കൊച്ചി: യശസ്വിയും ജയസ്വിയുമായ ഏകാത്മകതയുടെ സത്യമാണ് ഭാരതത്തിൻ്റെ കരുത്തെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . ലോകത്തിന് പരമമായ ശാന്തി നല്കുന്ന ഹിന്ദുജീവിത രീതിയാണ് പ്രശ്നങ്ങളുടെ ഉപായമെന്ന് അദ്ദേഹം പറഞ്ഞു. വടയമ്പാടി പരമഭട്ടാര കേന്ദ്രവിദ്യാലയത്തിൽ ആർഎസ്എസ് ദക്ഷിണ കേരള പ്രാന്ത വിദ്യാർത്ഥി കാര്യകർത്താ സാംഘിക്കിൽ സംസാരിക്കുകയായിരുന്നു സർസംഘചാലക്.
സമ്പൂർണ ഹിന്ദുസമാജത്തെ സംഘടിപ്പിച്ച്, ധർമ്മസംരക്ഷണത്തിലൂടെ ലോകത്തിന് സഫലവും സുഫലവുമായ പരിഹാരം നല്കുകയാണ് സംഘം ചെയ്യുന്നത്. അവതാരങ്ങൾ വന്നത് കൊണ്ട് മാത്രം കാര്യങ്ങൾ നടക്കില്ല. അവനവനെ രക്ഷിക്കാത്തവരെ ദൈവവും രക്ഷിക്കാനുണ്ടാവില്ല എന്ന് പറയാറുണ്ട്. നമ്മൾ ഭാരതത്തിൻ്റെ പുത്രരാണ്. കോടിക്കണക്കിന് മക്കളുണ്ടായിട്ടും അമ്മ അബലയാകുന്നെങ്കിൽ പിന്നെ നമ്മുടെ കടമയെന്താണ് ? ഈ കടമ നിർവഹിക്കാൻ ശക്തി വേണം, ശക്തി ഫലവത്താകാൻ ശീലവും ജ്ഞാനവും വേണം. ഉറച്ച വീരവ്രതവും ഏത് പരിതസ്ഥിതിയിലും ഇളകാത്ത ലക്ഷ്യബോധവും വേണം. ഇത്തരം മനുഷ്യ നിർമ്മാണം മാത്രമാണ് സംഘത്തിൻ്റെ പ്രവർത്തനമെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തുണ്ടായ എല്ലാ ആശയങ്ങളും സുഖമാണ് വാഗ്ദാനം ചെയ്തത്. ഭൗതികവാദവും ജഡവാദവും സമ്പ്രദായങ്ങളുമെല്ലാം സുഖത്തിന് വേണ്ടി പ്രവർത്തിച്ചു. വിജ്ഞാനം സൗകര്യങ്ങൾ വർധിപ്പിച്ചു. എന്നാൽ സന്തോഷം ലഭിച്ചില്ല. ഭാരതത്തിലും സമരങ്ങൾ നടക്കുന്നു. കർഷകരും ഉപഭോക്താക്കളും തൊഴിലാളികളും ഭരണകക്ഷിയിലെയും പ്രതിപക്ഷത്തെയും പാർട്ടികളുമൊക്കെ സമരം ചെയ്യുന്നു. യുദ്ധവും പരിസ്ഥിതി നാശവും നടക്കുന്നു. പ്രശ്നങ്ങൾ നിരവധിയാണ്. ഇതിനെല്ലാമുള്ള പരിഹാരം ഭാരതത്തിലുണ്ട്.
വേര് മറന്ന് ഫലം തേടിപ്പോയതാണ് പടിഞ്ഞാറിൻ്റെ പരാജയമെന്ന് അവിടെ നിന്നെത്തിയ ഒരു ന്യൂറോളജിസ്റ്റ് പറഞ്ഞു. നമ്മൾ വേരിനെ പരിപാലിച്ചു. എന്നാൽ ഫലം കാംക്ഷിച്ചില്ല. നമുക്കിത് രണ്ടും വേണം. എല്ലാവരെയും ചേർത്ത് പിടിക്കുന്നതാണ് ഭാരതീയ ദർശനം. സമാജത്തെയും വൃക്തിയെയും സൃഷ്ടിയെയും സംയോജിപ്പിച്ച് പരമേഷ്ടിയിലേക്കുള്ള യാത്രയാണത്. മനസ്, ബുദ്ധി, ശരീരം എന്നിവയെ സമന്വയിപ്പിച്ച് ആത്മമോക്ഷത്തിലേക്കുള്ള പാതയാണത് , സർസംഘചാലക് പറഞ്ഞു.
ഭാരതം സബലരാഷ്ട്രമാകുന്നത് ഈ ലോകത്തിന് വേണ്ടിയാണ്. വിവിധതകളെ ചേർത്തു പിടിക്കുന്ന സാംസ്കാരിക ഏകതയാണ് നമ്മുടെ സവിശേഷത. കാശിയിൽ നിന്നുള്ള ഗംഗാജലം രാമേശ്വരത്ത് സമർപ്പിക്കുന്നവരുടെ നാടാണിത്. കാലടിയിൽ ജനിച്ച ശങ്കരൻ രാജ്യത്തിൻ്റെ നാല് അതിരുകളിലും മഠങ്ങൾ സ്ഥാപിച്ച് പ്രഖ്യാപിച്ചത് ഈ ഏകാത്മതയാണെന്ന് മോഹൻ ഭാഗവത് ചൂണ്ടിക്കാട്ടി.
ആർ എസ് എസ് ദക്ഷിണ ക്ഷേത്ര സംഘചാലക് ഡോ. ആർ. വന്നിയ രാജൻ, ദക്ഷിണ കേരള പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ്. രമേശൻ എന്നിവർ സന്നിഹിതരായിരുന്നു. സർസംഘചാലകൻ്റെ പ്രഭാഷണം പ്രാന്ത സഹ കാര്യവാഹ് കെ.ബി. ശ്രീകുമാർ തർജമ ചെയ്തു. പ്രാന്ത കാര്യവാഹ് ടി. വി. പ്രസാദ് ബാബു സ്വാഗതം പറഞ്ഞു.
നാളെ ആമേടയിൽ ചേരുന്ന സംഘടനാ കാര്യക്രമങ്ങളിൽ പങ്കെടുത്തതിന് ശേഷം 21 ന് രാവിലെ സർസംഘചാലക് മടങ്ങും.
Discussion about this post