കായംകുളം: രാമരക്ഷയന്ത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ മാതാ അമൃതാനന്ദമയി ദേവിയും, സംന്യാസിമാരും, വിശ്വാസികളും അടക്കം 1200ല്‍ പരം ഭക്തര്‍ അയോദ്ധ്യയിലേക്ക് പുറപ്പെട്ടു. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നിന് കായംകുളത്തു നിന്ന് പുറപ്പെട്ട പ്രത്യേക ട്രെയിനിലാണ് (06901) അമ്മ ഉള്‍പ്പെട്ട സംഘം അയോദ്ധ്യയിലേക്ക് യാത്ര തിരിച്ചത്.
19ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിനൊപ്പം അമ്മയും പങ്കെടുക്കും. ഇന്നലെ ഉച്ചയ്‌ക്ക് ഒരു മണിയോടെ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ അമ്മയെ വിവിധ ഹിന്ദു സംഘടനകളും, ഭക്തരും ചേര്‍ന്ന് സ്വീകരിച്ചു. 19 ബോഗികളുള്ള ട്രെയിനില്‍ 17 ബോഗികളില്‍ ഭക്തരും 2 ബോഗികളില്‍ ലഗേജ് സൂക്ഷിക്കുവാനുമുള്ള സംവിധാനവുമാണ് ഒരുക്കിയിട്ടുള്ളത്.
ഇസഡ് കാറ്റഗറി സുരക്ഷയുള്ള അമ്മയ്‌ക്ക് കേന്ദ്രസേനയുടേയും, സംസ്ഥാന പോലീസിന്റെയും കനത്ത സുരക്ഷാവലയത്തിലാണ് യാത്ര. അയോദ്ധ്യ-കായംകുളം പ്രത്യേക ട്രയിനില്‍ (06902) 23ന് രാവിലെ അമ്മയും സംഘവും കായംകുളത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തും.
ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ പ്രത്യേകം ക്ഷണം സ്വീകരിച്ചാണ് അമ്മയും സംഘവും അയോദ്ധ്യയിലേക്ക് പുറപ്പെട്ടത്. ഹിന്ദു ഐക്യവേദി, ബിജെപി പ്രവര്‍ത്തകര്‍, സാമൂഹിക രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ അമ്മയെ യാത്ര അയയ്‌ക്കുവാന്‍ എത്തിച്ചേര്‍ന്നിരുന്നു. അയോദ്ധ്യ ശ്രീരാമജന്മഭൂമിയിലെ ക്ഷേത്രത്തിന്റെ രണ്ടാം നിലയിലാണ് രാമരക്ഷയന്ത്ര പ്രതിഷ്ഠ. പ്രതിഷ്ഠാ കര്‍മം നിര്‍വഹിക്കാനായി എത്തുന്ന അമ്മയെ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത്റായ്, ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് നിര്‍മാണ സമിതി അധ്യക്ഷന്‍ നിപേന്ദ്ര മിശ്ര തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും.

















Discussion about this post