തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ ജന ജീവിതത്തെ ബന്ദിയാക്കി ലത്തീന്‍ കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധ സമരം. ഹൈക്കോടതി ഉത്തരവിനെതിരെ നടത്തിയ നിയമലംഘന സമരം പോലീസ് കൈയും കെട്ടി നോക്കി നില്‍ക്കുകയായിരുന്നു. ആംബുലസുകളെയും അഗ്നിരക്ഷാസേനയുടെ വാഹനങ്ങളെ പോലും തടഞ്ഞു. കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്താന്‍ സാധിക്കാതെ വന്നതിനാല്‍ പലര്‍ക്കും വിമാനങ്ങള്‍ നഷ്ടമായി.
അദാനി തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ടാണ് ലത്തിന്‍കത്തോലിക്ക നേതൃത്വം നല്‍കുന്ന സമര സമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ റോഡ് ഉപരോധ സമരം നടത്തിയത്. ദേശീയ പാത അടക്കം ആറിടങ്ങളിലായാണ് ഉപരോധ സമരം രാവിലെ മുതല്‍ ആരംഭിച്ചത്. സ്ത്രീകളും വൃദ്ധരും ഉള്‍പ്പെടെ നിരവധി പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ലോറികളില്‍ വള്ളങ്ങള്‍ കെട്ടിവച്ച് റോഡിന് കുറുകെ നിര്‍ത്തി വാഹനങ്ങളെ തടയുകയായിരുന്നു. ഇതോടെ തിരുവനന്തപുരം നഗരത്തില്‍ ഉള്‍പ്പെടെ വാഹന ഗതാഗതം നിലച്ചു. റോഡ് ഉപരോധിച്ച ഭാഗത്ത് ഇരു ചക്രവാഹനങ്ങളെ പോലും കടത്തിവിടാന്‍ പ്രതിഷേധക്കാര്‍ തയ്യാറായില്ല.
രോഗികളുമായി വന്ന ആംബുലന്‍സുകളെയും തടഞ്ഞു. ഇതോടെ ആംബുലന്‍കളെ വഴി തിരിച്ച് വിടേണ്ടി വന്നു. മെഡിക്കല്‍ കോളേജിലേക്ക് വന്ന രോഗികളെ തിരികെ പറഞ്ഞയയ്ച്ചു. വിദ്യാര്‍ത്ഥികളുമായി വന്ന സ്‌കൂള്‍ വാഹനങ്ങളെയും തടഞ്ഞിട്ടു. ആള്‍ സെയിന്റ്‌സ് കോളേജിലെ ബസിനെ തടഞ്ഞിട്ട് സ്ത്രീകള്‍ വാഹനത്തിനടിയിലും ടയറിന് മുന്നിലുമായി കിടന്നു. തങ്ങള്‍ക്ക് പരീക്ഷയാണെന്നും ബസ് വിടണമെന്ന് അപേക്ഷിച്ചിട്ടും കൂട്ടാക്കാതെ വിദ്യാര്‍ത്ഥിനികളെ അസഭ്യം പറയുകയായിരുന്നു. ഇതോടെ കിലോമീറ്ററോളം നടന്നാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നതിനായി കോളേജില്‍ എത്തിയത്.
ഒരു വിഭാഗം പ്രവര്‍ത്തകര്‍ വിമാനത്താവളത്തിലേക്കുള്ള ഹൈവേ ഉപരോധിച്ചായിരുന്നു സമരം. ഇതോടെ വിമാന യാത്രക്കാര്‍ നന്നേ വലഞ്ഞു. കേണ് അപേക്ഷിച്ചിട്ടും ഇവര്‍ വന്ന വാഹനം കടത്തിവിട്ടില്ല. കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്താന്‍ സാധിക്കാതെ 70 പേര്‍ക്ക് യാത്ര മുടങ്ങി. ഇതില്‍ ഇന്ന് വിസാ കാലാവധി തീരുന്നവരും ഉണ്ടായിരുന്നു. ദീപാവലി ആയതിനാല്‍ വിമാന യാത്രക്കൂലി ഇരട്ടിയാണ്. എന്നിട്ടും ജോലി നഷ്ടമാകാതിരിക്കാന്‍ കൂടിയ നിരക്കില്‍ ടിക്കറ്റ് എടുത്താണ് യാത്രയ്ക്കായി ഇവര്‍ എത്തിയത്. പലരും ബാഗുകളുമായി വിമാനത്താവളത്തിലേക്ക് ഓടുന്ന കാഴ്ചയായിരുന്നു. എയര്‍ ഫോഴ്‌സ് വാഹനങ്ങളെ തടഞ്ഞ് നിര്‍ത്തി തിരികെ അയയ്ച്ചു.
വിഴിഞ്ഞം സമരത്തിനെതിരെ ഹൈക്കോടതി ഉത്തരവ് നില നില്‍ക്കുന്നുണ്ട്. ഇന്നലെ നടന്ന റോഡ് ഉപരോധ സമരം നിരോധിച്ച് കൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവും ഇറക്കിയിരുന്നു. എന്നാല്‍ സമരക്കാരുമായി പോലീസ് ലോഹ്യം പറഞ്ഞ് നില്‍ക്കുന്ന കാഴ്ചയാണ് പലയിടത്തും കണ്ടത്. വാഹനങ്ങളെ വഴി തിരിച്ചു വിടാനോ, സമാന്തര പാത ഒരുക്കാനോ പോലീസ് തയ്യാറായില്ല. എല്ലാ നിയമ ലംഘനങ്ങള്‍ക്കും പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കൂട്ട് നില്‍ക്കുകയായിരുന്നു.
Discussion about this post