കാലടി: കഴിഞ്ഞ ആയിരം വർഷത്തിനിടയിൽ വിവിധ കാരണങ്ങളാൽ ഹിന്ദുധർമ്മത്തിൽ നിന്ന് അകന്നുപോയവരെ സ്വധർമ്മത്തിലേക്ക് തിരികെ കൊണ്ടുവരുമെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര അധ്യക്ഷൻ അഡ്വ. അലോക് കുമാർ. ആദിശങ്കരാചാര്യരുടെ ജന്മദേശമായ കാലടിയിൽ നടന്ന ശങ്കര ജയന്തി ആഘോഷങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐക്യം, സ്നേഹം, മാനുഷിക മൂല്യങ്ങൾ എന്നിവ ഉയർത്തിപ്പിടിച്ച് എല്ലാവരെയും ചേർത്തുപിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശങ്കര ജയന്തി ദിനത്തിൽ വിശ്വഹിന്ദു പരിഷത്ത് എടുത്ത സുപ്രധാന തീരുമാനത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. “ആദിശങ്കരാചാര്യർ ലോകത്തിന്റെ നന്മയ്ക്കും മാനവികതയ്ക്കും വേണ്ടിയാണ് പ്രവർത്തിച്ചത്. എന്നാൽ ഇന്ന് ലോകത്തിന്റെ ചില ഭാഗങ്ങളിൽ ചിലർ തീവ്ര ചിന്താഗതികൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. ഇത് മാനവികതയ്ക്ക് വലിയ വെല്ലുവിളിയാണ്. അത്തരം വിനാശകരമായ ചിന്തകളിൽ നിന്ന് ലോകത്തെ രക്ഷിക്കാനും അകന്നുപോയവരെ തിരികെ കൊണ്ടുവരാനും നാം പ്രതിജ്ഞാബദ്ധരാണ്,” അദ്ദേഹം പറഞ്ഞു.
ഹിന്ദു സമൂഹത്തിലെ ജാതിവിവേചനത്തെയും അയിത്തത്തെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. വഴി തടഞ്ഞ ചണ്ഡാലനെപ്പോലും ഗുരുവായി സ്വീകരിച്ച ശങ്കരാചാര്യരുടെ പാരമ്പര്യമാണ് നമുക്കുള്ളതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഹിന്ദു സമൂഹത്തിൽ അവശേഷിക്കുന്ന ജാതിവിവേചനമെന്ന വിപത്തിനെ പൂർണ്ണമായും തുടച്ചുനീക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
കാലടിയിൽ നടന്ന പുണ്യ ശോഭയാത്രയിലും അലോക് കുമാർ പങ്കെടുത്തു. ചടങ്ങിൽ വിഎച്ച്പി മാർഗദർശക് മണ്ഡലം കാര്യദർശി സ്വാമി സത്സരൂപാനന്ദ മഹാരാജ്, സ്വാമി തീർത്ഥാനന്ദ, കൊച്ചിൻ ഷിപ്പ്‌യാർഡ് മുൻ സിഎംഡി മധു എസ്. നായർ, ആലുവ ജില്ലാ സംഘചാലക് ജസ്റ്റിസ് സുന്ദരം ഗോവിന്ദ്, പത്മശ്രീ കുഞ്ഞോൾ മാഷ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.













Discussion about this post