തിരുവനന്തപുരം: ആഗോള സമ്പദ് വ്യവസ്ഥയെ ഭാവിയില്‍ മുന്നോട്ട് നയിക്കുക ബയോടെക്ക് മേഖലയെന്നും ഈ ദിശയിലുള്ള കാല്‍വയ്‌പ്പാണ് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ബയോ ഫാര്‍മ ശക്തി മിഷനെന്നും കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ്. ആക്കുളത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നടന്ന ശാസ്ത്ര ദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തിനിടെ ബയോടെക്‌നോളജി മേഖലയില്‍ രാജ്യത്ത് വന്‍ കുതിപ്പാണുണ്ടായതെന്നും നയരൂപകര്‍ത്താക്കള്‍ ശാസ്ത്രസമൂഹത്തിന് മികച്ച പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യക്തമായ ബയോടെക്‌നോളജി നയമുള്ള വളരെ ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഭാരതം. മേഖലയില്‍ സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിച്ചതും കുതിപ്പിന് ആക്കം കൂട്ടും. സമാന പഠനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള സ്വകാര്യ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തിയുള്ള മുന്നേറ്റമാണ് വിഭാവനം ചെയ്യുന്നത്. ബയോടെക്ക് മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും വലിയ പിന്തുണയാണ് കേന്ദ്രം നല്‍കുന്നത്. 11,000ത്തിലധികം സ്റ്റാര്‍ട്ടപ്പുകളാണ് നിലവില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.
മോളിക്കുലര്‍ ബയോളജി, ബയോ ഇന്‍ഫര്‍മാറ്റിക്‌സ്, ജീനോം എന്നീ മേഖലകളിലും കാന്‍സര്‍ ഗവേഷണത്തിലും രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി വ്യക്തിമുദ്ര പതിപ്പിച്ച് കഴിഞ്ഞെന്ന് ചടങ്ങില്‍ കേന്ദ്രമന്ത്രി അഭിനന്ദിച്ചു. ആഴക്കടല്‍ പര്യവേഷണ പദ്ധതികളില്‍ സെന്റര്‍ നടത്തുന്ന ഇടപെടലുകളെയും അദ്ദേഹം പ്രശംസിച്ചു. സെന്ററിന്റെ ആക്കുളം ക്യാമ്പസില്‍ ഗവേഷണത്തിനും വികസനത്തിനും നിര്‍ണായകമായ നാഷണല്‍ ഫെസിലിറ്റി ഫോര്‍ റീകോമ്പിനന്റ് സെല്‍സ് ആന്‍ഡ് സെന്‍സേഴ്‌സിന്റെ സമര്‍പ്പണവും അത്യാധുനിക ഗുഡ് മാനുഫാക്ചറിങ് പ്രാക്ടീസ് സൗകര്യത്തിന്റെ ശിലാസ്ഥാപനവും കേന്ദ്രമന്ത്രി നിര്‍വഹിച്ചു. കേന്ദ്ര ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി ഡോ. രാജേഷ് എസ്. ഗോഖലെ, ഡയറക്ടര്‍ ഡോ. ടി.ആര്‍. സന്തോഷ് കുമാര്‍, ബയോടെക്‌നോളജി വകുപ്പ് നോഡല്‍ ഓഫീസര്‍ ഡോ. ജ്യോതി മാലിക്ക് ലോഗാനി തുടങ്ങിയവര്‍ പങ്കെടുത്തു.
















Discussion about this post