ഇന്‍ഡോര്‍(മധ്യപ്രദേശ്): ഭാരതം കേവലം ഒരു ഭൂഗോളമല്ല, ജീവിതത്തിന്റെ സ്വഭാവവും പ്രകൃതിയുമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. എല്ലാവരും ഈശ്വരന്റെ പ്രതിരൂപങ്ങളാണെന്ന് പഠിപ്പിച്ചത് ഈ നാടാണ്. സേവനം പ്രീണനമോ ദാനമോ അല്ല, ജീവിതമാണെന്ന് പഠിപ്പിച്ചത് ഈ നാടാണ്. സേവനത്തിനുള്ള ഓരോ അവസരവും സ്വയംശുദ്ധീകരണത്തിനുള്ള മാര്‍ഗമാണെന്ന് പഠിപ്പിച്ചത് ഈ നാടാണ്. സന്തോഷവും സുഖവും പുറത്തല്ല, ഓരോരുത്തരുടെയും ഉള്ളിലാണെന്ന് പഠിപ്പിച്ചത് ഈ നാടാണ്, അദ്ദേഹം പറഞ്ഞു. കസരവാദിലെ ലെപ ശ്രീരാമകൃഷ്ണ വിശ്വ സദ്ഭാവന നികേതനില്‍ വ്യക്തിനിര്‍മാണത്തിലൂടെ രാഷ്ട്രനിര്‍മാണം എന്ന ചിന്താസഭയില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
കേള്‍ക്കുന്നതിലൂടെയോ സംസാരിക്കുന്നതിലൂടെയോ അല്ല, കാണുന്നതിലൂടെയാണ് മനുഷ്യര്‍ പഠിക്കുന്നത്. ആന്തരിക സ്വഭാവം അന്വേഷിച്ചറിയുന്നതിനുള്ള യാത്ര ഭാരതത്തിലാണ് ആരംഭിച്ചത്. ആത്മതത്വം തേടിയുള്ള ഈ യാത്രയിലാണ് നമ്മുടെ പൂര്‍വികര്‍ ശാശ്വതമായ ആനന്ദത്തിന്റെ ഉറവിടം കണ്ടെത്തിയത്. അനുഭവത്തെ ആധാരമാക്കി അവര്‍ ആത്മീയത പകര്‍ന്നു. കരുണ മനുഷ്യരാശിക്ക് ഈശ്വരന്റെ വരമാണ്. മറ്റുള്ളവരുടെ സന്തോഷങ്ങളും ദുഃഖങ്ങളും ഒരാള്‍ അറിയുന്നത് കരുണയുള്ളതുകൊണ്ടാണ്. ജീവിത മൂല്യങ്ങള്‍ക്ക് വിദ്യാഭ്യാസവും വിശുദ്ധിയും അനിവാര്യമാണ്. സ്വന്തം കഷ്ടപ്പാടുകള്‍ മാത്രമല്ല, സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും കഷ്ടപ്പാടുകളും ലഘൂകരിക്കണം. അതിന് മനുഷ്യര്‍ക്ക് ധാര്‍മികവിദ്യാഭ്യാസം ആവശ്യമാണ്. ലോകത്തിന് ഈ ധര്‍മ്മം പകരാനാണ് ഭാരതം പിറന്നത്. അടിമത്തകാലത്തും ധാര്‍മ്മികഭാവത്തില്‍ നമ്മള്‍ മാറ്റമില്ലാതെ തുടര്‍ന്നു, മോഹന്‍ഭാഗവത് പറഞ്ഞു.
പല ജന്മങ്ങളില്‍ നിന്നുള്ള അറിവ് മനുഷ്യ മനസില്‍ കുടികൊള്ളുന്നു. ഉള്ളിലുള്ള ഈ അറിവിനെ പുറത്തുകൊണ്ടുവരണം. ഔപചാരിക വിദ്യാഭ്യാസം പോലും ലഭിക്കാത്ത ആചാര്യന്മാര്‍ ഭാരതത്തിന് അറിവ് പകര്‍ന്നത് അങ്ങനെയാണ്. നമ്മില്‍ അന്തര്‍ലീനമായ ദിവ്യഗുണങ്ങളെ പുറത്തുകൊണ്ടുവരാന്‍ കഴിയണം. യഥാര്‍ത്ഥ വിദ്യാഭ്യാസം ആഗോള മാനവികതയെക്കുറിച്ച് അറിവ് നല്‍കുന്നതാണ്. യഥാര്‍ത്ഥ വിദ്യാഭ്യാസം സ്വാശ്രയത്വത്തെ ശാക്തീകരിക്കുന്നതാണ്. യഥാര്‍ത്ഥ വിദ്യാഭ്യാസം അധ്വാനത്തെ ബഹുമാനിക്കുന്നതാണ്. വ്യക്തിയെക്കാള്‍ പ്രവൃത്തിയെ മാനിക്കുകയും ഫലത്തെക്കാള്‍ കര്‍മ്മത്തെ പ്രധാനമായി കാണുകയും ചെയ്യുന്നതാണ് ഭാരതത്തിന്റെ സ്വഭാവം. ഭാരതത്തിന്റെ പുരോഗതി മനുഷ്യരുടെ മാത്രമല്ല, ജലം, വനങ്ങള്‍, നദികള്‍, പര്‍വതങ്ങള്‍, മൃഗങ്ങള്‍ തുടങ്ങി എല്ലാ ജീവജാലങ്ങളുടെയും പുരോഗതിയാണ്, സര്‍സംഘചാലക് പറഞ്ഞു.















Discussion about this post