ന്യൂദല്‍ഹി: രാജ്യമൊട്ടാകെ സ്വദേശി മുന്നേറ്റത്തിന് പിന്തുണയേറുന്നു. മേം ഭി സ്വദേശി സമര്‍ഥക് (ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു) എന്നപേരില്‍ ദേശവ്യാപകമായി സ്വദേശി ജാഗരണ്‍ മഞ്ച് ആരംഭിച്ച കാമ്പയിനില്‍ നൂറ് കണക്കിന് യുവാക്കളാണ് അണിചേരുന്നത്. മധുരയില്‍ സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ ആര്‍. സുന്ദരം കാമ്പയിന് തുടക്കം കുറിച്ചു. രാഷ്ട്രപുരോഗതി സ്വദേശിയിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.
ഓരോ വ്യക്തിയും സ്വദേശി സമര്‍ഥകരാകണം. ലോക വേദിയില്‍ ഭാരതം അതിന്റെ മുന്നേറ്റം പ്രകടമാക്കിയത് സ്വദേശിയിലൂടെയാണ്. വിദേശ ആശയങ്ങളുടെയോ വസ്തുക്കളുടെയോ കരുത്തില്‍ നമ്മുടെ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല. രാജ്യത്തെ സമ്പന്നമാക്കാന്‍, ഓരോ പൗരനും സ്വദേശിയെ പിന്തുണയ്ക്കുകയും സ്വദേശി ശീലമാക്കുന്നതില്‍ മുന്നണിയില്‍ നില്‍ക്കുകയും വേണം, അദ്ദേഹം പറഞ്ഞു.

ന്യൂദല്‍ഹിയില്‍ സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ സഹസംയോജകന്‍ ഡോ. അശ്വനി മഹാജന്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ഡോ. ധനപത് റാം അഗര്‍വാള്‍ കൊല്‍ക്കത്തയിലും ഡോ. രാജീവ് കുമാര്‍ മൊറാദാബാദിലും ഡോ. അജയ് പട്കി ബിക്കാനീറിലും ഡോ. ധര്‍മ്മേന്ദ്ര ദുബെ ഗുവാഹത്തിയിലും പദ്ധതിയുടെ ഭാഗമായി.
പൂര്‍ണമായും ഡിജിറ്റലായാണ് കാമ്പയിന്‍. ഡിജിറ്റല്‍ രജിസ്‌ട്രേഷന്‍, സോഷ്യല്‍ മീഡിയ, ക്യുആര്‍ കോഡുകള്‍, ഓണ്‍ലൈന്‍ ഔട്ട്‌റീച്ച് എന്നിവയിലൂടെ പരമാവധി ആളുകളെ കാമ്പയിനുമായി ബന്ധിപ്പിക്കും. കാമ്പയിനില്‍ ചേരുന്ന ഓരോ വ്യക്തിക്കും ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റും ലഭിക്കും.
നിത്യജീവിതത്തില്‍ സ്വദേശി ഉത്പന്നങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും മുന്‍ഗണന നല്‍കും, തദ്ദേശീയ ഭാഷ, വസ്ത്രം, ജീവിതശൈലി, വിശാലകുടുംബം എന്നിവ സ്വീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പ്രവര്‍ത്തിക്കും, സ്വയംതൊഴില്‍, സംരംഭകത്വം തുടങ്ങിയ മേഖലകളില്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കും, ഭാരതത്തെ സമ്പന്നവും മഹത്തരവുമാക്കാന്‍ പ്രവര്‍ത്തിക്കുന്ന ദേശസ്‌നേഹ ശക്തികളുമായി കൈകോര്‍ക്കും, ജാതി, ഭാഷ തുടങ്ങി എല്ലാ ഭിന്നതകള്‍ക്കും അതീതമായി രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും സമഗ്ര വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കും എന്നീ പ്രതിജ്ഞകള്‍ കാമ്പയിന്റെ ഭാഗമായി നിശ്ചയിച്ചിട്ടുണ്ടെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ പ്രചാര്‍ പ്രമുഖ് ഡോ. ധര്‍മ്മേന്ദ്ര ദുബെ പറഞ്ഞു.
കാമ്പെയ്നില്‍ ചേരാനുള്ള ലിങ്ക് : https://mysba.co.in/index.php



















Discussion about this post