കൊച്ചി: കേരളത്തിലെ ഹൈന്ദവ സമൂഹം നിലനിൽക്കണമെങ്കിൽ ഹിന്ദു യുവതിയുവാക്കൾ വെല്ലുവിളികളെ നേരിട്ട് ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ സംഘടിച്ച് വിജയം വരിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് അഖില ഭാരതീയ ജോയിന്റ് ജനറൽ സെക്രട്ടറി സ്ഥാണുമാലയൻ. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ എളമക്കര സരസ്വതി സീനിയർ സെക്കൻഡറി സ്കൂളിൽ നടന്ന ദുർഗ്ഗാവാഹിനി ശൗര്യ പ്രശിക്ഷൺ വർഗ്ഗിന്റെ സമാപന പൊതുപരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ബോധവൽക്കരണത്തിലൂടെയും പരിശീലനത്തിലൂടെയും സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് സ്ത്രീ ശാക്തീകരണം കൊണ്ട് അർത്ഥമാക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പ്രമുഖ ഡെർമറ്റോളജിസ്റ്റ് ഡോ. നന്ദിനി നായർ പറഞ്ഞു. ശാക്തീകരണത്തിന്റെ അടിസ്ഥാനം വിദ്യാഭ്യാസമാണ്. പെൺകുട്ടികൾ നന്നായി പഠിച്ച് ജോലി നേടി സ്വയംപര്യാപ്തത കൈവരിക്കണം. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് സ്ത്രീയും പുരുഷനും ഒരുപോലെ ജോലി ചെയ്യേണ്ട കാലഘട്ടമാണിതെന്നും, സ്ത്രീ പൂജിക്കപ്പെടുന്നിടത്ത് ദേവതകൾ കുടികൊള്ളുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ചടങ്ങിൽ ദുർഗ്ഗാവാഹിനി സംസ്ഥാന സംയോജിക നീതു ജനാർദ്ദനൻ സ്വാഗതവും മാതൃശക്തി സംയോജിക വിജി ബിജു നന്ദിയും പറഞ്ഞു.
സമാപനത്തോടനുബന്ധിച്ച് പദസഞ്ചലനവും ശാരീരിക് പ്രദർശനവും നടന്നു. വിശ്വഹിന്ദു പരിഷത്ത് കേരള സംസ്ഥാന സംഘടനാ സെക്രട്ടറി കെ.ആർ. കണ്ണൻ, ട്രഷറർ വി. ശ്രീകുമാർ, സംസ്ഥാന ജോയിന്റ് സെക്രട്ടറി അഭിനു സുരേഷ്, എറണാകുളം വിഭാഗ് സെക്രട്ടറി വി. സജീവ്, കൊച്ചി മഹാനഗരം ജില്ലാ സെക്രട്ടറി ജയേഷ്, സഹസംയോജിക ഗംഗാ വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.














Discussion about this post