കോഴിക്കോട്: എഴുത്തിന്റെ വഴിയെ തന്നെ നടത്തിയത് ഈ നാടിന്റെ നാദമാണെന്ന് വിഖ്യാത തമിഴ് സാഹിത്യകാരനും പദ്മശ്രീ ജേതാവുമായ ആര്‍.എന്‍. ജോ ഡിക്രൂസ്.
’38 വര്‍ഷം വിശപ്പാറ്റാന്‍ കടലില്‍ പണിയെടുക്കുകയായിരുന്നു. അതിനിടെ ഒഴുകിയെത്തിയ ഓംകാര നാദം, നാടിന്റെ ആ നാദം പിന്തുടര്‍ന്നാണ് എഴുത്തിലേക്ക് വന്നത്. ആ നാദം ജ്ഞാനികള്‍ കേട്ടതാണ്. അത് എഴുത്തുകാര്‍ കേട്ടതാണ്. ആ ശബ്ദത്തോട് ജ്ഞാനം ചോദിച്ച് ഭിക്ഷാപാത്രവുമായി നിന്ന ഒരു യാചകന്‍ മാത്രമാണ് ഞാന്‍. കാതോര്‍ത്ത് അറിഞ്ഞ അതേ ശബ്ദമാണ് എന്നെ എഴുത്തുകാരനാക്കിയത്. 24-ാം വയസില്‍ എഴുതാന്‍ തുടങ്ങി. ആ എഴുത്ത് എനിക്ക് ആനന്ദം പകര്‍ന്നു.
ഈ എഴുത്താണ് സുന്ദര രാമസ്വാമിയും അശോക മിത്രനും ഇരുന്ന അതേ തപസ്യയുടെ വേദിയില്‍ എന്നെ എത്തിച്ചത്, അദ്ദേഹം പറഞ്ഞു. തപസ്യ കലാസാഹിത്യവേദിയുടെ സുവര്‍ണ ജയന്തി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘സര്‍ഗാത്മകത നിറഞ്ഞ സമൂഹത്തെ തയാറാക്കുന്ന തപസ്യ എനിക്ക് വിസ്മയമാണ്. സമൂഹത്തിലെ എല്ലാ മാറ്റത്തിനും പിന്നില്‍ പോയ തലമുറയുടെ ത്യാഗമാണ്. ഇന്നത്തെ തലമുറയും അതുപോലെ ത്യാഗ നിര്‍ഭരമായാലേ നമുക്ക് വിശ്വഗുരുവാകാനാകൂ,’ ജോ ഡിക്രൂസ് പറഞ്ഞു.
‘ഞാന്‍ ഒരു ക്രൈസ്തവനാണ്. എന്നാല്‍ എന്റെയമ്മ പാലൂട്ടിപ്പകര്‍ന്ന സംസ്‌കൃതി എന്നെ പഠിപ്പിച്ചത് സ്ഥാണുമാലയ സ്വാമിയും യേശുദേവനും ഒന്നാണെന്നാണ്. ആ സംസ്‌കൃതിയാണ് ജാതിമത വേര്‍തിരിവ് പാടില്ലെന്ന ബോധം കുട്ടിക്കാലത്ത് തന്നെ എന്നിലുറപ്പിച്ചത്. ഭാരത മാതാവിന് ജയഘോഷം മുഴങ്ങുന്നത് അധരത്തില്‍ നിന്നല്ല, ഹൃദയത്തില്‍ നിന്നാണ്. അത് രാഷ്‌ട്രീയ ലാക്കോടെയുള്ള മുദ്രാവാക്യമേയല്ല,’ അദ്ദേഹം പറഞ്ഞു.
തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷനായി. ഡോ. സ്വപന്‍ മുഖോപാധ്യായ മുഖ്യാതിഥിയായി. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, പി.ആര്‍. നാഥന്‍, കെ.ടി. രാമചന്ദ്രന്‍, ഡോ. സി. മഹേഷ് എന്നിവര്‍ പ്രസംഗിച്ചു. ആര്‍.എന്‍. ജോ ഡിക്രൂസിനെയും, ഡോ. സ്വപന്‍ മുഖോപാധ്യായയേയും പ്രൊഫ. പി.ജി. ഹരിദാസ് പൊന്നാടയണിയിച്ചു. നവീന്‍ കൃഷ്ണന്റെ സോപാന സംഗീതാവതരണം ഉണ്ടായി. ഗോപിക ഹരിയുടെ വന്ദേമാതരത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ ഗോപി കൂടല്ലൂര്‍ നാന്ദിഗീതം ആലപിച്ചു.













Discussion about this post