ന്യൂദല്‍ഹി: തീവ്ര ഇടതുപക്ഷത്തിന്റെ സ്വാധീനമുള്ള ജെഎന്‍യു (ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റി) കാമ്പസില്‍ ദേശദ്രോഹപരമായ ഉള്ളടക്കമുള്ള ചുമരെഴുത്തുകള്‍ കണ്ടെത്തി. ‘കാവി കത്തിക്കും’ എന്നര്‍ത്ഥം വരുന്ന ഹിന്ദി മുദ്രാവാക്യമായ ‘ഭഗ് വ ജലേഗ’ എന്ന മുദ്രാവാക്യവും ‘ഇന്ത്യന്‍ അധീന കശ്മീരിനെ സ്വതന്ത്രമാക്കൂ’ എന്ന മുദ്രാവാക്യവും ആണ് ചുമരില്‍ എഴുതിരിയിരിക്കുന്നത്.
ജെഎന്‍ യു കാമ്പസിന്റെ സ്കൂള്‍ ഓഫ് ലാംഗ്വേജിന്റെ ചുമരിലാണ് ആദ്യമായി ഈ മുദ്രാവാക്യം കണ്ടത്. എന്‍ആര്‍സി(ദേശീയ പൗരത്വ രജിസ്റ്റര്‍), സിഎഎ (പൗരത്വ ഭേദഗതി നിയമം) എന്നി വാക്കുകള്‍ മനസ്സിലാവുന്ന തരത്തില്‍ മാച്ചുകളഞ്ഞതിന് ശേഷമാണ് പുതിയ മുദ്രാവാക്യങ്ങള്‍ എഴുതിയിരിക്കുന്നത്.
ഈ ഘട്ടത്തില്‍ ആരാണ് ഈ മുദ്രാവാക്യങ്ങള്‍ എഴുതിയതെന്നതിനെക്കുറിച്ച് അധികൃതര്‍ക്ക് വ്യക്തതയില്ല. ഏതെങ്കിലും വ്യക്തിയോ സംഘടനകളോ ഈ വിവാദ മുദ്രാവാക്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്നോട്ട് വന്നിട്ടില്ല. ഇത് സംബന്ധിച്ച് ജെഎന്‍യു അധികൃതരും ഒരു പ്രസ്താവനയും ഇറക്കിയിട്ടില്ല. കാമ്പസില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യം എബിവിപി നേതാക്കള്‍ വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ്.
ജെഎന്‍യു കാമ്പസിനെ സംബന്ധിച്ചിടത്തോളം ഇത്തരം വിവാദ മുദ്രാവാക്യങ്ങള്‍ ചുമരിലെഴുതുന്നത് പുത്തരിയല്ല. 2022ല്‍ ബ്രാഹ്മണ വിരുദ്ധ ചുമരെഴുത്തുകള്‍ ധാരാളമായി പ്രത്യക്ഷപ്പെട്ടിരുന്നു. ബ്രാഹ്മണര്‍ കാമ്പസ് വിടുന്നു, ശാഖകളിലേക്ക് മടങ്ങിപ്പോകൂ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് എഴുതപ്പെട്ടിരുന്നത്. ജെഎന്‍യുവിനെ ബാധിച്ച പ്രകോപനപരമായ പ്രവര്‍ത്തനങ്ങളുടെ സ്വഭാവമാണ് ഈ സംഭവങ്ങള്‍ അടിവരയിട്ട് പറയുന്നത്. കാമ്പസിനകത്ത് അക്കാദമിക മൂല്യങ്ങളുടെയും അന്തസ്സിന്റെയും ചോര്‍ന്നുപോകുന്നത് ആശങ്ക ഉളവാക്കുന്ന ഒന്നാണ്.
വിവാദ ചുമരെഴുത്ത് സംബന്ധിച്ച് ജെഎന്‍യു അധികൃതര്‍ക്ക് കത്ത് നല്‍കുമെന്ന് എബിവിപി സെക്രട്ടറി വികാസ് പട്ടേല്‍ പറയുന്നു. “കാമ്പസിനകത്ത് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് നിരന്തരമായി ആവശ്യപ്പെടുന്നതാണ്. എന്നാല്‍ ഇടത് സംഘടനകളില്‍ നിന്നുള്ള എതിര്‍പ്പ് കാരണം അതൊന്നും ഇതുവരെ നടന്നിട്ടില്ല. ഇനി സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചേ മതിയാവൂ. എങ്കിലെ ഇത്തരം ദേശദ്രോഹപ്രവര്‍ത്തനങ്ങള്‍ തടയാനാവൂ.”- വികാസ് പട്ടേല്‍ പറയുന്നു.
Discussion about this post