വൃന്ദാവന്‍(യുപി): നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നല്കുന്ന സമീപനം അവസാനിപ്പിക്കണമെന്നും രാജ്യത്തിന് പ്രയോജനകരമാകും വിധത്തില്‍ സമഗ്രമായ ജനസംഖ്യാനയം വേണമെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഒരാള്‍ക്ക് മൂന്ന് കുട്ടികള്‍ വേണമെന്നാണ് ധര്‍മ്മവും വൈദ്യശാസ്ത്രവും നിര്‍ദ്ദേശിക്കുന്നത്. മൂന്നില്‍ കുറയരുതെന്ന് ജനസംഖ്യാശാസ്ത്രജ്ഞരും പറയുന്നു. ഇന്ന്, ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ അവരുടെ ജനനനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വൃന്ദാവനത്തില്‍ ജീവന്‍ ദീപ് ആശ്രമത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
ആശ്രമങ്ങള്‍ അനേകര്‍ക്കായി സ്വയം ജ്വലിക്കുന്ന വിളക്കാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ജനജീവിതത്തില്‍ പ്രകാശം പരത്തുന്ന അറിവിന്റെ വിളക്കുകളാണ് ഭാരതത്തിലെ ആശ്രമങ്ങള്‍. അത് കേവലം അന്നദാന കേന്ദ്രങ്ങളല്ല, അദ്ദേഹം പറഞ്ഞു. ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാന്‍ പ്രാപ്തരാകുന്ന തരത്തില്‍ ആശ്രമജീവിതം ഒരു വ്യക്തിക്ക് അപാരമായ കരുത്ത് പകരുന്നു. ജീവിതത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ അറിവ് പകരുന്ന വിദ്യാലയങ്ങളാണവ. ഭൗതിക ശരീരം നിലനിര്‍ത്തുന്നതിനുള്ള പഠനം മാത്രമല്ല, അതിനുമപ്പുറമുള്ള ജീവിതത്തെക്കുറിച്ചും വ്യക്തമായ ധാരണ ഇവിടെ നിന്ന് ലഭിക്കും. മഹാമണ്ഡലേശ്വര്‍ സ്വാമി യതീന്ദ്രാനന്ദ് ഗിരി മഹാരാജ് വൃന്ദാവനത്തില്‍ സ്ഥാപിച്ച ജീവന്‍ ദീപ് ആശ്രമം സ്വയം പ്രകാശിക്കാനുള്ള പ്രേരണ എല്ലാവര്‍ക്കും നല്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെറിയപ്രായം മുതല്‍ താനും യതീന്ദ്രാനന്ദ മഹാരാജും സ്വയംസേവകരാണെന്ന് ആശ്രമം ഉദ്ഘാടനം ചെയ്ത ജുനാഗഡ് അഖാഡയുടെ പീഠാധിപതി ആചാര്യ മഹാമണ്ഡലേശ്വര്‍ അവധേശാനന്ദ് ഗിരി പറഞ്ഞു. 12 ലക്ഷം നാഗസംന്യാസിമാര്‍ക്ക് ജൂന അഖാഡ ദീക്ഷ നല്കിയിട്ടുണ്ട്. നെറ്റിയിലെ ഭസ്മലേപനം ശൈവാരാധനയെ അടയാളപ്പെടുത്തുന്നു. നമ്മള്‍ ഹൃദയത്തില്‍ ശാക്തേയരും പെരുമാറ്റത്തില്‍ വൈഷ്ണവരുമാണ്. അതിന്റെ അര്‍ത്ഥം എല്ലാ സംന്യാസി, ഋഷി സമ്പ്രദായങ്ങളും ഒന്നാണ് എന്നതാണ്. സര്‍സംഘചാലകനും സ്വയംസേവകനും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ഒരാള്‍ എന്നോട് ചോദിച്ചു. വ്യത്യാസത്തെക്കുറിച്ചല്ല രണ്ടുപേരും സ്വയംസേവകരാണെന്നാന്ന സാമ്യത്തെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്, അദ്ദേഹം പറഞ്ഞു.
ദീദി മാ സാധ്വി ഋതംഭര, സ്വാമി പദ്മാനന്ദ ഗിരി എന്നിവരും സംസാരിച്ചു.
















Discussion about this post