നാഗ്പൂര്‍: ഭൗതികവും ആത്മീയവുമായ പുരോഗതിയുടെ പാതയില്‍ ഭാരതം ലോകത്തെ നയിക്കുമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ചന്ദ്രയാന്‍ ദൗത്യത്തില്‍ വിജയം വരിച്ച ഭാരതത്തിന്റെ ശാസ്ത്രലോകത്തിനും ഭാരത സര്‍ക്കാരിനും അഭിനന്ദനം. അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും ഈ നിമിഷങ്ങള്‍ സമ്മാനിച്ച ശാസ്ത്രലോകത്തിന്റെ നന്ദി പറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയ ആദ്യരാഷ്ട്രമാണ് ഭാരതം. ഇത് ഭാരതത്തിന് മാത്രമല്ല, ലോകത്തിലെ മുഴുവന്‍ മനുഷ്യരാശിക്കും അഭിമാനിക്കാവുന്ന മുഹൂര്‍ത്തമാണ്. ലോകത്തെയാകെ വാത്സല്യം കൊണ്ട് ചേര്‍ത്തുപിടിക്കുന്ന ‘വസുധൈവ കുടുംബകം’ എന്ന ദര്‍ശനത്തിലൂടെ ഭാരതം വഴികാട്ടുകയാണ്. ലോകത്തിനാകെ സമാധാനവും ഐശ്വര്യവും പ്രദാനം ചെയ്യുന്ന ഭാരതമായി നമ്മള്‍ മാറുന്നു.
ജ്ഞാന, വിജ്ഞാന മേഖലകളില്‍ നാം മുന്നേറും. നീലാകാശത്തിന്റെ രൂപത്തിന് പുതിയ ഭാവവും അര്‍ത്ഥവും നല്കാന്‍ നമുക്ക് കഴിയും. സുഖകാമനകളുടെ ലോകത്തിന് ത്യാഗത്തിന്റെ സന്ദേശം നല്കാന്‍ കഴിയും. അടിമത്തിന്റെ നിബിഡ മേഘങ്ങള്‍ വകഞ്ഞ് ആഹ്ലാദത്തിന്റെ മഴ പെയ്യിക്കും.
ഈ ലക്ഷ്യം സാക്ഷാത്കരിക്കാനാണ് രാജ്യം ആത്മവിശ്വാസത്തോടെ ഉണരുന്നത്. സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവ കാലത്ത് യഥാര്‍ത്ഥത്തില്‍ അമൃതം വര്‍ഷിക്കുന്ന നിമിഷത്തിന് സാക്ഷികളായ നമ്മള്‍ ഭാഗ്യമുള്ളവരാണ്. കടമ തിരിച്ചറിഞ്ഞ് ഉണരുകയും മുന്നോട്ട് പോകുയുമാണ് ഇനി വേണ്ടത്. അതിനുള്ള കരുത്തും കുശലതയും കാഴ്ചപ്പാടും നമുക്കുണ്ട്. ഈ വിജയദിനം അത് തെളിയിക്കുന്നു. ഒരിക്കല്‍ കൂടി എല്ലാവരെയും ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് അഭിനന്ദിക്കുന്നു, സര്‍സംഘചാലക് എക്‌സില്‍ കുറിച്ചു.
Discussion about this post