ഗോരഖ്പൂര്‍(യുപി): സ്വന്തമെന്ന ഭാവമാണ് കുടുംബഭാവനയെ ഉത്കൃഷ്ടമാക്കുന്നതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക്. ഒരു മേല്‍ക്കൂരയ്ക്കും നാല് ചുവരിനുമുള്ളില്‍ ഒരു പുരുഷനും സ്ത്രീയും ചേരുന്നതല്ല കുടുംബം. സ്വന്തബന്ധങ്ങളുടെ കൂടിച്ചേരലാണത്, അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബാബാ ഗംഭീര്‍നാഥ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഗോരഖ്പൂര്‍ വിഭാഗ് കുടുംബ സ്‌നേഹ മിലനില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
സ്വന്തമെന്ന ഈ ബന്ധത്തിലൂടെ സമൂഹത്തിന്റെ അടിത്തറയായി കുടുംബം മാറുന്നത്. ഒരാള്‍ സമൂഹത്തില്‍ എങ്ങനെ ജീവിക്കണമെന്ന് പരിശീലനം നല്‍കുന്നത് കുടുംബമാണ്. ആത്മബന്ധത്താല്‍ രൂപപ്പെടുന്ന കുടുംബഭാവം ഭാരതത്തില്‍ മാത്രമാണ് നിലനില്‍ക്കുന്നത്. ഇതര രാജ്യങ്ങള്‍ക്ക് ഇതൊരു കരാര്‍ മാത്രമാണ്. നമ്മുടെ തലമുറകള്‍ കുടുംബത്തിലൂടെ കരുത്തുറ്റ ബന്ധങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ വിദേശരാജ്യങ്ങളിലെ കുഞ്ഞുങ്ങള്‍ വളരുന്നതോടെ കുടുംബങ്ങളില്‍ നിന്ന് സ്വതന്ത്രരാകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ ഉത്പാദനവും സമ്പത്തുമെല്ലാം കുടുംബത്തിലാണ് വേരൂന്നിയിരിക്കുന്നത്. ‘ഞാന്‍ ഒറ്റയ്ക്കല്ല, എന്റെ ആവശ്യങ്ങള്‍ മാത്രം നിറവേറിയാല്‍പ്പോരാ തുടങ്ങിയ കാഴ്ചപ്പാടുകള്‍ കുടുംബത്തിലാണ് വളരുന്നത്. സാമൂഹിക വിദ്യാഭ്യാസത്തിന്റെയും സമ്പാദ്യശീലത്തിന്റെയും സാംസ്‌കാരിക വിനിമയത്തിന്റെയും കേന്ദ്രമാണ് കുടുംബം. കുടുംബത്തിന്റെ കേന്ദ്രം അമ്മയാണ്. അടുത്ത തലമുറയെ ഒരുക്കുന്നത് അമ്മയാണ്. നമ്മള്‍ ഭാരത മാതാവിന്റെ മക്കളാണ്. കുടുംബത്തില്‍ നിന്ന് വരുന്ന നമ്മുടെ പാരമ്പര്യമാണിത്. കുടുംബം നമുക്ക് വ്യക്തിയെക്കാള്‍ വലുതാണ്; വിദേശത്താകട്ടെ വ്യക്തി കുടുംബത്തേക്കാള്‍ വലുതാണ്, സര്‍സംഘചാലക് പറഞ്ഞു.
കുടുംബത്തിന്റെ പിന്തുണയോടെ ഏതൊരു സമൂഹവും വളരും. സ്വയംസേവകരുടെ കുടുംബങ്ങള്‍ സംഘം ലക്ഷ്യംവയ്ക്കുന്നത് പ്രാവര്‍ത്തികമാക്കുന്നവരാണ്. നമ്മുടെ കുടുംബങ്ങള്‍ നീതിയോട് പ്രതിജ്ഞാബദ്ധരായിരിക്കണം. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, ആതിഥ്യം എന്നിവയാണ് ഒരു കുടുംബത്തിന്റെ ആവശ്യകതകള്‍. വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ ചെറിയ ചെറിയ കുടുംബയോഗങ്ങള്‍ നടത്താന്‍ കഴിയണം. പഞ്ചപരിവര്‍ത്തനം നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഗോരക്ഷ് പ്രാന്തസംഘചാലക് ഡോ. മഹേന്ദ്ര അഗര്‍വാള്‍ വിഭാഗ് സംഘചാലക് ശേഷ്‌നാഥും വേദിയില്‍ സന്നിഹിതരായിരുന്നു.





















Discussion about this post