കൊച്ചി: താന്ത്രിക പ്രതിഷ്ഠയുടെ നിഗൂഢ വശങ്ങൾ അറിയുന്ന ആൾക്കറിയാം ഏതു തലത്തിൽ നിന്നാണ് പ്രാണ ചൈതന്യം പകരുന്നതെന്ന് . പ്രത്യക്ഷത്തിൽ അറിയാൻ സാധിക്കില്ല. അത് പ്രകൃതിയിൽ നിറഞ്ഞിരിക്കുകയാണ്. ഏതു ചോദ്യത്തിനും ശാസ്ത്രീയമായി ഉത്തരം പറയാൻ കഴിയുന്ന മാധവജിക്ക് അതെല്ലാം അറിയാമായിരുന്നെന്ന് സ്വാമി പൂർണ്ണാമൃതാനന്ദപുരി പറഞ്ഞു. കുരുക്ഷേത്ര പ്രകാശന്റെ ആഭിമുഖ്യത്തിൽ എറണാകുളം ശേഷാദ്രി റോഡിൽ സഹോദര സൗധത്തിൽ പി. മാധവ്ജി അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അമൃതാനന്ദമയി മഠം സെക്രട്ടറി സ്വാമി പൂർണ്ണാമൃതാനന്ദപുരി.
തന്ത്ര വിദ്യാപീഠം, കേരള ക്ഷേത്രസംരക്ഷണ സമിതി എന്നിവയുടെ സ്ഥാപകനും തന്ത്ര വിദ്യയിൽ പണ്ഡിതനുമായിരുന്ന പി.മാധവ്ജിയുടെ ” ആത്മചൈതന്യ രഹസ്യം” , ” രാഷ്ട്ര ചൈതന്യ രഹസ്യം “, അനുസ്മരണ ലേഖനങ്ങടങ്ങുന്ന ” മാധവ ചൈതന്യം ” എന്നീ ഗ്രന്ഥങ്ങളുടെ പ്രകാശന കർമ്മവും നിർവ്വഹിച്ചു. മഹാത്മാക്കൾക്ക് മരണമില്ല. അവർ കാല ശേഷമാണ് ജീവിക്കുന്നത് . അതുകൊണ്ടാണ് മാധവ് ജി ജനമനസ്സുകളിൽ ഇന്നും ജീവിക്കുന്നതെന്ന്. മുൻ മിസ്സോറാം ഗവർണർ കുമ്മനം രാജശേഖരൻ പറഞ്ഞു
കേരള ധർമ്മാചാര്യ സഭ നിർവ്വാഹക സമിതി അംഗം പറവൂർ ജ്യോതിസ്, ആർ. എസ്.എസ് ദക്ഷിണ പ്രാന്ത പ്രചാരക് എസ്.സുദർശൻ, ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ.വി.ബാബു, സംഘ പ്രചാരക് വി.എൻ. ദിലീപ് കുമാർ, എന്നിവർ സംസാരിച്ചു.
കുരുക്ഷേത്ര പ്രകാശൻ എം.ഡി. കാ. ഭാ . സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചീഫ് എഡിറ്റർ ജി. അമൃത രാജ് സ്വാഗതവും , ഡയറക്ടർ ബി. വിദ്യാസാഗരൻ പുസ്തക പരിചയവും, ഡയറക്ടർ കെ.ആർ. ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.
Discussion about this post