തിരുപ്പതി(ആന്ധ്രപ്രദേശ്): വികസനത്തെക്കുറിച്ചുള്ള ഭാരതീയ ദര്‍ശനം സമഗ്രവും ധാര്‍മികവുമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. അത് ഉള്ളവരും ഇല്ലാത്തവരുമെന്ന വിവേചനമല്ല, എല്ലാവരുടെയും സമഗ്രമായ വികസനമാണ് ലക്ഷ്യം വയ്ക്കുന്നത്. അസമത്വം ഇല്ലാതാക്കുന്ന വികസനമാതൃകയാണ് കാലം ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. തിരുപ്പതിയില്‍ ഏഴാമത് ഭാരതീയ വിജ്ഞാന സമ്മേളനത്തിന്റെ ഉദ്ഘാടനസഭയില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
സന്തോഷവും സുഖവുമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിനുവേണ്ടിയുള്ള അന്വേഷണമാണ് വികസനത്തിലേക്ക് നയിക്കുന്നത്. ഭൗതിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിലൂടെയാണ് സന്തോഷം ലഭിക്കുന്നതെന്ന് പലരും ചിന്തിക്കുന്നു. എന്നാല്‍ പല വികസിത സമൂഹങ്ങളുടെയും അനുഭവം ഇത് ശരിയല്ലെന്ന് തെളിയിക്കുന്നു. കുറച്ച് രസഗുളകള്‍ കഴിക്കുന്നത് സന്തോഷം നല്കിയേക്കും. എന്നാല്‍ പരിധിയില്ലാതായാല്‍ അത് വെറുപ്പിക്കും. ഭൗതിക വിജയം തീര്‍ച്ചയായും ആവശ്യമാണെങ്കിലും, ആദ്ധ്യാത്മിക പുരോഗതിയാണ് ശാശ്വതമായ സന്തോഷം നല്‍കുന്നത്. ആഹാര, നിദ്ര ഭയ മൈഥുനം ച എന്നത് മൃഗങ്ങള്‍ക്ക് നല്ലതാണ്, പക്ഷേ മനുഷ്യര്‍ക്ക് അങ്ങനെയല്ല. സന്തോഷം യഥാര്‍ത്ഥത്തില്‍ ഉള്ളിലാണ് ഉള്ളത്, സര്‌സംഘചാലക് പറഞ്ഞു.

ഭൗതികപാതയിലൂടെ മാത്രമുള്ള അന്വേഷണത്തിന്റെ പരിമിതികള്‍ 1971ല്‍ റീഡേഴ്സ് ഡൈജസ്റ്റില്‍ പ്രസിദ്ധീകരിച്ച ‘ദി സ്റ്റാറി യൂണിവേഴ്സ്’ എന്ന ലേഖനം ചൂണ്ടിക്കാണിക്കുന്നുണ്ടെന്ന് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. പ്രകാശത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ നമുക്കാകില്ല. ഊര്‍ജ്ജമായാലും കണികയായാലും ദ്രവ്യത്തിന്റെ കൃത്യമായ സ്വഭാവം നിര്‍ണ്ണയിക്കാനും നമുക്ക് കഴിയില്ലെന്ന് ആ ലേഖനം പറയുന്നു. അതുകൊണ്ട് പ്രകാശത്തേക്കാള്‍ വേഗതയില്‍ സഞ്ചരിക്കാനാവുന്ന മനുഷ്യമനസ്സിനെ ഉപയോഗപ്പെടുത്താനുള്ള സാധ്യതയെക്കുറിച്ച് അമേരിക്കക്കാരനായ ആ ലേഖകന്‍ ആരായുന്നു. നമ്മുടെ പൂര്‍വികരും പതഞ്ജല യോഗസൂത്രം, യോഗ വാസിഷ്ഠം തുടങ്ങിയ ഗ്രന്ഥങ്ങളും ഭാരതത്തില്‍ സൃഷ്ടിച്ച പുരോഗതിയെക്കുറിച്ച് അതില്‍ പരാമര്‍ശിക്കുന്നു, സര്‍സംഘചാലക് പറഞ്ഞു.
ബാഹ്യമായ അറിവ് നമുക്ക് അവിദ്യയും ആന്തരികമായത് വിദ്യയുമാണ്. രണ്ടും ആവശ്യമാണ്, രണ്ടും ശാസ്ത്രമാണ്. ഒരു പാത മാത്രം പിന്തുടരുന്നത് നമ്മെ യഥാര്‍ത്ഥ സന്തോഷത്തിലേക്ക് നയിക്കില്ല. ഭാരതീയമായ ഈ വീക്ഷണം വികസിത ലോകത്തിലേക്കുള്ള നമ്മുടെ സംഭാവനയാണ്. ഭാരതീയമായ ജ്ഞാനപാരമ്പര്യത്തെ ശാസ്ത്രീയമായ വിലയിരുത്തലില്ലാതെ നിരാകരിക്കുന്നതിന് പിന്നില്‍ കൊളോണിയല്‍ ശക്തികളുടെ താല്പര്യമാണെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, കേന്ദ്ര ശാസ്ത്ര-സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് എന്നിവര്‍ പരിപാടിയില്‍ വിശിഷ്ടാതിഥികളായിരുന്നു. വിജ്ഞാനഭാരതിയുടെ പ്രസിഡന്റും സിഎസ്‌ഐആറിന്റെ മുന്‍ ഡയറക്ടര്‍ ജനറലുമായ ഡോ. ശേഖര്‍ മണ്ടേ, ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവും ഡിആര്‍ഡിഒ മുന്‍ ചെയര്‍മാനുമായ ഡോ. ജി. സതീഷ് റെഡ്ഡി, ദേശീയ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ജി.എസ്.ആര്‍.കെ. മൂര്‍ത്തി എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
















Discussion about this post