ന്യൂദൽഹി: 15000ല്‍ പരം ഭിന്നശേഷിക്കാരെ ഫ്രീയായി നീന്താന്‍ പഠിപ്പിച്ച ആലുവക്കാരന്‍ സജി വാലശേരിയെ ‘മൻ കി ബാത്തിൽ’ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി. മൻ കി ബാത്തിൽ സജി വാലശേരിലിന്റെ നീന്തൽ ക്ലബിനെ മോദി പുകഴ്ത്തുകയും ചെയ്തു.
ദേശീയ റെക്കോർഡുകൾ തകർത്ത സ്പ്രിൻ്റർമാരായ ഗുരീന്ദർവീർ സിങും അനിമേഷ് കുജുരുമായി നടത്തിയ സംഭാഷണത്തിനിടെയാണ് പ്രധാനമന്ത്രി സജി വാലശേരിലിന്റെ പേര് പരാമര്‍ശിച്ചത്.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് നിരവധി വിദ്യാർഥികൾ മരിച്ച ഒരു ബോട്ട് ദുരന്തത്തിന് ശേഷമാണ് സജി ഈ സംരംഭം ആരംഭിച്ചതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. “ആ അപകടം സജിയെ വല്ലാതെ ഉലച്ചു. കുട്ടികൾക്ക് നീന്താൻ അറിയാമായിരുന്നെങ്കിൽ ഒരു പക്ഷേ നിരവധി ജീവൻ രക്ഷിക്കാമായിരുന്നു എന്ന് അദ്ദേഹം കരുതി, അവിടെ നിന്നാണ് നീന്തൽ ക്ലബ് തുടങ്ങാൻ അദ്ദേഹം തീരുമാനിച്ചത്” മോദി പറഞ്ഞു.
“സുഹൃത്തുക്കളേ, ഇതൊരു കെട്ടുകഥയല്ല. ഇത് യഥാർഥമായ ഒരു സംരംഭമാണ്. ഇവിടെ ഫീസില്ല, വലിയ കെട്ടിടങ്ങൾ ഇല്ല, കുട്ടികളും പ്രായമായവരും ഒരുപോലെ പഠിക്കുന്നു. സജി വലാശേരിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത് വലിയൊരു പാഠമാണ്. സേവനത്തിന് വലിയ വിഭവങ്ങളുടെ ആവശ്യമില്ല, വേണ്ടത് നല്ല ഉദ്ദേശ്യവും പരിശ്രമവും മാത്രം. ഇവ ഉപയോഗിച്ച് ആയിരക്കണക്കിന് ആളുകളുടെ ജീവിതം മാറ്റാൻ കഴിയും” അദ്ദേഹം കൂട്ടിച്ചേർത്തു.


















Discussion about this post