കരുനാഗപ്പള്ളി: അയോദ്ധ്യയില്‍ പ്രതിഷ്ഠിക്കുന്ന രാമരക്ഷായന്ത്രം കേവലമൊരു ചിഹ്നമല്ലെന്നും അത് അഗാധമായ അറിവിന്റെയും തത്വത്തിന്റെയും പ്രതീകമാണെന്നും മാതാ അമൃതാനന്ദമയി ദേവി. പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി അയോദ്ധ്യയിലെത്തിയ ദേശീയ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അമ്മ. വിഗ്രഹങ്ങളുടെ ആരാധനയും പ്രതിഷ്ഠയും പോലെ തന്നെ പ്രധാനമാണ് യന്ത്രസാധനയുമെന്ന് അമ്മ വ്യക്തമാക്കി.
യന്ത്രം പ്രതിനിധീകരിക്കുന്നത് ആഴത്തിലുള്ള അറിവിനെയാണ്. അറിവിലധിഷ്ഠിതമായ ജീവിതം നയിക്കുമ്പോള്‍ ഏത് സാഹചര്യത്തെയും സമ്മര്‍ദമില്ലാതെ നേരിടാന്‍ നമുക്ക് സാധിക്കും. ജീവിതത്തിലെ പ്രതിസന്ധികളെ തളര്‍ച്ചയില്ലാതെ നേരിടാന്‍ സഹായിക്കുന്ന ഒരു ‘ഷോക്ക് അബ്‌സോര്‍ബര്‍’ പോലെയാണ് ഈ യന്ത്രമെന്നും അമ്മ വിശേഷിപ്പിച്ചു. മനുഷ്യനുള്ളിലെ ചൈതന്യത്തെ ഉണര്‍ത്താനാണ് ഇത്തരത്തിലുള്ള പ്രതിഷ്ഠകള്‍ നടത്തുന്നതെന്ന് അമ്മ ഓര്‍മിപ്പിച്ചു.
അയോദ്ധ്യ ക്ഷേത്ര ദര്‍ശനം നടത്തുന്നവര്‍ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളാനും ശ്രമിക്കണം. അധികാരം കൈപ്പിടിയിലൊതുക്കാതെ ധര്‍മം മുറുകെപ്പിടിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. മറ്റുള്ളവരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ യഥാര്‍ത്ഥ വിശ്വാസം ഉണ്ടാവുകയുള്ളൂ. സ്വന്തം അമ്മയെ സ്‌നേഹിക്കുന്ന അതേ തീവ്രതയോടെ മറ്റുള്ളവരെയും കാണുമ്പോഴാണ് ഏകത്വത്തിന്റെ ഉണര്‍വ് സംഭവിക്കുന്നതെന്നും അമ്മ പറഞ്ഞു.














Discussion about this post