പാലക്കാട്: ചെറുവരികളിലൂടെ മഹത്തായ വേദാന്ത തത്വങ്ങളാണ് കുഞ്ഞുണ്ണി മാഷ് മലയാളികള്‍ക്ക് പകര്‍ന്ന് നല്‍കിയതെന്ന് കേരള സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ അഭിപ്രായപ്പെട്ടു. ബാലഗോകുലം ബാലസാഹിതി പ്രകാശന്റെ 20-ാമത് കുഞ്ഞുണ്ണി പുരസ്‌കാര സമര്‍പണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ജി. രഘുനാഥിന് പ്രശസ്ത സാഹിത്യ നിരൂപകന്‍ ആഷാ മേനോന്‍ പുരസ്‌കാരം സമര്‍പ്പിച്ചു. ബാലസാഹിതി പ്രകാശന്‍ ചെയര്‍മാന്‍ ഡോ. ഗോപി പുതുക്കോട് അധ്യക്ഷത വഹിച്ചു.
പൊക്കമില്ലാത്ത കുഞ്ഞുണ്ണി മാഷ് പൊക്കമുള്ള സാഹിത്യകാരനായിരുന്നു. മലയാളികളെ ഭാഷയോട് അടുപ്പിക്കുവാന്‍ ഇത്രയധികം അധ്വാനിച്ച മറ്റൊരാളില്ല. ലാളിത്യമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. കുട്ടികളുടെ വികാസത്തിന് മാതൃഭാഷ അനിവാര്യമാണ്. നാം ഓരോരുത്തരും വളരുന്നതും മനസിലാക്കുന്നതും ചിന്തിക്കുന്നതും മാതൃഭാഷയിലൂടെയാണ്. ലോകരാജ്യങ്ങള്‍ മുഴുവന്‍ മാതൃഭാഷയെ തിരിച്ചറിഞ്ഞ് എങ്ങനെയാണ് പെരുമാറുന്നതെന്ന് അദ്ദേഹം ഉദാഹരണസഹിതം വിശദീകരിച്ചു. മാതൃഭാഷയോടൊപ്പം ഭാരതീയ ഭാഷകളും പഠിക്കണമെന്ന ദേശീയ വിദ്യാഭ്യാസനയം ശ്ലാഘനീയമാണ്. മാതൃഭാഷയിലൂടെ മാത്രമേ ചിന്താശക്തി വളര്‍ത്താന്‍ കഴിയൂ എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ കുഞ്ഞുണ്ണി അനുസ്മരണ പ്രഭാഷണം നടത്തി. പുരസ്‌കാര ജേതാവ് കെ.ജി. രഘുനാഥ്, ബാലസാഹിതി പ്രകാശന്‍ കാര്യദര്‍ശി യു. പ്രഭാകരന്‍, സംഘാടക സമിതി സംയോജകന്‍ വി. ശ്രീകുമാര്‍ സംസാരിച്ചു.















Discussion about this post