അമൃതപുരി: ഭരതനെപ്പോലുള്ള ദാസനും സേവകനുമായ ഭരണാധികാരികളാണ് നമുക്കുള്ളത്. സൂര്യനും ചന്ദ്രനും ഉള്ളിടത്തോളം കാലം രാമായണവും രാമനും നിലനില്‍ക്കുമെന്ന് അമൃതാനന്ദമയീമഠത്തിലെ സ്വാമി സൂക്ഷ്മാമൃത ചൈതന്യ പറഞ്ഞു. അമൃതപുരിയില്‍ രാമക്ഷേത്രം രാഷ്ട്രക്ഷേത്രം ജന്മഭൂമി അന്താരാഷ്ട്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. പ്രധാന സേവകനാണ് താനെന്ന പ്രധാനമന്ത്രി മോദിയുടെ ആശയം രാമായണത്തിലുള്ളതാണെന്ന് ബ്രഹ്‌മചാരി സൂക്ഷ്മാമൃത ചൈതന്യ. പാദുകം സിംഹാസനത്തില്‍ വച്ച് ത്യാഗിയായി, തപസ്വിയായി, സേവകനായി രാജ്യഭാരം നടത്തിയ ഭരതന്റെ മാതൃക നമുക്ക് മുന്നിലുണ്ട്. രാമരാജ്യം എന്ന പേര് പലര്‍ക്കും പേടിയുണ്ടാക്കുന്നുണ്ട്. അവരുടെ താല്പര്യങ്ങള്‍ നടക്കില്ലെന്ന ഭയമാണത്. ഏറ്റവും ഉദാത്തമായ ധര്‍മ്മത്തിന്റെ അടിസ്ഥാനത്തിലുള്ള ഭരണവ്യവസ്ഥയാണ് രാമരാജ്യത്തിന്റെതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സൂര്യചന്ദ്രന്മാരുള്ള കാലത്തോളം ഈ ധര്‍മ്മം നിലനില്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.തന്നെപ്പോലെ തന്നെ മറ്റൊരാളെക്കാണുന്ന സംസ്‌കാരം ഹിന്ദു സംസ്‌കാരം മാത്രമേയുള്ളൂ. പ്രതിസന്ധികളെ തരണം ചെയ്യാന്‍ രാമായണം പോലുള്ള മഹത് ഗ്രന്ഥങ്ങളുടെ പഠനത്തിലൂടെ കഴിയും. അതിലൂടെ രാജ്യത്തിന് അഭിവൃദ്ധിനേടാന്‍ കഴിയുമെന്നും സ്വാമി പറഞ്ഞു.
തനിമയില്‍ തന്നെ ഭാരതത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തണം: എം.രാധാകൃഷ്ണന്‍

അമൃതപുരി: ഭാരതത്തിന്റെ അതേ തനിമയില്‍ തന്നെ ഭാരതത്തിന്റെ ജീവിതമൂല്യങ്ങള്‍ പുതിയ തലമുറയ്ക്ക് കൈമാറുക എന്നതാണ് നമ്മുടെ ദൗത്യമെന്ന് ജന്മഭൂമി എംഡിയും രാഷ്ട്രീയ സ്വയംസേവക് സംഘം ദക്ഷിണ ക്ഷേത്രീയ കാര്യവാഹുമായ എം.രാധാകൃഷ്ണന്‍. വിവേകാനന്ദ സ്വാമികള്‍ ചൂണ്ടിക്കാണിച്ചത് നിങ്ങള്‍ ഭാരതത്തിന്റെ ചരിത്രം പഠിക്കണമെങ്കില്‍ സോമനാഥ ക്ഷേത്രത്തെ നോക്കണം എന്നാണ്. അതുപോലെ തന്നെയാണ് അയോധ്യയും. അത് കേവലമൊരു തര്‍ക്ക മന്ദിരമല്ലായിരുന്നു. അത് ഭാരതത്തിന്റെ ആത്മാഭിമാനത്തിന്റെയും സ്വത്വത്തിന്റെയും പ്രതീകമാണ്. അതുകൊണ്ടാണ് ഇന്നും രാമക്ഷേത്രത്തെ മനസുകൊണ്ട് വിശ്വസിക്കാനാവാത്തത്. കേവമൊരു ക്ഷേത്രമല്ല രാഷ്ട്ര ക്ഷേത്രത്തിന്റെ അഭിമാനസ്തംഭമാണ് അയോധ്യയിലേതെന്ന് അദ്ദേഹം പറഞ്ഞു.
രാമനെ ഇകഴ്ത്തുന്നവര്‍ രാഷ്ട്രത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു: എസ്.സുദര്‍ശന്‍

അമൃതപുരി: രാഷ്ട്രത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് രാമനെയും രാമക്ഷേത്രത്തെയും തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് ആര്‍എസ്എസ് പ്രാന്തപ്രചാരക് എസ്.സുദര്‍ശന്‍ പറഞ്ഞു. രാമനെ അറിയുക എന്നാല്‍ സനാതന ധര്‍മ്മത്തെ അറിയുക എന്നതാണ്. രാമനില്ലാതെ ഭാരതം ഇല്ല. രാമനെ ഹൃദയത്തിലേറ്റിയ സമൂഹമാണ് നമ്മുടെത്. കാര്യപരിപാടികളില്‍ മാത്രമല്ല നിത്യജീവിതത്തിലും രാമന്റെ ജീവിതം ലയിച്ചു ചേരണമെന്ന് അദ്ദേഹം പറഞ്ഞു.സമര്‍പ്പണത്തിന്റെ പ്രതീകമായ ഭരതനും, ത്യാഗത്തിന്റെ പ്രതീകമായ ലക്ഷ്മണനും, എന്തെല്ലാം പ്രതിസന്ധികള്‍ നേരിട്ടിട്ടും അതിനെ അതിജീവിച്ച സീതയും, സ്ഥിരോത്സാഹത്തിന്റെയും ധീരതയുടെയും പ്രതീകമായ ഹനുമാനും ജടായുവും ഗുഹനുമെല്ലാം ഭാരതം മുന്നോട്ട് വയ്ക്കുന്ന ഏകതയുടെ പ്രതീകങ്ങളായി ഇന്നും നിലനില്‍ക്കുന്നു. ഭാരതം ശക്തിപ്പെടുക എന്നാല്‍ രാമതത്വം ശക്തിപ്പെടുക എന്നതാണന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അര്‍ച്ചനയായി, ആവേശമായി ഭജന

അമൃതപുരി: ദേവതാ ഗീതികള്‍ മുഖരിതമായി, രാഷ്ട്ര ദേവതയ്ക്ക് അര്‍ച്ചനയായി ജന്മഭൂമി അന്താരാഷ്ട്ര സെമിനാര്‍ വേദിയെ ആവേശത്തിലാറാടിച്ച് അമൃത സ്പിരിച്വല്‍ സയന്‍സസിലെ വിദ്യാര്‍ത്ഥികള്‍. രാജ്യമാകെ പടരുന്ന ഭജന്‍ തരംഗത്തിന്റെ ചെറുപതിപ്പ് അവതരിപ്പിച്ചാണ് സെമിനാറില്‍ പങ്കെടുക്കാനെത്തിയ പ്രൗഢസദസിനെ വിദ്യാര്‍ത്ഥികള്‍ കൈയിലെടുത്തത്. ഉണ്ണിഗണപതിയും മഹാരുദ്രനും വീരഹനുമാനുമൊക്കെ മനോഹര താളങ്ങളുടെ അകമ്പടിയില്‍ സാമൂഹിക ഗീതാലാപനത്തിലൂടെ പെയ്തിറങ്ങിയപ്പോള്‍ കൈയടിച്ചും കൂടെപ്പാടിയും സദസും ഒപ്പം ചേര്‍ന്നു. യുവാക്കള്‍ ആദ്ധ്യാത്മിക വിപ്ലവത്തിലൂടെ കേരളീയ ജീവിതത്തില്‍ സൃഷ്ടിക്കുന്ന ഭാവാത്മകമാറ്റത്തിന്റെ സൂചകമായി ഭജന.













