നാഗ്പൂര്‍: സമാജരൂപിയായ ഈശ്വരനെ സേവിക്കുന്നതിനുവേണ്ടിയുള്ള പരിശീലനമാണ് സേവികാസമിതി നല്കുന്നതെന്ന് പ്രമുഖ് കാര്യവാഹിക സീതാഗായത്രി അന്നദാനം. രേശിംബാഗില്‍ രാഷ്ട്രസേവികാസമിതി പ്രവീണ്‍ ശിക്ഷാ വര്‍ഗിന്റെ ഉദ്ഘാടനസഭയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സമിതിയുടെ നവതി വര്‍ഷമാണിത്. ഈ പരിശീലനം ഒരു ആത്മീയസാധനയാണ്. സംഘടനയ്ക്ക് അനുഗുണമായ ശീലങ്ങളിലേക്ക് വഴിനടത്താനും സമാജരൂപിയായ ഈശ്വരനെ സേവിക്കാനുള്ള യോഗ്യത പകരാനും വേണ്ടിയാണ് വര്‍ഗ് നടത്തുന്നതെന്ന് പ്രമുഖ് കാര്യവാഹിക ചൂണ്ടിക്കാട്ടി.
രാഷ്ട്രജാഗരണത്തിന്റെ അമൃതകാലത്ത് രാജ്യപുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കുകയെന്നതാണ് പൗരധര്‍മ്മം. അതിനായി പ്രതിജ്ഞയെടുക്കുകയും വിജയത്തിലേക്ക് ഒത്തൊരുമിച്ച് മുന്നേറുകയും വേണം. ബൗദ്ധത്രികൂടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മൂന്ന് തത്വങ്ങളാണ് ബുദ്ധധര്‍മ്മത്തിന്റെ കാതല്‍. ബുദ്ധം ശരണം ഗച്ഛാമി, സംഘം ശരണം ഗച്ഛാമി, ധര്‍മ്മം ശരണം ഗച്ഛാമി എന്നിവയാണവ. ഇത് മൂന്നും നമ്മുടെ സംഘടനാ മന്ത്രമാണ്. രാജ്യത്തെ നയിക്കാന്‍ ക്ഷാത്രശക്തിക്കൊപ്പം ബ്രഹ്‌മതേജസും വേണമെന്ന് സീതാഗായത്രി പറഞ്ഞു.
പ്രമുഖ് സഞ്ചാലിക വി. ശാന്തകുമാരി, വര്‍ഗ് അധികാരിയും ഹിമാചല്‍ പ്രാന്ത കാര്യവാഹികയുമായ മുക്ത ഠാക്കൂര്‍ എന്നിവരും വേദിയില്‍ സന്നിഹിതരായി. 27 സംസ്ഥാനങ്ങളില്‍ നിന്നും നേപ്പാളില്‍ നിന്നുമുള്ള 112 പേരാണ് പരിശീലന വര്‍ഗില്‍ പങ്കെടുക്കുന്നത്. വര്‍ഗ് ജൂണ്‍ 24ന് സമാപിക്കും.


















Discussion about this post