ജന്മഭൂമിയാകുന്നു..
ദേശീയ താല്‍പ്പര്യങ്ങള്‍ ഏറ്റവും അവഗണിക്കപ്പെട്ട ഈയവസരത്തില്‍ ജനങ്ങളെ ശരിയായ ദേശീയ വീക്ഷണത്തില്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനുള്ള മാധ്യമം ഇല്ലാത്ത അവസ്ഥ ആയിരുന്നു. പത്രത്തിന്‍റെ പേര് എന്തായിരിക്കണം പത്രാധിപര്‍ ആരായിരിക്കണം എന്ന കാര്യങ്ങള്‍ ചര്‍ച്ചാവിഷയമായി. ‘വിളംബരം’ എന്ന പേര് കൈവശമുണ്ടായിരുന്നുവെങ്കിലും കുറേക്കൂടി മെച്ചമായ പേര് വേണമെന്ന് പലരും അഭിപ്രായപ്പെട്ടു. അങ്ങനെയിരിക്കെ തൃശൂരില്‍ ‘ജന്മഭൂമി’ എന്ന പേരില്‍ നടന്നുവന്ന മാസിക മുടങ്ങിക്കിടക്കുകയാണെന്ന വിവരം കിട്ടി. ശ്രീ. നവാബ് രാജേന്ദ്രനായിരുന്നു ഉടമ. അദ്ദേഹത്തില്‍ നിന്ന് അത് മാതൃകാ പ്രചരണാലയത്തിനു വേണ്ടി തൃശ്ശൂര്‍ രജിസ്റ്റര്‍ ഓഫീസില്‍ കരാര്‍ രജിസ്റ്ററ് ചെയ്തുവാങ്ങി. ശ്രീ. ദത്താത്രേയറാവുവാണ് കമ്പനി മാനേജിങ് ഡയറക്ടര്‍ എന്ന നിലയ്ക്ക് ഒപ്പിട്ടത്.
പത്രാധിപര്‍ ആരായിരിക്കണമെന്ന അന്വേഷണം കണ്ണൂരില്‍ താമസിച്ചിരുന്ന ശ്രീ.പി.വി.കെ. നെടുങ്ങാടിയിലെത്തി. കേരളത്തില്‍ സംഘപ്രവര്‍ത്തനമാരംഭിച്ച കാലത്ത് കൊച്ചിയില്‍ ‘പ്രതാപ്’ മാസിക അദ്ദേഹം നടത്തിയിരുന്നു. ‘ആര്‍എസ്എസ് എന്ത്?എന്തിന്?’ എന്ന പേരില്‍ അദ്ദേഹമെഴുതിയ ലഘുപുസ്തകമായിരിക്കും ഒരു പക്ഷേ, സംഘത്തെപ്പറ്റിയുള്ള ആദ്യ പ്രസിദ്ധീകരണം. ‘രാമസിംഹന്‍ മുതല്‍ ശബരിമലവരെ’ എന്ന അദ്ദേഹത്തിന്‍റെ പുസ്തകവും ശ്രദ്ധേയമായിരുന്നു. കണ്ണൂരില്‍ നിന്ന് പ്രസിദ്ധം ചെയ്ത ‘സാരഗ്രാഹി’, ‘ദേശമിത്രം’ എന്നീ പത്രങ്ങളുടെ ചുമതല അദ്ദേഹത്തിനായിരുന്നു. ‘ദേശമിത്രം’ വാരിക ഉത്തരകേരളത്തിലെ നൂറുകണക്കിന് യുവസാഹിത്യകാരന്‍മാരുടെ പഠനക്കളരിയായിരുന്നു. ‘സുദര്‍ശനം’ കണ്ണൂരിന്‍റെ തനിമയുള്ള സായാഹ്ന പത്രവും. ദേശീയതയോടുള്ള അദ്ദേഹത്തിന്‍റെ അചഞ്ചലമായ നിഷ്ഠയും സായാഹ്നപത്രം നടത്തി കൈവരിച്ച തഴക്കവും ശ്രീ നെടുങ്ങാടി തന്നെയാവണം പത്രാധിപര്‍ എന്ന് അഭിലഷിക്കാന്‍ പ്രേരണയായി.
(തുടരും)
Discussion about this post