ന്യൂദല്‍ഹി: ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം സാംസ്‌കാരിക വിദ്യാഭ്യാസവും ചെറുപ്പത്തിലേ ലഭ്യമാക്കേണ്ടത് ബാലികാബാലന്മാരുടെ സര്‍വതോമുഖ വികാസത്തിന് അത്യാവശ്യമാണെന്നും, അതിനായി ബാലഗോകുലം നടത്തുന്ന ക്ലാസുകള്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ദല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി. ഹരിശങ്കര്‍ അഭിപ്രായപ്പെട്ടു. ബാലഗോകുലം ദല്‍ഹി എന്‍സിആറിന്റെ 26-ാം സംസ്ഥാന വാര്‍ഷിക സമ്മേളനവും രജതജയന്തി ആഘോഷങ്ങളുടെ ആശിര്‍വാദസഭയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബാല്യകാലത്തില്‍ മുത്തശ്ശിമാരുടെയും മറ്റും കഥകളും കവിതകളും കേള്‍ക്കാന്‍ ഭാഗ്യം ലഭിച്ചവരാണ് മഹാന്മാരായ പലരും. സമൂഹത്തിലെ ഈ വിടവ് നികത്താന്‍ ബാലഗോകുലം നടത്തുന്ന സാംസ്‌കാരിക വിദ്യാഭ്യാസ പദ്ധതി ശ്ലാഘനീയമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ബാലഗോകുലം കേരളം സംസ്ഥാന കാര്യദര്‍ശി വി. ഹരികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ആശീര്‍വാദ സഭയില്‍ രജത ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടന്ന രചനാ മത്സരവിജയികള്‍ക്കും അമൃതഭാരതി പരീക്ഷാ വിജയികള്‍ക്കും ഉന്നത പരീക്ഷകളില്‍ വിജയം കൈവരിച്ചവര്‍ക്കും കൈയെഴുത്ത് പുസ്തക മത്സര വിജയികള്‍ക്കും കൃഷ്ണാര്‍പ്പണത്തില്‍ പങ്കെടുത്ത കലാകാരന്മാര്‍ക്കും സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. പദ്മശ്രീ മനു ശര്‍മ്മയുടെ ഹിന്ദി നോവലായ ശ്രീകൃഷ്ണന്റെ ആത്മകഥ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത ദക്ഷിണ മദ്ധ്യ മേഖലയിലെ ദ്വാരകാദീഷ് ബാലഗോകുലാംഗം ശാന്തകുമാരിയെ ജസ്റ്റിസ് സി. ഹരിശങ്കര്‍ ആദരിച്ചു.
ഭാരത് ഭാരതി ദല്‍ഹി പ്രാന്ത സംയോജക് അംബരീഷ്, കേരളം സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ കെ.പി. മേനോന്‍, എന്‍. വേണുഗോപാല്‍, ബാബു പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.


















Discussion about this post