ലോകമാകെ ദീപോത്സവത്തിലാണ്. രാവണനെ ഇല്ലാതാക്കി, ധര്‍മ്മജീവിതത്തെ ലോകത്തിന് പകര്‍ന്ന് ഭഗവാന്‍ രാമന്‍ പതിനാല് വര്‍ഷത്തെ വനജീവിതത്തിനും നിരന്തരമായ പോരാട്ടത്തിനും സഹനത്തിനും ഒടുവില്‍ അയോധ്യയിലേക്ക് മടങ്ങിവരുന്നു…
നാടാകെ അവന് വേണ്ടിയാണ് കാത്തിരുന്നത്. പതിനാല് വര്‍ഷം മുമ്പ് പട്ടാട ഉപേക്ഷിച്ച് കാവിയുടുത്ത് കാട് പൂകിയ രാമനെ യാത്രയാക്കാന്‍ കണ്ണീരുതോരാതെ ഒരു ജനസഞ്ചയം സരയൂ തീരത്ത് എത്തിയിരുന്നു. ഉണ്ണാതെ ചിലര്‍, ഉറങ്ങാതെ ചിലര്‍… ഉറക്കത്തിലും രാമനെ കിനാവ് കണ്ടുണര്‍ന്ന് വിലപിച്ച് ചിലർ… രാജീവനേത്രനെ ചിന്തിച്ച് ചിന്തിച്ചാണ് രാജാ ദശരഥന്‍ സുരാലയം പൂകിയത്… നാടും നഗരവും കുടിലും കൊട്ടാരവും രാമന് വേണ്ടി കാത്തിരുന്നു.
രാമനൊഴിഞ്ഞ സിംഹാസനം രാമന്റെ പാദുകം ഭരിച്ച പതിനാലാണ്ട്… വെറും നിലത്തുറങ്ങി, ജലം മാത്രം കഴിച്ച്, രാമരാജ്യം പരിപാലിച്ച് ഭരതന്‍ കാത്തിരുന്നതുപോലെ സഹനത്തിന്റെ കാത്തിരിപ്പൊന്ന് വേറെ ഉണ്ടാകുമോ പ്രപഞ്ചത്തില്‍…
കാട് പൂകിയ രഘുവംശകുലാധിപന്‍ നിഷാദനായ ഗുഹനെ കെട്ടിപ്പുണര്‍ന്നു. വാനര രാജാവായ സുഗ്രീവനുമായി സന്ധി ചെയ്തു. വനചാരികള്‍ക്കൊപ്പം കഴിഞ്ഞു. കായ് കനികള്‍ ഭക്ഷിച്ചു. പഞ്ചവടിയില്‍ വെറും നിലത്ത് കിടന്നുറങ്ങി… വനവാസിയായ ശബരിമാതാവിനൊപ്പം ഭക്ഷണം പങ്കിട്ട് കഴിച്ചു. ധര്‍മ്മത്തെ ഇല്ല3താക്കാന്‍ കച്ച കെട്ടിയ രാക്ഷസപ്പടയെ മുച്ചൂടും തകര്‍ത്തു. മുനിവാടങ്ങളെ കാത്തു. ഋഷീശ്വരന്മാരെ കാല്‍ തൊട്ട് വണങ്ങി. സമുദ്രത്തിന് കുറുകെ ചിറ കെട്ടി. രാമന്‍ സംഘാടകനായി…
ചപലത ജന്മസിദ്ധമായ വാനരപ്പടയെ രാമന്‍ ലോകം അതിശയിക്കുന്ന യുദ്ധനിരയായി മാറ്റിയെടുത്തു. അവരിലൊരാള്‍ ഒറ്റച്ചാട്ടത്തിന് കടല്‍ കടന്നു. മൈനാകത്തിന്റെ പ്രലോഭനത്തെയും സുരസയുടെ പ്രകോപനത്തെയും സംന്യാസഭാവത്തോട തിരസ്‌കരിച്ചു. ലക്ഷ്യത്തിലേക്ക് കുതിച്ചു. രാവണപുരി ഭസ്മമാക്കി.
മറ്റൊരാള്‍ കടലിന് കുറുകെ സേതു നിര്‍മ്മിക്കാന്‍ നേതൃത്വം നല്കി. രാമനെന്ന ഒറ്റ വിശ്വാസത്തെ നെഞ്ചേറ്റി അവര്‍ മുപ്പാരും മുടിച്ച രാവണനെ തറ പറ്റിച്ചു. മരിച്ചുവീണിട്ടും അവര്‍ പുനര്‍ജനിച്ചു. അവര്‍ രാമന്റെ സൈന്യമായിരുന്നു.
രാമനും സേനയ്ക്കും കാവലായി നൂറ് കണക്കിന് സാധനാസ്ഥാനങ്ങള്‍ കാനനാന്തരങ്ങളില്‍ പ്രാര്‍ത്ഥനാനിരതമായിരുന്നു. യുദ്ധത്തിന്റെ അന്തിമ മുഹൂര്‍ത്തങ്ങളിലൊന്നില്‍ ആദിത്യഹൃദയമായി പെയ്ത അഗസ്ത്യമഹര്‍ഷി വരെ രാമവിജയത്തിന് വ്രതം നോറ്റ കാലത്തിന്റെ പ്രതീകമായി….
അധര്‍മ്മത്തിന്റെ പത്തികളത്രയും കൊത്തിയെറിഞ്ഞ്, പത്ത് തലയും അരിഞ്ഞുവീഴ്ത്തി, ഭൂമിയുടെ ഐശ്വര്യത്തെ വീണ്ടെടുത്ത് രാമന്റെ മടങ്ങിവരവാണിന്ന്…. മഹാസംഘാടകന്റെ വിജയക്കൊടി ആകാശം തൊട്ടു പറക്കുന്നു….. ധര്മ്മത്തിന്റെ ചിരംജീവബിംബം പുനര്‍ജനിക്കുന്നു…
എല്ലാ കാത്തിരിപ്പുകള്‍ക്കും അവസാനമാകുന്നു…. രാമരാജ്യത്തിലേക്ക് ലോകം കുതിക്കുന്നു…. സരയുവിന്റെ തീരങ്ങള്‍ ദീപാലംകൃതയാവുന്നു… ഓരോ മനസ്സും അയോദ്ധ്യയാവുന്നു… രാമന്‍ ഓരോ മനസിലും പ്രഭ ചൊരിയുന്നു….
Discussion about this post