കൊച്ചി : കേരളത്തിലെ ജനങ്ങള്‍ വളരെ ആവേശം ഉളവാക്കുന്നവരാണ് ഓരോ തവണ ഇവിടെ എത്തുമ്പോഴും അതനുഭവിച്ചറിയാന്‍ സാധിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മറൈന്‍ഡ്രൈവില്‍ ബിജെപി ശക്തികേന്ദ്രയോഗത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ബിജെപി പ്രവര്‍ത്തകരുടെ കഴിവ് വളരെ വലുതാണ്. ഇത്തരത്തില്‍ വലിയ സമ്മേളനം സംഘടിപ്പിക്കാന്‍ സാധിച്ചതില്‍ നിന്നും നിന്ന് തന്നെ അത് വ്യക്തമാകുന്നുണ്ട്. ബിജെപി എല്ലാവരുടേയും പാര്‍ട്ടിയാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ വേളയില്‍ പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ ജീവനാഡി. പല വീപരീത സാഹചര്യങ്ങളിലും പാര്‍ട്ടി പതാക പാറിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്.
തന്റെ ജീവിതത്തിലെ വലിയ സമയം ഞാന്‍ ചെലവഴിച്ചിട്ടുള്ളത് സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കായാണ്. അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇത്തരത്തില്‍ വലിയ സമ്മേളനം നടത്തണമെങ്കില്‍ ശക്തമായ ഒരു സംഘടനയ്്ക്ക് മാത്രമേ അത് സാധിക്കൂ. കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന സ്ത്രീശക്തി സമ്മേളനം താന്‍ കണ്ടതാണ്. കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ എത്രമാത്രം പരിശ്രമിക്കുന്നവരാണെന്ന് ഇതിലൂടെ തനിക്ക് മനസ്സിലായി.
പാവങ്ങളുടെ ക്ഷേമത്തിനാണ് ബിജെപി പ്രാധാന്യം നല്‍കുന്നത്. കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാര്‍ ഭരണത്തില്‍ 25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്നും മുക്തി നേടി. ബിജെപി പ്രവര്‍ത്തകരെല്ലാം നമോ അപ്പ് ഉപയോഗിക്കണം. കേന്ദ്ര സര്‍ക്കാര്‍ നേട്ടങ്ങള്‍ നമോ ആപ്പിലൂടെ പ്രചരിപ്പിച്ച് ജനങ്ങളിലേക്ക് എത്തിക്കണം. ഇടത്- വലത് സര്‍ക്കാരുകളുടെ ചരിത്രം അഴിമതിയുടേതാണ്. കേരളം ജയിക്കാന്‍ പ്രവര്‍ത്തകര്‍ ബൂത്ത് തലത്തില്‍ ജയിക്കണം. അക്രമങ്ങളെ അതിജീവിച്ച് പാര്‍ട്ടിക്കായി പ്രയത്‌നിച്ച ഓരോരുത്തരേയും താന്‍ വണങ്ങുകയാണ്.
രാജ്യത്തിന്റെ വികസനത്തിനായി ബിജെപിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. വോട്ടര്‍ പട്ടികയില്‍ നിന്ന് ആരും ഒഴിവാക്കപ്പെട്ടിട്ടില്ലെന്ന് ഉറപ്പ് വരുത്തണം. അയോധ്യാ പ്രാണപ്രതിഷ്ഠാ ചടങ്ങുകളെ നമുക്ക് വരവേല്‍ക്കാം. ഒരുമാസക്കാലം രാമായണ മാസം ആചരിക്കുന്നവരാണ് കേരളത്തിലെ ജനങ്ങള്‍. പ്രാണപ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളെല്ലാം ശുചിയാക്കണം. പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും വിളക്ക് തെളിയിച്ച് അതിന്റെ ഭാഗമാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
Discussion about this post