ധര്‍മ്മശാല (ഹിമാചല്‍ പ്രദേശ്): ധര്‍മ്മത്തിന്റെ പാതയിലൂടെ സഞ്ചരിക്കണമെന്ന ഭഗവാന്‍ ബുദ്ധന്റെ ആഹ്വാനം ഓരോ പൗരനും പിന്തുടരണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഈ ധര്‍മ്മം സനാതനമാണെന്നാണ് ശ്രീബുദ്ധന്‍ അരുളിയത്. അതിന്റെ വേരുകള്‍ പ്രകൃതിയിലാണ്. മാനവികതയാണ് അതിന്റെ മുഖമുദ്ര, അദ്ദേഹം പറഞ്ഞു. സംഘശതാബ്ദിയും ദലൈലാമയുടെ നവതിയും പ്രമാണിച്ച് ദേവഭൂമി മൈത്രി സംഘം കോട്‌വാലി ബസാര്‍ കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ധാര്‍മ്മിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.

സേവനം, വിശുദ്ധി, കരുണ, തപസ്സ്, ത്യാഗം എന്നിവയില്‍ അധിഷ്ഠിതമാണ് ധര്‍മ്മം. നമുക്കെല്ലാവര്‍ക്കും ഒരേ ലക്ഷ്യമാണുള്ളത്. എല്ലാ മഹത്തുക്കളും കാലാകാലങ്ങളില്‍ ജീവിതം സമര്‍പ്പിച്ചത് ധര്‍മ്മം സ്ഥാപിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായാണ്. സിഖ് ഗുരു തേഗ് ബഹാദൂര്‍ ധര്‍മ്മ സംരക്ഷണത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചു. അതേ ധര്‍മ്മത്തിന്റെ സംരക്ഷണത്തിനായാണ് പൂജനീയ ദലൈലാമ ലോകത്തിന് സമാധാന സന്ദേശം പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഏഴാമത് ലിംഗ് റിന്‍പോച്ചെ സമ്മേളനത്തില്‍ മുഖ്യാതിഥിയായിരുന്നു. സംഘം രാജ്യത്തും ലോകത്തും ഒരുമയ്ക്കും സൗഹാര്‍ദ്ദത്തിനും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരിസ്ഥിതി സംരക്ഷണം, അഹിംസ, ലോകസമാധാനം എന്നിവയ്ക്കായി എല്ലാവരും പ്രവര്‍ത്തിക്കണം. ലോകത്തിന് ശരിയായ പാത കാണിച്ചുകൊടുത്തുകൊണ്ടാണ് ഭാരതം മുന്നേറുന്നത്, അദ്ദേഹം ചൂണ്ടിക്കാട്ടി.

















Discussion about this post