍ ലീല മാത്രമായിരുന്നു.
ചട്ടമ്പിസ്വാമികള്‍ ഒരു അവധൂതമഹാത്മാവാണെന്നു മനസ്സിലാക്കിയിട്ടുള്ളവരില്‍ ഒരാളായിരുന്നു ശ്രീനാരായണഗുരുദേവന്‍. ഗുരുദേവന്‍ സ്വാമികളുടെ സമാധിശ്ലോകത്തില്‍ ഇതുള്‍ക്കൊള്ളിച്ചു.
സര്‍വ്വജ്ഞ ഋഷിരുത്ക്രാന്തഃ സദ്ഗുരുഃ ശുകവര്‍ത്മനാ
ആഭാതി പരമവ്യോമ്‌നി പരിപൂര്‍ണ്ണകലാനിധിഃ
ലീലയാ കാലമധികം നീത്വാƒന്തേ സ മഹാപ്രഭുഃ
നിസ്സ്വം വപുഃ സമുത്സൃജ്യ സ്വം ബ്രഹ്മവപുരാസ്ഥിതഃ
മോക്ഷദനായ അഥവാ മോക്ഷത്തെ കൊടുക്കുന്ന ഗുരുവിനെയാണ് സദ്ഗുരു എന്ന് ശാസ്ത്രങ്ങള്‍ പറയുന്നത്. സാക്ഷാല്‍ ദക്ഷിണാമൂര്‍ത്തിക്കു തുല്യമായ പദമാണത്. അതുകൊണ്ടാണ് സര്‍വ്വജ്ഞനെന്നും ഋഷിയെന്നും പരിപൂര്‍ണ്ണകലാനിധിയെന്നും മഹാപ്രഭുവെന്നും ഗുരുദേവന്‍ ചട്ടമ്പിസ്വാമികളെ ഈ ശ്ലോകത്തില്‍ വിളിക്കുന്നത്. ആദിഗുരുവായ ദക്ഷിണാമൂര്‍ത്തിയുടെ സ്വരൂപം തന്നെയാണ് ചട്ടമ്പിസ്വാമികളെന്നു ഈ ശ്ലോകത്തിലൂടെ ഗുരുദേവന്‍ വെളിപ്പെടുത്തിത്തരുന്നു. വേദാന്തപരമായി വളരെ അര്‍ത്ഥവൈപുല്യമാണ് ഈ ശ്ലോകത്തിനുള്ളതെന്നു പറയേണ്ടതില്ലല്ലോ. ഭാരതീയദര്‍ശനങ്ങള്‍ അനുസരിച്ച് ഗുരു ബ്രഹ്മനിഷ്ഠനും ശ്രോത്രിയനും അഥവാ പാരമ്പര്യരീതിയില്‍ ശാസ്ത്രാഭ്യാസം ചെയ്തവനുമായിരിക്കണം. അങ്ങനെയുള്ള ഗുരുവിനെ ഉത്തമനായ ശിഷ്യര്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ. മാത്രമല്ല ഒരുവന്‍ ബ്രഹ്മജ്ഞാനി ആണെങ്കിലും ഈശ്വരന്‍, ഗുരു, ശാസ്ത്രം എന്നിവയെ ശരീരാവസാനം വരെ ആദരിക്കണമെന്നാണ് നമ്മുടെ ശാസ്ത്രങ്ങള്‍ പറയുന്നത്. അങ്ങനെയുള്ളവരെ മാത്രമേ യഥാര്‍ത്ഥ ശിഷ്യരായും പരിഗണിച്ചിരുന്നുമുള്ളു.
അറിവിന്റെ ഔന്നത്യത്തില്‍ മാത്രമേ വിനയം ഉദിക്കുകയുള്ളൂ. സാക്ഷാത് വിവേകാനന്ദ സ്വാമികള്‍ക്ക് ചിന്മുദ്രയുടെ അര്‍ത്ഥം വെളിപ്പെടുത്തിക്കൊടുത്ത ചട്ടമ്പിസ്വാമികള്‍ ഒരിക്കല്‍ പറഞ്ഞത് ‘വിവേകാനന്ദ സ്വാമികള്‍ ഗരുഡനാണെങ്കില്‍ ഞാന്‍ ഒരു കൊതുകുമാത്രം’ എന്നാണ്. ‘വിദ്യാവിനയസമ്പന്നത’ ജ്ഞാനിക്കാണുള്ളത് എന്ന ഗീതാവചനം സ്വാമികളില്‍ പ്രത്യക്ഷീഭവിച്ചിരുന്നു. വലിയവനെന്നോ, ചെറിയവനെന്നോ, ഉന്നതകുലജാതനെന്നോ, നികൃഷ്ടനെന്നോ ഒരു ഭേദവുമില്ലാതെ സകലരെയും ആത്മഭാവത്തില്‍ ഒന്നായിക്കണ്ട മഹാത്മാവാണദ്ദേഹം. ജാതിയോ വംശമോ അല്ല മറിച്ച് ജിജ്ഞാസയാണ് അറിവിന്റെ അധികാരിത നിശ്ചയിക്കുന്നതെന്നു പ്രസ്താവിച്ച അദ്ദേഹം സകലവിദ്യകള്‍ക്കും അധിരാജനായിരുന്നു. വേദാന്തശാസ്ത്രബോധകമായ അദ്വൈതചിന്താപദ്ധതി, വൈദികസാഹിത്യവിജ്ഞാനം പ്രസരിപ്പിക്കുന്ന വേദാധികാരനിരൂപണം, ചരിത്രബോധം തെളിയിക്കുന്ന പ്രാചീനമലയാളം, സംസ്‌കൃതവ്യാകരണത്തിലും തമിഴ്‌വ്യാകരണത്തിലും ഒരുപോലെ പാണ്ഡിത്യം വെളിവാക്കുന്ന ആദിഭാഷ, അന്യമതവിജ്ഞാനം കാട്ടുന്ന ക്രിസ്തുമതനിരൂപണം തുടങ്ങിയവ ആ വിജ്ഞാനധാരയുടെ തിരുശേഷിപ്പുകളാണ്.
Discussion about this post