നാഗ്പൂര്‍: ഭാരതത്തിന്റെ വളര്‍ച്ചയെ ഭയക്കുന്നവരാണ് തീരുവകള്‍ക്ക് പിന്നാലെ നിങ്ങുന്നതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. നാഗ്പൂരില്‍ ബ്രഹ്‌മകുമാരീസ് വിശ്വശാന്തി സരോവറിന്റെ ഏഴാം സ്ഥാപക ദിനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
ഭാരതം ശക്തിയാര്‍ജിച്ചാല്‍ തങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്നാണ് ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ചിന്തിക്കുന്നത്. ചില രാജ്യങ്ങള്‍ നമ്മുടെ പുരോഗതിയെ ഭയക്കുന്നു. അതുകൊണ്ടാണ് അവര്‍ തീരുവ ചുമത്തി സാമ്പത്തിക സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. എന്തിനാണ് ഇത് ചെയ്യുന്നത്. നമ്മള്‍ ഒന്നും ചെയ്തിട്ടില്ല. അവരാണെങ്കില്‍ എഴ് കടലിനും അക്കരെയാണ്. എന്നിട്ടും നമ്മുടെ വളര്‍ച്ചയെ ഭയപ്പെടുകയാണ്. എല്ലാം എനിക്ക് വേണം എന്ന സ്വാര്‍ത്ഥ ചിന്തകളുടെ ഫലമാണ് ഇത്തരം പ്രശ്‌നങ്ങള്‍, സര്‍സംഘചാലക് പറഞ്ഞു.
വ്യക്തികള്‍ രാജ്യങ്ങള്‍ വരെ ഏറ്റുമുട്ടുന്നതിന് പിന്നില്‍ ഈ സ്വാര്‍ത്ഥമാണ്. എല്ലാം എല്ലാവരുടേതുമാണ് എന്ന മമതാബന്ധംകൊണ്ടേ ഇതിനെ മറികടക്കാനാകൂ. വിശ്വമാകെ സ്വന്തമെന്നതാണ് ഭാരതത്തിന്റെ ദര്‍ശനം. അതുകൊണ്ടാണ് ഭാരതം ലോകക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നത്. ഐക്യവും പരസ്പര സഹകരണവുമാണ് ലോകസമാധാനത്തിനുള്ള ഏക പരിഹാരം. ഞാനും എന്റേതും നമ്മളും നമ്മുടേതും എന്ന ഭാവം വളര്‍ന്നാല്‍ പ്രശ്‌നങ്ങള്‍ അവസാനിക്കും. മോഹന്‍ ഭാഗവത് പറഞ്ഞു.
നമ്മുടെയുള്ളില്‍ ശത്രുതയില്ലെങ്കില്‍, പുറത്തുനിന്നുള്ള ഒരാള്‍ക്കും നമ്മളെ എതിര്‍ക്കാനാവില്ല. പണ്ടൊക്കെ എല്ലാ പാമ്പുകളെയും മനുഷ്യര്‍ക്ക് ഭയമായിരുന്നു. പിന്നീട് എല്ലാ പാമ്പുകളും വിഷമുള്ളവയല്ലെന്ന് നമുക്ക് മനസ്സിലായി. അതുകൊണ്ട് അവയെ വെറുതെ വിടുന്നു. അറിവാണ് അനുകമ്പ സൃഷ്ടിക്കുന്നത്. അറിവാണ് ഭയത്തെയും വിവേചനത്തെയും അകറ്റുന്നത്. മനുഷ്യരും രാജ്യങ്ങളും സ്വത്വം തിരിച്ചറിഞ്ഞില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കില്ല.
ഭാരതം മഹത്തായ രാഷ്ട്രമാണ്. കൂടുതല്‍ മുന്നേറാന്‍ നമ്മള്‍ ആഗ്രഹിക്കുന്നു. ഭാരതത്തെ വിശ്വഗുരുവായികാണുക എന്ന മഹത്തായ ലക്ഷ്യത്തിന് വേണ്ടിയാണ് ബ്രഹ്‌മകുമാരിമാരടക്കം നിരവധി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ ലക്ഷ്യത്തിന് വേണ്ടി എല്ലാവരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്, മോഹന്‍ ഭാഗവത് പറഞ്ഞു.
ബ്രഹ്‌മകുമാരീസ് ജോയിന്റ് ചീഫ് സന്തോഷ് ദീദി, അഡീഷണല്‍ സെക്രട്ടറി ജനറല്‍ ഡോ. മൃത്യുഞ്ജയ, ശാരദ ദീദി, ഉഷ ദീദി ജി, രജനി ബെഹെന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.









Discussion about this post