ന്യൂദല്‍ഹി: വികസിത ഭാരതം മയക്കുമരുന്നില്‍നിന്നും തീവ്രവാദത്തില്‍ നിന്നും സമ്പൂര്‍ണമുക്തമായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യന്‍ പോലീസ് സര്‍വീസിന്റെ (ഐപിഎസ്) 2023 ബാച്ചിലെ പ്രൊബേഷണര്‍മാരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.2047ല്‍ രാജ്യം വികസിത ഭാരതമാകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് ലഹരി വിമുക്ത, ഭീകര വിമുക്ത രാഷ്ട്രനിര്‍മിക്കുള്ള ആഹ്വാനമാണെന്ന് അമിത് ഷാ പറഞ്ഞു. ആഭ്യന്തര സുരക്ഷയും പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും ഉറപ്പാക്കും. ഐപിഎസുകാരായി ഉയരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാദിത്തങ്ങള്‍ കൂടുതലുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
രാജ്യം പുരോഗമിക്കുകയും പുതുമ ആര്‍ജിക്കുകയുമാണ്. സൈന്യത്തെയും രാജ്യാതിര്‍ത്തിയെയും അപമാനിക്കാന്‍ ഇപ്പോള്‍ ആര്‍ക്കും ധൈര്യമില്ലെന്ന് ആഭ്യന്തരമന്ത്രി എന്ന നിലയില്‍ ഞാന്‍ ഉറപ്പിച്ച് പറയുന്നു. നേരത്തെ ജമ്മു കശ്മീര്‍, വടക്കുകിഴക്കന്‍, ഇടതുഭീകര ബാധിത പ്രദേശങ്ങള്‍ എന്നിങ്ങനെ മൂന്ന് വ്രണങ്ങളാണ് നാടിനെ നോവിച്ചത്. എന്നാല്‍ ഇപ്പോള്‍ അക്രമം കുറയ്ക്കുന്നതില്‍ നമ്മള്‍ വിജയിച്ചു. ഈ മൂന്ന് കേന്ദ്രങ്ങളിലും 70 ശതമാനം. ഹാട്ട്സ്പോട്ടുകളിലും സൈന്യത്തിന് സമ്പൂര്‍ണ ആധിപത്യമുണ്ട്.
ജനാധിപത്യ പ്രക്രിയയിലൂടെ മാറ്റത്തിനായുള്ള ദാഹവും ആഗ്രഹവും അടിത്തട്ട് വരെ എത്തിയിട്ടുണ്ട്.
പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ പോലീസ് സംവിധാനം മുന്നോട്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, രാജ്യത്തിനുള്ളില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ പരമാവധി കുറയ്ക്കാന്‍ പോലീസ് സംവിധാനം ജാഗ്രത പുലര്‍ത്തണം. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ പൗരന് നീതി നല്‍കുക എന്നത് ലക്ഷ്യമാകണമെന്നും അദ്ദേഹം പറഞ്ഞു.ഐപിഎസ് 2023 ബാച്ചില്‍, 54 വനിതകളടക്കം 188 ഓഫീസര്‍ ട്രെയിനികള്‍ ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കി. ദല്‍ഹിയിലെ വിവിധ കേന്ദ്ര സായുധ പോലീസ് സേനകളുമായും (സിഎപിഎഫ്) സെന്‍ട്രല്‍ പോലീസ് ഓര്‍ഗനൈസേഷനുകളുമായും (സിപിഒ) ചേര്‍ന്ന് രണ്ടാഴ്ചത്തെ പരിശീലനത്തിന് ശേഷം, അതത് കേഡറുകളില്‍ 29 ആഴ്ചത്തെ ജില്ലാ പ്രായോഗിക പരിശീലനത്തിന് ഇവര്‍ ചേരും.
Discussion about this post