നവരാത്രിയുടെ ആറാം ദിവസമായ ഇന്ന് ആരാധിക്കേണ്ടത് പരാശക്തിയുടെ ആവിഷ്‌കാരമായ കാര്‍ത്യായനി ദേവിയെയാണ്. വാമന പുരാണത്തിലാണ് ദേവിയുടെ ആവിര്‍ഭാവത്തെപ്പറ്റി പറയുന്നത്. ബ്രഹ്‌മാ വിഷ്ണു മഹേശ്വരന്‍മാരുടെ ക്രോധത്തില്‍ നിന്നുണ്ടായ കിരണങ്ങള്‍ ഒന്നിക്കുകയും തുടര്‍ന്ന് കാര്‍ത്യായനി മഹര്‍ഷിയുടെ ആശ്രമത്തില്‍ സ്ത്രീരൂപത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്ത ദേവതയാണ് കാര്‍ത്യായനി. മഹിഷാസുരനെ വധിക്കണമെങ്കില്‍ സര്‍വ്വശക്തയായ സ്ത്രീക്ക് മാത്രമെ സാധിക്കുകയുള്ളൂ എന്ന് മനസ്സിലാക്കിയ ത്രിമൂര്‍ത്തികളുടെ ക്രോധാഗ്നിയില്‍ നിന്നാണ് കാര്‍ത്യായനി ദേവി ആവിര്‍ഭവിച്ചത്. മഹിഷാസുരനെ വധിച്ച ദേവി പിന്നീട് അറിയപ്പെട്ടത് മഹിഷാസുര മര്‍ദ്ദിനി എന്നാണ്.
ശ്രീമദ് ഭാഗവതപുരാണത്തിലെ ദശമസ്‌കന്ധത്തില്‍ ഗോപകന്യകമാര്‍ ധനുമാസത്തില്‍ കാര്‍ത്യായനി വ്രതമനുഷ്ഠിച്ച് യമുനാനദിക്കരയില്‍ മണ്ണുകൊണ്ട് ദേവിവിഗ്രഹമുണ്ടാക്കി പ്രാര്‍ത്ഥിച്ചതായി പറയുന്നുണ്ട്. അവര്‍ ആ സന്ദര്‍ഭത്തില്‍ പ്രാര്‍ത്ഥിച്ച ശ്ലോകം ഇതായിരുന്നു.
കാര്‍ത്യായനി! മഹാമായേ
മഹായോഗിന്യധീശ്വരി!
നന്ദഗോപസുതം ദേവി!
പതിം മേ കുരുതേ നമ!
(ഭാഗ 10-22-4)
നാല് കൈകളോടുകൂടിയ ദേവി വാളും താമരയും രണ്ടു കൈകളില്‍ ധരിച്ചിരിക്കുന്നു. മറ്റ് രണ്ടു കൈകള്‍ കൊണ്ട് വരദമുദ്രയും അഭയമുദ്രയും കാണിച്ചിരിക്കുന്നു. സിംഹാരൂഢയായ ദേവിയുടെ മുഖത്ത് ഭക്തന്മാരോടുള്ള വാത്സല്യഭാവവും ദുഷ്ടന്മാരോടുള്ള ക്രോധഭാവവും സന്ദര്‍ഭാനുസരണം പ്രകടമാകുന്നു.
ദേവീഭാഗവതത്തിലെ പഞ്ചമസ്‌കന്ധത്തില്‍ മഹിഷാസുര മര്‍ദ്ദിനിക്ക് പതിനെട്ട് കൈകളുണ്ടെന്ന് പറയുന്നു. വിജയദശമി ദിവസമാണ് മഹിഷാസുരവധം നടന്നതെന്ന വസ്തുത വിശ്വസിക്കാമെങ്കില്‍ കാര്‍ത്യായനി ദേവിയും മഹിഷാസുരമര്‍ദ്ദിനിയും ഒന്നുതന്നെ.
Discussion about this post