ലോകം കണ്ട എക്കാലത്തെയും ഉജ്ജ്വല പ്രതിഭാശാലികളിൽ ഒരാളായിരുന്നു മഹർഷി അരവിന്ദൻ. 1972 ആഗസ്റ്റ് 15 ന് ജനിച്ച അദ്ദേഹം 78-ാം വയസ്സിൽ 1950 ഡിസംബർ 5- നാണ് സമാധിയായത്. അതു കഴിഞ്ഞ് ഇപ്പോൾ 75 വർഷം പൂർത്തിയാകുന്നു. ഭാവിയുടെ പ്രവാചകൻ എന്ന് വിശേഷിപ്പിക്കപ്പെട്ട അദ്ദേഹത്തിൻ്റെ, ഭാരതവുമായി ബന്ധപ്പെട്ട പല പ്രവചനങ്ങളും യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്.
ഭാരതാംബ എന്ന സങ്കല്പം ഇപ്പോൾ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നത് കാണാം. സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ഈ ആശയം സുവ്യക്തമായി അദ്ദേഹം അവതരിപ്പിച്ചിരുന്നു. മറ്റുള്ളവർ രാജ്യത്തെ മലകളും നദികളുമുള്ള ഭൂപ്രദേശമായി കാണുമ്പോൾ, താൻ രാജ്യത്തെ അമ്മയായി കാണുകയും പൂജിക്കുകയുമാണ് ചെയ്യുന്നതെന്ന് അദ്ദേഹം എഴുതി. മാത്രമല്ല ബങ്കിം ചന്ദ്രചാറ്റർജി രചിച്ച വന്ദേ മാതര ഗാനത്തെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി പ്രചരിപ്പിച്ചു. 1905 ൽ ബംഗാൾ വിഭജനം നടന്നപ്പോൾ, വന്ദേമാതര പ്രക്ഷോഭം എന്ന പേരിൽ അതിനെതിരെയുള്ള സമരത്തിന് നേതൃത്വം നൽകിയ പ്രമുഖ വ്യക്തികളിൽ ഒരാൾ അരവിന്ദഘോഷായിരുന്നു.
പ്രസിദ്ധമായ ഉത്തരപ്പാറ പ്രസംഗത്തിൽ ഭാരതമെന്ന ഹിന്ദു രാഷ്ട്രത്തിൻ്റെ ദേശീയത സനാതനധർമ്മമാണെന്ന് അദ്ദേഹം അടിവരയിട്ടു പ്രഖ്യാപിച്ചു. നവീന ഭാരതം ഉയർത്തെഴുന്നേൽക്കുന്നത് തിരിച്ചറിഞ്ഞുവെന്നു മാത്രമല്ല ഭാരതത്തിനു സ്വാതന്ത്ര്യം ലഭിക്കുമെന്ന് ദശാബ്ദങ്ങൾക്കു മുമ്പുതന്നെ പ്രഖ്യാപിച്ചു. ഭാരതം ഉണരുന്നത് ലോകരാജ്യങ്ങൾക്കിടയിൽ അതിൻ്റെ ധർമ്മം നിർവ്വഹിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
1947 ആഗസ്റ്റ് 15 ന് ഭാരതത്തിൻ്റെ സ്വാതന്ത്ര്യ ദിനത്തിൽ ആകാശവാണിയിലൂടെ മഹർഷി അരവിന്ദൻ നൽകിയ സന്ദേശം ഒരു സുപ്രധാന ചരിത്രരേഖയാണ്. ഭാരതം ഏത് ദിശയിലൂടെ മുന്നോട്ടുപോകണമെന്ന് അദ്ദേഹം ആ സന്ദേശത്തിൽ വ്യക്തമായി സൂചിപ്പിച്ചിരുന്നു.
മഹർഷി അരവിന്ദൻ ഭാരതത്തെ കുറിച്ചു പറഞ്ഞ പല ആശയങ്ങളും യാഥാർത്ഥ്യമാക്കിയത് രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ സ്ഥാപകനായ ഡോ. ഹെഡ്ഗേവാറാണ്. ഭാരതത്തെ അമ്മയായി കാണാനും അമ്മയ്ക്കു വേണ്ടി രാഷ്ട്രാനുകൂലവും ത്യാഗപൂർണ്ണവുമായ ജീവിതം നയിക്കാനും വ്യക്തികളെ തയ്യാറാക്കുന്ന ഒരു പ്രവർത്തന പദ്ധതിക്ക് അദ്ദേഹം രൂപം കൊടുത്തു. സംഘത്തിന് 100 വർഷം പൂർത്തിയാകുന്ന ഈ വേളയിൽ ഭാരതം ലോകത്തിൻ്റെ മുന്നിൽ ഒരു വലിയ ശക്തിയായി വളർന്നുവരികയാണ്. 100 വർഷത്തെ സംഘതപസ്സിൻ്റെ ഫലമാണിത്. മറ്റു രാജ്യങ്ങളിൽ ജെൻ സി പ്രക്ഷോഭങ്ങൾ നടക്കുമ്പോൾ ഭാരതത്തിൽ അത്തരത്തിൽ ഉണ്ടാകാത്തത് പുതിയ തലമുറയുടെ മുന്നിൽ വ്യക്തമായ ലക്ഷ്യവും മാർഗ്ഗവും ഉള്ളതുകൊണ്ടാണ്. അരവിന്ദ മഹർഷി മുന്നോട്ടു വെച്ച ആശയങ്ങൾ ഭാവിയിലും ഭാരതത്തിൻ്റെ മുന്നിൽ മാർഗ്ഗദീപമായി ഉണ്ടാകുമെന്ന കാര്യം തീർച്ചയാണ്. യുവ തലമുറ അരവിന്ദ സാഹിത്യത്തെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തുന്നത് ഇന്നത്തെ സാഹചര്യത്തിൽ തികച്ചും ഉചിതമായ കാര്യമാണ്.



















Discussion about this post