ലണ്ടന്‍: ഭഗിനി നിവേദിതയുടെ പൂര്‍ണകായ പ്രതിമ വിംബിള്‍ഡണില്‍ നാളെ ഉയരും. പ്രവാസിയായ ശാരദ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ യുകെയില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റര്‍ നിവേദിത സെലിബ്രേഷന്‍സാണ് പ്രതിമ സ്ഥാപിക്കുന്നത്. നിവേദിതയുടെ സഹോദരന് റിച്ച്മണ്ട് നോബിളിന്റെ കൊച്ചുമകളായ സെലേന്ദ്ര മാര്‍ഗോട്ട് ഗിയാര്ഡിനെ പരിചയപ്പെട്ടാണ് ശാരദ ഈ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. സെലേന്ദ്ര ശാരദയുടെ ക്ഷണം സ്വീകരിച്ച് കൊല്‍ക്കത്തയിലെത്തിയിരുന്നു. ഡെവണ്‍ഷയറിലെ ഗ്രേറ്റ് ടോറിങ്ടണിലുള്ള നോബിള്‍ കുടുംബത്തിന്റെ സെമിത്തേരിയില്‍ നിവേദിതയുടെ അര്‍ധകായ പ്രതിമ സ്ഥാപിക്കുന്നതിനും നേതൃത്വം നല്‍കിയത് ശാരദ സര്‍ക്കാരാണ്.
ബിധാനഗര്‍ രാമകൃഷ്ണ കേന്ദ്രത്തിലെ ഡോ. ചഞ്ചല്‍ ഡേ, എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്മെന്റ് യൂണിവേഴ്സിറ്റി, ലോകമെമ്പാടുമുള്ള നൂറുകണക്കിന് നിവേദിത ആരാധകര്‍ എന്നിവരുടെ സഹായത്തോടെയാണ് പ്രതിമാ നിര്‍മാണം പൂര്‍ത്തിയാക്കിയത്. മുര്‍ഷിദാബാദ് സര്ഗാച്ചിയിലെ ആര്‍കെഎം സെന്റര്‍ സെക്രട്ടറി സ്വാമി വിശ്വമയാനന്ദയാണ് പ്രതിമയുടെ ശില്പി.
ഭഗിനി നിവേദിതയായി മാറും മുമ്പ് മാര്‍ഗരറ്റ് എലിസബത്ത് നോബിള്‍ വിംബിള്‍ഡണില്‍ സ്കൂള്‍ സ്ഥാപിച്ചിരുന്നു. സാഹിത്യ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായ സീസ്മെ ക്ലബിന്റെ സെക്രട്ടറിയായിരിക്കെ 1895ല്‍ ലണ്ടനില്‍ വച്ചാണ് മാര്‍ഗരറ്റ് നോബിള്‍ സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടുന്നത്. സ്വാമിജി വിംബിള്‍ഡണിലെ സ്കൂള്‍ സന്ദര്‍ശിച്ചിരുന്നു. ഈ ഓര്‍മ്മകള്‍ പങ്കുവച്ചാണ് നാളെ ഭഗിനി നിവേദിതയുടെ പ്രതിമ ഉയരുന്നതെന്ന് ഡോ. ചഞ്ചല്‍ ഡേ പറഞ്ഞു.
ഇടത്തരം കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്കായി ഓറിയന്റല്‍, ഓക്സിഡന്റല്‍ ശൈലികളില്‍ പഠിപ്പിക്കുന്ന ഒരു സ്കൂള്‍ സ്ഥാപിക്കാന്‍ വേണ്ടി സ്വാമിജി മാര്‍ഗരറ്റ് നോബിളിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയായിരുന്നു കാളിഘട്ട് ക്ഷേത്രത്തിലെ ദേവി കാളിയെക്കുറിച്ചുള്ള നിവേദിതയുടെ പ്രഭാഷണം അക്കാലത്ത് കൊല്‍ക്കത്തയിലെ ബുദ്ധിജീവികളെ ആകര്‍ഷിച്ചു, രവീന്ദ്രനാഥ ടാഗോര്‍, ജഗദീഷ് ചന്ദ്ര ബോസ്, ഭാര്യ അബല, ദിനേശ് ചന്ദ്ര സെന്‍ തുടങ്ങിയവരുമായി ചങ്ങാത്തത്തിലായ നിവേദിതയാണ് ജഗദീഷ് ചന്ദ്രബോസിന്റെ ആവശ്യപ്രകാരം ടാഗോറിന്റെ കാബൂളിവാല ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്.
Discussion about this post