കൊല്‍ക്കത്ത: ആശയങ്ങള്‍ തമ്മില്‍ മത്സരിക്കുമെങ്കിലും രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ മാനസികൈക്യം ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സംഘം പ്രവര്‍ത്തിക്കുന്നത് സൗഹൃദത്തിലും നിരുപാധികമായ സ്‌നേഹത്തിലും അധിഷ്ഠിതമായാണെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി കൊല്‍ക്കത്ത സയന്‍സ് സിറ്റി ആഡിറ്റോറിയത്തില്‍ ഏകദിന പ്രഭാഷണപരമ്പരയുടെ രണ്ടാം സെഷനില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.സംഘം ആരെയും നിയന്ത്രിക്കുന്നില്ല. തുടക്കം മുതല്‍ തന്നെ കൂട്ടായ പ്രവര്‍ത്തനരീതിയാണ് സംഘത്തിന്റേതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാവരും ചേര്‍ന്നാണ് തീരുമാനങ്ങളെടുക്കുന്നത്. എല്ലാവരും ആത്മാര്‍ത്ഥതയുള്ളവരായതുകൊണ്ട് അഭിപ്രായവ്യത്യാസങ്ങളുണ്ടായാലും ഏകാഭിപ്രായത്തില്‍ അത് ലയിച്ചുചേരുന്നതാണ് ശീലമെന്ന് സര്‍സംഘചാലക് പറഞ്ഞു.
ലോകത്തിലെ മറ്റൊരു സംഘടനയും സംഘത്തെപ്പോലെ എതിര്‍പ്പ് നേരിട്ടിട്ടില്ല. ആക്രമണങ്ങളും കൊലപാതകങ്ങളും പോലും ഉണ്ടായി, പക്ഷേ സ്വയംസേവകര്‍ മുന്നോട്ട് നീങ്ങി. അതിന്റെ പേരില്‍ ഒരാള്‍ പോലും മനസില്‍ വിദ്വേഷം സൂക്ഷിച്ചില്ല.എതിര്‍പ്പിന്റെ കാലത്ത് നമ്മള്‍ ജാഗ്രത പാലിച്ചു. ഇപ്പോള്‍, ഈ അനുകൂലമായ അന്തരീക്ഷത്തില്‍, പ്രവര്‍ത്തനത്തിന് വേഗം കൂടേണ്ടതുണ്ട്. പ്രവര്‍ത്തകരുടെ ഗുണനിലവാരം ശക്തിപ്പെടുത്തണം, ശതാബ്ദി പ്രവര്‍ത്തനത്തിന്റെ ഊന്നല്‍ ഇതാണ്. സമൂഹത്തില്‍ ധാരാളം നല്ല ആളുകളുണ്ട്. പ്രശസ്തി ആഗ്രഹിക്കാതെ സമൂഹത്തെ സേവിക്കുന്ന വലിയൊരു വിഭാഗം ആളുകളുണ്ട്. ഇതിനെയാണ് സജ്ജനശക്തി എന്ന് പറയുന്നത്. സജ്ജനങ്ങളുടെ സഹകരണത്തോടെ, അവരെ ഒരുമിച്ചുചേര്‍ത്ത് സമാജപരിഷ്‌കരണത്തിനുള്ള വഴികളൊരുക്കുകയാണ് സംഘം ചെയ്യുന്നത്. അതിനായാണ് കുടുംബമൂല്യങ്ങളുടെ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, സാമാജിക സമരസത, സ്വദേശി, പൗരധര്‍മ്മം എന്നിങ്ങനെ അഞ്ച് പ്രവര്‍ത്തനപദ്ധതികള്‍ സംഘം മുന്നോട്ടുവച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

















Discussion about this post