“ഭാരത സ്വാതന്ത്ര്യസമര ചരിത്രത്തില്‍ സായുധവിപ്ലവത്തിhന്റെ പിതാവ് എന്നറിയപ്പെട്ടിരുന്നത് ആരെന്നോ…., മന്ത്രസമാനമായ വന്ദേമാതരമടങ്ങിയ ആനന്ദമഠം എഴുതാന്‍ പ്രചോദനമായത് ആരുടെ ജീവിതമെന്നോ…, ‘ ഇന്ത്യന്‍ റിപ്പബ്ലിക് ‘എന്ന വാക്കുതന്നെ ആദ്യം പറഞ്ഞതാരെന്നോ….. ചോദിച്ചാല്‍ നമുക്കെത്രപേര്‍ക്ക് ഉത്തരം പറയാന്‍ ആവും…??”.
വാസുദേവ് ബല്‍വന്ത് ഫട്കെ.
1845 നവംബര്‍ 4നു മഹാരാഷ്ട്രയില്‍ പനവേല്‍ താലൂക്കില്‍പ്പെട്ട ഒരു ഗ്രാമത്തിലെ സമ്പന്ന മറാത്തി കര്‍ഷക ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചു. ഹൈസ്കൂളിലെത്തിയപ്പോഴേക്കും ഗുസ്തിയിലും മറ്റു കായികവിനോദങ്ങളിലും പ്രാഗല്‍ഭ്യം നേടിയിരുന്നു. വിദ്യാഭ്യാസം ഇടക്കുപേക്ഷിച്ചു പതിനഞ്ചാം വയസ്സില്‍ പൂനയിലെത്തി ബ്രിട്ടീഷ് മിലിട്ടറിയില്‍ അക്കൌണ്ടിങ്ങില്‍ ക്ലെര്‍ക്കായി ജോലിയില്‍ കയറി. ഇവിടെവച്ചു തീവ്രരാജ്യ സ്നേഹിയും ബ്രിടീഷ് വിരുദ്ധനും ആയിരുന്ന ലഹുജി വസ്താത് സാല്‍വേ എന്ന ഗുസ്തിപരീശീലകന്റെ അടുക്കല്‍ പരിശീലനത്തിനായി ചേര്‍ന്നു.പിന്നോക്ക ജാതിയില്‍ പെട്ട ലഹുജി, പിന്നോക്കം നില്‍ക്കുന്നവരെ ഉദ്ധരിക്കേണ്ടതിന്റെയും അവര്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടതിന്റെയും സ്വാതന്ത്ര്യസമര മുഖത്തേക്ക് അവരെ ആനയിക്കെണ്ടതിന്റെയും ആവശ്യകതയെകുറിച്ചു ഫട്കെയെ ബോധ്യപെടുത്തി.
ഈ കാലയളവില്‍ മഹാദേവ് ഗോവിന്ദ് രണാടെയുടെ ക്ലാസുകളില്‍ പങ്കെടുത്തതില്‍ നിന്നും ബ്രിട്ടീഷ്‌രാജ് ഭാരതത്തിന്റെ സാമ്പത്തികവും വിദ്യാഭ്യാസവുമായ അടിത്തറയെ എങ്ങനെ നശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് മനസിലാക്കി. അവശ്യ വിദ്യാഭ്യാസം യുവാക്കള്‍ക്ക് നല്‍കുന്നതിനായി ചെറിയ സ്കൂളുകള്‍ ഫട്കെ, പൂനയുടെ പലഭാഗത്തും ആരംഭിച്ച ശേഷം വ്യാപിപ്പിച്ചു. ഭാവേ സ്കൂള്‍ പൂനയും ഇദേഹം സ്ഥാപിച്ചതാണ്. പിന്നീട് പൂനെ നേറ്റീവ് ഇന്സ്ട്ടിടുഷ്യന്‍ സ്ഥാപിച്ചു. ഇതാണ് ഇന്നുള്ള മഹാരാഷ്ട്ര എജ്യുകെഷന്‍ സോസൈറ്റിയായി മാറിയത്. ആയിടയ്ക്ക് രോഗഗ്രസ്തയായ അമ്മയെ കാണാന്‍ പോകാന്‍ അവധി നല്കാഞ്ഞതിനാല്‍ അവരെ മരിക്കുന്നതിനു മുന്‍പ് കാണാന്‍ ഫട്കേയ്ക്ക് സാധിച്ചില്ല. അടുത്തവര്‍ഷം ശ്രാദ്ധത്തിനും പോകാന്‍ അദ്ദേഹത്തെ അനുവദിച്ചില്ല . ഈ സംഭവങ്ങള്‍ അദ്ധേഹം ജോലി രാജിവക്കാന്‍ ഇടയാക്കി. പിന്നീട് കുറെക്കാലം ആത്മീയതയുടേയും സന്യാസത്തിന്റേയും പാതയിലായിരുന്നു.
1875ല്‍ ബറോഡയുടെ ഭരണം ബ്രിടീഷ് പിടിച്ചെടുത്ത ശേഷമുണ്ടായ കടുത്ത ക്ഷാമത്തില്‍ ഡെക്കാന്‍ പ്രദേശം മുഴുവന്‍ വളരെ കഷ്ടത്തിലായി. പകര്‍ച്ചവ്യാധികളും വസൂരിയും പട്ടിണിയും ഒരു പോലെ മനുഷ്യരെ കൊല്ലാകൊല ചെയ്തു. വഴികളില്‍ സംസ്കരിക്കാന്‍ പോലും ഗതിയില്ലാത്തവരുടെ ശവശരീങ്ങള്‍ നായയും കഴുകനും കൊത്തിവലിക്കുന്നത് പതിവു കാഴ്ചയായിരുന്നു. ഭരണകൂടത്തിന്റെ അവഗണനയില്‍ മനംനൊന്ത ഫട്കെ ഭാരതീയരായ സമ്പന്നരുടെ സഹായം തേടിയെങ്കിലും ആരും ചെവികൊണ്ടില്ല. “സ്വരാജ് ആണ് ബ്രിടീഷുകാരന്റെ അഹങ്കാരം നശിപ്പിക്കാനുള്ള ഒരേ വഴി” എന്ന കാലാതിവര്‍ത്തിയായ വാക്കുകള്‍ അദ്ദേഹം പറയുന്നത് ഈ സമയത്താണ്. നിരാശനും നിസ്സഹായനുമായ അദ്ദേഹം തന്റെ മാര്‍ഗം ഏതെന്നു തിരിച്ചറിഞ്ഞു.
ശിപായിയിലഹളയെന്നു മുദ്രകുത്തിയ ഒന്നാം സ്വാതന്ത്ര്യ സമരം അടിച്ചമര്‍ത്തിയിട്ട് വര്‍ഷങ്ങളെ ആയുള്ളൂ. രജപുത്രരും സിഖുകാരും പൊരുതി നേടാന്‍ കഴിയാഞ്ഞതിനു ഒറ്റയ്ക്ക് ശ്രമിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. പിന്നോക്ക വിഭാഗങ്ങളെ ചേര്‍ത്ത് രാമോഷി സംഘടിപ്പിച്ചു. അവരില്‍ ഒരാളെ പോലെ അവരുടെ ഉന്നമനത്തിനായി മുൻപേ പ്രവര്‍ത്തിച്ചിരുന്ന അദ്ധേഹത്തിനു സുഗമമായി ആള്‍ക്കാരെ കൂട്ടാനും ആയുധപരിശീലനം നല്‍കാനും സാധിച്ചു.
മുന്നൂറു പേരടങ്ങുന്ന സംഘം ആദ്യമായി ബ്രിട്ടീഷുകാര്‍ക്കുവേണ്ടി നികുതിപിരിക്കുന്ന ആളുടെ ഓഫീസ് ആക്രമിച്ചു നാനൂറോളം രൂപ പിടിച്ചെടുത്തു ക്ഷാമബാധിത പ്രദേശത്ത് വിതരണം ചെയ്തു. പിന്നീടങ്ങോട്ട് വിദേശികള്‍ക്കും അവരുടെ ഭക്തര്‍ക്കും ഉറക്കമില്ലാത്ത വര്‍ഷങ്ങള്‍ ആയിരുന്നു. സംഘം അനുദിനം വളർന്ന് അനേകം ഗ്രാമങ്ങള്‍ പോലും ആ ധീര രാജ്യസ്നേഹിയുടെ പിന്നില്‍ ആജ്ഞാനുവര്‍ത്തികളായി അണിനിരന്നു. വ്യക്തമായ കരുനീക്കങ്ങലോടെ സകല വാര്‍ത്താവിനിമയ ബന്ധങ്ങളും വിശ്ചേദിച്ചശേഷം വിദേശിയുടെ ഓരോ ട്രേഷറികളും കാലിയാക്കികൊണ്ടിരുന്നു. പിടിച്ചെടുത്ത പണം ജനങ്ങള്‍ക്ക് വീതിച്ചു നല്‍കി.
1879 മെയ് പത്തിന് ഫട്കെയുടെ വലംകൈയായിരുന്ന ദൌലത്രേ നായിക്കിന്റെ നേതൃത്വത്തില്‍ കൊങ്കണിലുള്ള ചില പ്രദേശങ്ങളില്‍ നിന്നും അക്കാലത്തു ഒന്നരലക്ഷം രൂപ പിടിച്ചെടുത്തു എങ്കിലും, ഏറ്റുമുട്ടലില്‍ നായിക്ക് കൊല്ലപെട്ടു. ഇതു സംഘത്തെ കൂടുതല്‍ ശക്തമാക്കാന്‍ ഫട്കെയെ നിര്‍ബന്ധിച്ചു. പിന്നീടങ്ങോട്ട് അക്ഷരാര്‍ത്ഥത്തില്‍ താണ്ഡവം ആയിരുന്നു. പൂനെയുടെ ഭരണം പോലും അദേഹം പിടിച്ചെടുത്തു. അദേഹത്തെ പിടിച്ചു കൊടുക്കുന്നവര്‍ക്ക് പാരിതോഷികം ബോംബെ ഗവര്‍ണര്‍ പ്രഖ്യാപിച്ചു. ആ ഗവര്‍ണറെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് അതിലും വലിയ പാരിതോഷികം ഫട്കെ പ്രഖ്യാപിച്ചു. കൊല്ലപ്പെടുത്തുന്ന ഓരോ ബ്രിട്ടീഷുകാരന്റെ തലക്കും അദ്ദേഹം ഇനാം കൊടുക്കുമെന്ന് പ്രഖ്യാപിച്ചു. മരണഭയത്താല്‍ ബ്രിടീഷുകാര്‍ വിറച്ചു. ഒരു പക്ഷെ അദേഹത്തിന്റെ ഈ ആഹ്വാനം നടത്താനും ആളുകള്‍ ശ്രമിച്ചേനേം അത്രക്കും വളര്‍ന്നിരുന്നു ജാതി മത വ്യത്യാസമില്ലാതെ അദ്ധേഹത്തിന്റെ ജനപിന്തുണ.
ആ ഋഷിതുല്യനിൽ പ്രചോദനം ഉള്‍ക്കൊണ്ടു രാജ്യത്തിന്‍റെ പല ഭാഗത്തും ചെറുപ്പകാര്‍ സംഘടിച്ചു ബ്രിടീഷുകാരെ ആക്രമിക്കാന്‍ തുടങ്ങി. എത്രയും പെട്ടെന്ന് അദ്ധേഹത്തെ പിടിക്കേണ്ടതുണ്ടെങ്കിലും നേരിട്ടു അതിനു കഴിയില്ല എന്ന് മനസിലാക്കിയ വിദേശി, എല്ലാ കഥകളിലും പോലെ ഒരു ചതിയനെ കണ്ടെത്തി.
1879 ജൂലൈ ഇരുപതിന് കര്‍ണാടകയിലെ ഒരു ഗ്രാമ ക്ഷേത്രത്തില്‍ വച്ച് ഒറ്റുകാരന്റെ സഹായത്തോടെ അദ്ധേഹത്തെ കീഴ്പെടുത്തി. അദേഹത്തിന്റെ പേര്‍സണല്‍ ഡയറിയും ആത്മകഥയും തന്നെ ഏറ്റവും വലിയ തെളിവായി സ്വീകരിച്ചു. ഏകാന്ത തടവു വിധിച്ചു യെമെനിലെ ജയിലിലേക്ക് അയച്ചു. 1883 ഫെബ്രുവരി 13-നു അദ്ദേഹം തടവു ചാടിയെങ്കിലും പിടിക്കപ്പെട്ടു. പിന്നീട് നിരാഹാരം തുടങ്ങി. മുന്‍പേ രോഗഗ്രസ്തനായിരുന്നതിനാല്‍ ഇതു പക്ഷേ അദ്ദേഹത്തിന് താങ്ങുമായിരുന്നില്ല 1883 ഫെബ്രുവരി 17-നു . അനേകം സമരാഗ്നികള്‍ കൊളുത്തിയ ആ ജ്വാല അണഞ്ഞു.
ആനന്ദമഠത്തിലെ പല രംഗങ്ങളും ഫട്കെയുടെ ജീവിതത്തിലെ യഥാര്‍ത്ഥസംഭവങ്ങള്‍ പകര്‍ത്തിയതും ആയിരുന്നതിലും കൂടിയാണ് ആ നോവല്‍ നിരോധിച്ചത്. ചരിത്രം പഠിപ്പിച്ചവര്‍ ബോധപൂര്‍വ്വം മാറ്റിനിര്‍ത്തിയ എത്രയോ മഹാരഥന്‍മാര്‍, വീണ്ടെടുത്തു പാടണം നമുക്കൊരോരോ വീരേതിഹാസങ്ങളും….
വന്ദേമാതരം….
Discussion about this post