ജനീവ: സംഘര്‍ഷഭരിതമായ ഒരു ലോകത്ത്, സമാധാനപരമായ സംഭാഷണം, നയപരമായ ഇടപെടലുകള്‍, സുസ്ഥിരപരിഹാരത്തിനായുള്ള ചര്‍ച്ചകള്‍, ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തല്‍ എന്നിവയില്‍ ട്രേഡ് യൂണിയനുകളുടെ പങ്ക് വലുതാണെന്ന് ബിഎംഎസ് സംഘടനസെക്രട്ടറി ബി. സുരേന്ദ്രന്‍. ജനീവയില്‍ ഐഎല്‍ഒയുടെ നേതൃത്വത്തില്‍ നടന്ന 114-ാമത് ഇന്റര്‍നാഷണല്‍ ലേബര്‍ കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അധ്വാനം മനുഷ്യ മൂലധനമാണെന്ന് ബിഎംഎസ് കരുതുന്നു. എന്നാല്‍ തൊഴില്‍ വിപണി എന്ന പദം വിരോധാഭാസമാണ്. പിരിച്ചുവിടലുള്‍പ്പെടെ തൊഴിലാളികളെ ബാധിക്കുന്ന എല്ലാ രോഗങ്ങള്‍ക്കും കേന്ദ്രബിന്ദു തൊഴിലിനെ ചരക്കായി കാണുന്ന ഈ വിപണി ഭാവമാണ്. ലേബര്‍ മാര്‍ക്കറ്റ് എന്നതിന് പകരം ലേബര്‍ ഫോഴ്‌സ് എന്ന പദമുപയോഗിക്കണമെന്ന് ബി. സുരേന്ദ്രന്‍ ഐഎല്‍ഒ അംഗരാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു.
മാന്യമായ വേതനം, തൊഴില്‍ സുരക്ഷ, നൈപുണ്യ വികസനത്തിനുള്ള അവസരങ്ങള്‍ എന്നിവ ഉറപ്പാക്കുന്ന ഗുണനിലവാരമുള്ള തൊഴിലുകള്‍ സൃഷ്ടിക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹം തുല്യമായി ശ്രദ്ധ കേന്ദ്രീകരിക്കണം. ആഗോള തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍ സ്ഥിരമായി തുടരുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല, പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ക്കിടയില്‍ ഗുരുതരമായ ആശങ്കകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത്തരം പ്രതിസന്ധികളെ മറികടക്കുന്നതിന് തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
ഭാരതം ഇക്കാര്യത്തില്‍ ലോകത്തിന് മാതൃകയാണ്. മനുഷ്യരാശിയുടെ അഞ്ചിലൊന്ന് വരുന്ന ഭാരതം ഇന്ന് ആഗോള സാമ്പത്തിക പരിവര്‍ത്തനത്തിന്റെ മുന്‍പന്തിയിലാണ്. ദേശീയ വികസനത്തിനും ലോക സാമ്പത്തിക വളര്‍ച്ചയ്ക്കും നേതൃത്വം നല്‍കുന്ന ദശലക്ഷക്കണക്കിന് തൊഴിലാളികളുടെ സമര്‍പ്പണവും കഴിവുമാണ് ഈ പുരോഗതിക്ക് കരുത്ത് പകരുന്നത്.
‘തൊഴിലാളികള്‍ക്ക് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന സാമൂഹിക സുരക്ഷാ പരിരക്ഷ നേടിയതിന് ഭാരതത്തിന് ആഗോള അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ട്. 64 ശതമാനം തൊഴിലാളികളും വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളുടെ പരിധിയില്‍ വരുന്ന രാജ്യമാണ് ഭാരതം. മലേഷ്യയിലെ ക്വാലാലംപൂരില്‍ നടന്ന ലോക സാമൂഹിക സുരക്ഷാ ഉച്ചകോടിയില്‍ ഇന്റര്‍നാഷണല്‍ സോഷ്യല്‍ സെക്യൂരിറ്റി അസോസിയേഷന്റെ ബഹുമതി ഭാരതമാണ് സ്വന്തമാക്കിയതെന്ന് ബിഎംഎസ് നേതാവ് ചൂണ്ടിക്കാട്ടി.
ഐഎല്‍ഒ ഡയറക്ടര്‍ ജനറല്‍ ഗില്‍ബെര്‍ട്ട് എഫ്. ഹൗങ്ബോമുന്നോട്ടുവച്ച, എഐ ഫോര്‍ ഡീസന്റ് വര്‍ക്ക് എന്ന റിപ്പോര്‍ട്ടിനെ ബിഎംഎസ് സ്വാഗതം ചെയ്യുന്നു. പുതിയ സാങ്കേതികവിദ്യകളും എഐയും മനുഷ്യരെ സഹായിക്കാനുള്ളതാണ്, പകരം വയ്ക്കാനുള്ളതല്ല എന്നതായിരിക്കണം അടിസ്ഥാന സമീപനം എന്ന് അദ്ദേഹം പറഞ്ഞു.
















Discussion about this post