VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത സംഘ വാര്‍ത്തകള്‍

സംഘം: സ്വഭാവവും സമീപനവും

സംഘശതാബ്ദിയുടെ ഭാഗമായി 2026 ജൂണ്‍ 13ന് തിരുവനന്തപുരം ഉദയ പാലസ് ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പൗരപ്രമുഖ സംവാദത്തില്‍ പങ്കെടുത്ത് സദസിന്റെ ചോദ്യങ്ങള്‍ക്ക് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നല്കിയ ഉത്തരങ്ങള്‍.

VSK Desk by VSK Desk
16 June, 2026
in സംഘ വാര്‍ത്തകള്‍, ബുള്ളറ്റിൻ
Share
Tweet
SendTelegram

? പാകിസ്ഥാനുമായി സംഭാഷണത്തിനുള്ള വഴികള്‍ തുറന്നിടണമെന്നും കായികവിനോദങ്ങളും ജനങ്ങള്‍ തമ്മിലുള്ള ബന്ധവും തുടരണമെന്നും ദത്താത്രേയ ഹൊസബാളെ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആര്‍എസ്എസിന്റെ നിലപാട് ഇതാണോ ? ഭാരതത്തെ നശിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്ത ഒരു രാജ്യവുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുന്നതിലൂടെ എന്താണ് നേടാന്‍ കഴിയുക?

ഒരു ചോദ്യത്തോട് പ്രതികരിക്കുകയാണ് ദത്താജി ചെയ്തത്. പാകിസ്ഥാനെക്കുറിച്ച് ആര്‍എസ്എസ് എന്ത് ചിന്തിക്കുന്നു എന്നല്ല, ജനങ്ങള്‍ തമ്മില്‍ ബന്ധം സാധ്യമാണോ എന്നതായിരുന്നു ചോദ്യം. പാകിസ്ഥാന്റെ കാര്യം വേറെ. ജനങ്ങള്‍ വേറെ. പാക് ഭരണകൂടം ഭാരത വിരുദ്ധമാണ്. നമ്മുടെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുമുണ്ട്: വെടിയുണ്ടകള്‍ പൊട്ടുന്നിടത്തോളം കാലം ചര്‍ച്ചയില്ല എന്ന നിലപാട് തന്നെയാണത്. പാക്  പാക് ഭരണകൂടത്തോട് ഭാരതത്തിന്റെ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏത് നയത്തൊടൊപ്പവും ആര്‍എസ്എസ് ഉറച്ചുനില്‍ക്കും.
അതേസമയം വിഭജനവും ദ്വിരാഷ്ട്രവാദവും ഒരു തെറ്റാണെന്ന് വിശ്വസിക്കുന്ന നിരവധി ആളുകള്‍ പാകിസ്ഥാനിലുണ്ട്. സംഘം നല്ല സംഘടനയാണെന്നും അവര്‍ ഹിന്ദുക്കളെ സംഘടിപ്പിക്കുന്നതില്‍ എന്താണ് തെറ്റെന്നും ചാനലുകളില്‍ ചോദിക്കുന്ന നിരവധി പത്രപ്രവര്‍ത്തകര്‍ അവിടെയുണ്ട്. ഒരുമിച്ച് ജീവിക്കുന്നതായിരുന്നു നല്ലതെന്ന് അവര്‍ വിശ്വസിക്കുന്നു. അനീതിയും ആക്രമണവും അവസാനിപ്പിക്കണമെന്നതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. അതേസമയം, അവിടെയുള്ള എല്ലാ നന്മകളും സംരക്ഷിക്കപ്പെടണം. സൗഹാര്‍ദ്ദം നമ്മുടെ സ്വഭാവത്തിന്റെ ഭാഗമാണ്.
നാളെ, പാക് ഭരണകൂടം യുദ്ധത്തിലൂടെ സമ്പൂര്‍ണമായി തകര്‍ന്നാല്‍, അന്നാട്ടിലെ ജനങ്ങളെ നമ്മള്‍ എന്തു ചെയ്യും? അവരെ ഉള്‍ക്കൊള്ളണം. ഹിന്ദു ധര്‍മ്മത്തിലേക്ക് തിരികെ കൊണ്ടുവരണം. മറ്റുള്ളവരെ വെറുക്കാതെ, മറ്റെല്ലാവരും തെറ്റാണെന്ന് കരുതാതെ, സമാധാനത്തോടെ ജീവിക്കാന്‍ അവരെ പ്രാപ്തരാക്കണം. അത്തരം സാധ്യതകള്‍ക്കായി ചില വാതിലുകള്‍ തുറന്നിരിക്കണം.
ഒരു രാജ്യത്തെക്കുറിച്ചും ആര്‍എസ്എസിന് പ്രത്യേകമായി വിദേശനയമില്ല. ഭാരതസര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്കൊപ്പം സംഘം നിലകൊള്ളുന്നു. അഭിപ്രായങ്ങളും നിര്‍ദേശങ്ങളുമുണ്ടാകും. എന്നാല്‍ സര്‍ക്കാര്‍നയങ്ങളില്‍ സംഘം  ഉറച്ചുനില്‍ക്കുന്നു.

? സമൂഹത്തെ നയിച്ച ബ്രഹ്‌മനിഷ്ഠരായ ആത്മീയാചാര്യന്മാരുടെ മാര്‍ഗനിര്‍ദേശങ്ങളും സേവനങ്ങളും ആര്‍എസ്എസിന് പ്രയോജനപ്പെടുന്നുണ്ടോ?

ആചാര്യന്മാരുടെ മാര്‍ഗനിര്‍ദേശം സ്വാഭാവികമായും എല്ലാവരും തേടാറുണ്ട്. എന്നാല്‍ അവര്‍ നമ്മളെ സേവിക്കുകയല്ല, നമ്മള്‍ അവരെ സേവിക്കുകയാണ് ചെയ്യുന്നത്. അവര്‍ ആദരിക്കപ്പെടേണ്ടവരാണ്. ആചാര്യന്മാരോട്  ഭവ്യഭാവന പുലര്‍ത്തുകയും അവരെ പിന്തുടരുകയുമാണ് വേണ്ടത്. എങ്കിലും ആരാണ് ബ്രഹ്‌മനിഷ്ഠന്‍ എന്ന് തിരിച്ചറിയുന്നത് ദുഷ്‌കരമാണ്. പുറമേ കാണുന്നതായിരിക്കില്ല ആന്തരിക യാഥാര്‍ത്ഥ്യം.
ബ്രഹ്‌മനിഷ്ഠരായ ആചാര്യന്മാരെ നമസ്‌കരിക്കുകയും അവരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി കഴിയുന്നതൊക്കെ ചെയ്യുകയും ചെയ്യുന്നുണ്ട്. എന്നാല്‍ പൊതുജീവിതത്തില്‍ നിന്ന് അകന്നു നില്‍ക്കുന്നതുകൊണ്ട് ചില സാഹചര്യങ്ങളെയും പ്രായോഗിക യാഥാര്‍ത്ഥ്യങ്ങളെയും പൂര്‍ണമായി അറിയാനാവാത്ത സന്ദര്‍ഭങ്ങളുണ്ട്. അത്തരം സാഹചര്യങ്ങളില്‍, നമ്മുടെ സ്വന്തം വിവേകം പ്രയോഗിക്കുന്നു.

? ഇന്നത്തെ കാലത്ത്, കുടുംബ മൂല്യങ്ങളുടെയും സാംസ്‌കാരിക പാരമ്പര്യങ്ങളുടെയും ക്ഷയത്തിന് നാം സാക്ഷ്യം വഹിക്കുന്നു. ഈ വെല്ലുവിളിയെ നേരിടാന്‍ ആര്‍എസ്എസ് എന്താണ് ചെയ്യുന്നത്? യുവാക്കള്‍ക്കിടയില്‍ പൈതൃകത്തോടും മൂല്യങ്ങളോടും ആദരവ് വളര്‍ത്താന്‍ പദ്ധതിയുണ്ടോ?

കുടുംബമൂല്യങ്ങള്‍ വളരെ ചെറിയ പ്രായത്തില്‍തന്നെ കൈമാറണം. പന്ത്രണ്ട് വയസ് വരെ ഒരു കുട്ടി അച്ഛനമ്മമാരെയും മുതിര്‍ന്നവരെയുമാണ് നിരീക്ഷിക്കുക. പിന്നീട് പുറംലോകത്തേക്ക് നോക്കുകയും പുതിയ ആശയങ്ങള്‍ പരീക്ഷിക്കാന്‍ തുടങ്ങുകയും ചെയ്യും. അപ്പോള്‍ കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍, അവര്‍ എതിര്‍ക്കാനിടയുണ്ട്. അത് ആ പ്രായത്തിന്റെ സ്വഭാവമാണ്. പണ്ടുള്ളവര്‍ പറയും,
ലാളയേത് പഞ്ചവര്‍ഷാണി,
ദശവര്‍ഷാണി താഡയേത്,
പ്രാപ്‌തേ തു ഷോഡശേ വര്‍ഷേ
പുത്രം മിത്രവദാചരേത്
അഞ്ച് വര്‍ഷം കുട്ടിയെ ലാളിച്ച് വളര്‍ത്തുക, അടുത്ത പത്ത് വര്‍ഷം ശിക്ഷിച്ച് വളര്‍ത്തണം. പതിനാറ് തികഞ്ഞാല്‍ അവരെ കൂട്ടുകാരെപ്പോലെ കാണണം. ഒരു നിശ്ചിത പ്രായം വരെയേ ഉപദേശങ്ങള്‍ നടപ്പാവൂ. പിന്നെ സംഭാഷണമാണ് അനിവാര്യം.   മൂല്യങ്ങള്‍ വളര്‍ത്തുക എന്നാല്‍ ശീലങ്ങളും പെരുമാറ്റരീതികളും വളര്‍ത്തുക എന്നാണ്. ഇത് കുട്ടിക്കാലത്തേ ആരംഭിക്കണം.
കുട്ടിയുടെ ആദ്യ അദ്ധ്യാപിക അമ്മയാണ്. മൂന്ന് വയസിനുള്ളില്‍ മികച്ച മൂല്യങ്ങള്‍ ലഭിക്കുക വഴി വളര്‍ച്ചയ്ക്ക് ശക്തമായ ഒരു അടിത്തറ സ്ഥാപിക്കപ്പെടുന്നു. പിന്നീട് കുട്ടി അച്ചടക്കം പഠിക്കുകയും ശീലങ്ങള്‍ വികസിപ്പിക്കുകയും ചെയ്യുന്നു. അത് ക്രമേണ സ്വഭാവമായി മാറുന്നു. പന്ത്രണ്ട് വയസ് വരെ ഈ പ്രക്രിയ തുടരുന്നു.
പിന്നീട് കുട്ടികള്‍ പുറം ലോകത്തേക്ക് ചുവടുവയ്ക്കുകയും വീട്ടില്‍ നിന്ന് പഠിച്ചതിന് വിരുദ്ധമായേക്കാവുന്ന ആശയങ്ങള്‍ പരീക്ഷിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. ഈ ഘട്ടത്തില്‍, അവരെ നിര്‍ബന്ധിക്കരുത്, മറിച്ച് വാത്സല്യത്തിലൂടെ അവരെ നയിക്കണം. ഇരുപത്തഞ്ച് വയസ്സാകുമ്പോഴേക്കും, അവര്‍ പൊതുവെ സ്വതന്ത്ര ചിന്തകരായി മാറും. അവരുടെ അടിത്തറ ശക്തമാണെങ്കില്‍, അവര്‍ വഴിതെറ്റാന്‍ സാധ്യതയില്ല; ഇനി അഥവാ തെറ്റിയാലും തിരികെ വരാനുള്ള വഴി അവരുടെ പക്കലുണ്ടാകും.
അതുകൊണ്ട് ഈ പ്രവര്‍ത്തനം വീട്ടില്‍ നിന്ന് ആരംഭിക്കണം. അച്ഛനമ്മമാര്‍ ഇക്കാര്യം മനസിലാക്കേണ്ടത് പ്രധാനമാണ്. സംഘം ഇതിന് മുന്‍കൈയെടുക്കുന്നുണ്ട്.. സ്വാമിനാരായണ പ്രസ്ഥാനം പോലുള്ള നിരവധി ആത്മീയസംഘങ്ങള്‍, നല്ല ശീലങ്ങളും മൂല്യങ്ങളും വളര്‍ത്തിയെടുക്കാന്‍ സഹായിക്കുംവിധം ആഴ്ചയുടെ അവസാനം വീടുകളില്‍ ഒത്തുചേരലുകള്‍ നടത്താറുണ്ട്. സംഘം മുന്നോട്ടുവയ്ക്കുന്ന അഞ്ച് പ്രധാന കാര്യങ്ങളില്‍ ഒന്ന് സാമാജിക സമരസതയും മറ്റൊന്ന് കുടുംബ പ്രബോധനവുമാണ്. കുടുംബമാണ് സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റ്. ശരീരത്തിലെ കോശങ്ങള്‍ കൂട്ടായി ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നതുപോലെ, കുടുംബങ്ങള്‍ സമൂഹത്തിന്റെ ഡിഎന്‍എയെ രൂപപ്പെടുത്തുന്നു. പരമ്പരാഗതമായി കുടുംബം നമ്മുടെ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ ജീവിതത്തിന്റെ കേന്ദ്രമായി ഏറിയ പങ്കും ഭൂരിഭാഗവും കുടുംബത്തില്‍ നിന്നാണ്.
എന്നാല്‍ ഇന്ന് കുടുംബങ്ങളില്‍ ആശയവിനിമയം കുറഞ്ഞുവരികയാണ്. അച്ഛനുമമ്മയും ജോലിക്ക് പോകുന്നവരാണെങ്കില്‍,  അവര്‍ പലപ്പോഴും വീട്ടിലെത്തുക ക്ഷീണിതരായാണ്. കുട്ടികളും പഠനത്തിലും സ്വന്തം കാര്യങ്ങളിലും തിരക്കിലാണ്. ഭക്ഷണത്തിനുശേഷം, കുടുംബാംഗങ്ങള്‍ പലപ്പോഴും മണിക്കൂറുകളോളം മൊബൈല്‍ഫോണില്‍ ചെലവഴിക്കുന്നു, പരസ്പരം സംസാരിക്കുന്നില്ല. അതുകൊണ്ടുതന്നെ ജീവിതത്തില്‍ എന്ത് സംഭവിക്കുന്നു എന്ന് അവര്‍ അറിയുന്നേയില്ല.
ഇത് പരിഹരിക്കുന്നതിനായാണ് സംഘം കുടുംബപ്രബോധനം മുന്നോട്ടുവയ്ക്കുന്നത്. ആഴ്ചതോറും ഒരുമിച്ച് ചേര്‍ന്ന് മംഗള സംവാദങ്ങള്‍ നടത്തണം. ആഴ്ചയില്‍ ഒരു ദിവസവും സമയവും നിശ്ചയിക്കണം. എല്ലാവര്‍ക്കും ഒരുമിച്ച് ഭജന ചൊല്ലാനും പ്രാര്‍ത്ഥിക്കാനും വീട്ടില്‍ തയാറാക്കിയ ഭക്ഷണം പങ്കിട്ട് കഴിക്കാനും അര്‍ത്ഥപൂര്‍ണമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടാനും കഴിയും. കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാവരും ഉണ്ടാകണം. ചെറിയ കുട്ടിയാണ്, കരഞ്ഞേക്കാം, ഉറങ്ങിയേക്കാം, എന്നാലും ഈ ഒത്തുചേരലിന്റെ ഭാഗമാകണം.
അവിടുത്തെ സംഭാഷണം ഒന്നാമതായി കുടുംബത്തിന്റെ ചരിത്രത്തെയും പൈതൃകത്തെയും കേന്ദ്രീകരിച്ചാകണം. നമ്മുടെ പൂര്‍വികര്‍ ആരായിരുന്നു? അവര്‍ എന്ത് സംഭാവനകളാണ് നല്‍കിയത്? അവരുടെ പേരുകളും കഥകളും നമുക്കറിയാമോ? ഇങ്ങനെ പൈതൃകത്തില്‍ അഭിമാനം ജനിപ്പിക്കുന്ന വര്‍ത്തമാനങ്ങളായിരിക്കണം.
രണ്ടാമതായി, രാഷ്ട്രത്തിലും അതിന്റെ സംസ്‌കാരത്തിലും ഊന്നിയുള്ള വര്‍ത്തമാനം ഉണ്ടാകണം. അടിസ്ഥാന മൂല്യങ്ങള്‍ മാറുന്നില്ല. അവ പ്രകടിപ്പിക്കുന്ന രീതികള്‍ കാലത്തിനനുസരിച്ച് മാറിയേക്കാം. അത്തരം മാറ്റങ്ങളും അവയുടെ പ്രത്യാഘാതങ്ങളും ചര്‍ച്ച ചെയ്യണം. മൂന്നാമതായി, കുടുംബങ്ങള്‍ സമൂഹത്തിന് വേണ്ടി എന്താണ് ചെയ്യുന്നതെന്ന് ചര്‍ച്ച ചെയ്യണം. നമ്മള്‍ ദിവസവും നമുക്കുവേണ്ടിയും കുടുംബത്തിനുവേണ്ടിയും സമയം ചെലവഴിക്കുന്നു, പക്ഷേ നമ്മുടെ വ്യക്തിത്വം അതിനപ്പുറമാണ്. കുടുംബം മാത്രമല്ല, ഗ്രാമവും സമൂഹവും രാഷ്ട്രവും  ഒരാളുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. ഒരു സുഹൃത്തിനെ സഹായിക്കുന്നതിലൂടെയോ പുസ്തകങ്ങള്‍ പങ്കിടുന്നതിലൂടെയോ, സേവന പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകുന്നതിലൂടെയോ നമുക്ക് സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാനാകുമെന്ന ചര്‍ച്ചകള്‍ നടക്കണം.
അത്തരം സംഭാഷണങ്ങള്‍ ആശങ്കകളും ചിന്തകളും മനസിലാക്കാന്‍ അച്ഛനമ്മമാരെയും കുട്ടികളെയും സഹായിക്കും. മറ്റൊരു പ്രധാന കാര്യം, മൂല്യങ്ങള്‍ നമ്മുടെ പെരുമാറ്റത്തില്‍ പ്രതിഫലിക്കണം എന്നതാണ്. ഒരു കാര്യം പ്രസംഗിക്കുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്താല്‍, യുവാക്കള്‍ നമ്മുടെ സന്ദേശം നിരസിക്കും.
ആര്‍എസ്എസ് കുടുംബ പ്രബോധന്‍ പരിപാടിയിലൂടെ ഈ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നു. സ്വയംസേവകരുടെ വീടുകളില്‍ ആരംഭിച്ച് അയല്‍പക്കങ്ങളിലേക്കും സമൂഹമാകെയും വ്യാപിക്കുന്നു. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സ്വന്തം വീട്ടില്‍ ഇത് ആരംഭിക്കാം. ഇതിന് കാര്യമായ ചെലവുകളോ അധിക സമയമോ ആവശ്യമില്ല.

? അടുത്ത നൂറ്റാണ്ടില്‍ ഭാരതത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ ആര്‍എസ്എസ് എന്ത് പങ്കാണ് വിഭാവനം ചെയ്യുന്നത്?

ഭാവി ഒരു സംഘടന മാത്രമായി രൂപപ്പെടുത്തുന്നതല്ല. സമൂഹമാണ് വലുത്. ആര്‍എസ്എസ് ഉള്‍പ്പെടെ മറ്റെല്ലാറ്റിനും മീതെ സമൂഹം നിലകൊള്ളുന്നു. ആത്യന്തികമായി, എന്ത് സംഭവിക്കുമെന്ന് സമൂഹമാണ് തീരുമാനിക്കുന്നത്. അതുകൊണ്ട് ആ സമൂഹത്തെ സംഘടിപ്പിക്കുകയാണ് ആര്‍എസ്എസ് ചെയ്യുന്നത്.
വ്യക്തിപരമായ പ്രഭാവം കൊണ്ട് ഒരു നേതാവിനും സുസ്ഥിരമായ മാറ്റം കൊണ്ടുവരാന്‍ കഴിയില്ല. സമൂഹം പിന്തുണച്ചില്ലെങ്കില്‍ സ്വാധീനമുള്ള നേതാവിനുപോലും വളരെ കുറച്ച് മാത്രമേ നേടാന്‍ കഴിയൂ. അതുകൊണ്ട് സമൂഹത്തെ സജ്ജമാക്കുകയും സംഘടിപ്പിക്കുകയും വേണം. ശക്തമായ, കൂട്ടായ സാമൂഹിക ഇച്ഛാശക്തി ഉണ്ടെങ്കില്‍, എല്ലാ തടസ്സങ്ങളെയും മറികടക്കാന്‍ കഴിയും. നമ്മുടെ രാഷ്ട്രത്തിന്റെ ചരിത്രം ഇതാണ് പഠിപ്പിക്കുന്നത് ഇതാണ്. ഈ ലക്ഷ്യത്തോടെയാണ് എല്ലാ ഗ്രാമങ്ങളിലും ഓരോ വീടുകളിലും എത്തിച്ചേരാന്‍ ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്.

? ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും ഡിജിറ്റല്‍ കണക്റ്റിവിറ്റിയുടെയും യുഗത്തില്‍, മനുഷ്യബന്ധങ്ങള്‍ എങ്ങനെ സംരക്ഷിക്കാന്‍ കഴിയും?

സാങ്കേതികവിദ്യയുടെ പുരോഗതി ആര്‍ക്കും തടയാന്‍ കഴിയില്ല. അത് തുടര്‍ച്ചയായ ആഗോള മത്സരത്തിന്റെ ഭാഗമാണ്. മറ്റ് രാജ്യങ്ങള്‍ നൂതന സാങ്കേതികവിദ്യ കൈവശം വച്ചിരിക്കെ, നമ്മള്‍ പിന്നാക്കം പോകാന്‍ പാടില്ല. രാജ്യങ്ങള്‍ പലപ്പോഴും പരസ്പരം ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. അതിനാല്‍, നമ്മുടെ സ്വരക്ഷയ്ക്കും പ്രതിരോധത്തിനുമടക്കം സാങ്കേതികവിദ്യയില്‍ നാം കഴിവ് നേടണം.
അതേ സമയം, സാങ്കേതികവിദ്യയെ മാനുഷികമാക്കണം. അതിനെ നമ്മുടെ യജമാനനാകാന്‍ അനുവദിക്കരുത്; നാം അതിന്റെ യജമാനന്മാരായി തുടരണം. സാങ്കേതികവിദ്യയെ അമിതമായി ആശ്രയിക്കുന്നത് മനുഷ്യന്റെ കഴിവുകളെ ദുര്‍ബലപ്പെടുത്തും. ഉദാഹരണത്തിന്, മെട്രോപൊളിറ്റന്‍ നഗരങ്ങളിലെ കുട്ടികളോട് 15 അധികം 27 എത്ര എന്ന് ചോദിച്ചാല്‍, പലരും ഉടന്‍ തന്നെ ഒരു മൊബൈല്‍ ഫോണില്‍ കാല്‍ക്കുലേറ്റര്‍ പരതും. ഉത്തരം ശരിയായിരിക്കാം, പക്ഷേ അവര്‍ക്ക് മനസില്‍ കണക്കുകൂട്ടല്‍ നടത്താന്‍ കഴിയില്ല. മുന്‍ തലമുറയ്ക്ക് ഇതൊക്കെ മനക്കണക്കായിരുന്നു.
3034നെക്കുറിച്ചുള്ള ഒരു നോവല്‍ ഒരിക്കല്‍ വായിച്ചു. പൂര്‍ണ്ണമായും യന്ത്രങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സ്വര്‍ണ്ണ ഖനിയെക്കുറിച്ച് അതില്‍ വിവരിച്ചിട്ടുണ്ട്, അതില്‍ മൂന്ന് മനുഷ്യര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു ദിവസം, ഒമ്പത് മിനിറ്റ് വൈദ്യുതി തടസ്സമുണ്ടായി. വൈദ്യുതി പുനഃസ്ഥാപിച്ചപ്പോള്‍, ആ ഒമ്പത് മിനിറ്റിനുള്ളില്‍ എത്ര ട്രോളി ലോഡുകള്‍ നഷ്ടപ്പെട്ടുവെന്ന് കമ്പനി ഡയറക്ടര്‍ ചോദിച്ചു. യന്ത്രങ്ങളെ പൂര്‍ണമായും ആശ്രയിച്ചിരുന്ന ജോലിക്കാര്‍ക്ക് അത് കണക്കാക്കാനും ഒരു യന്ത്രം ആവശ്യമായതിനാല്‍ ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഒരാള്‍ 27 എന്ന് ഉത്തരം നല്‍കി, മിനിറ്റില്‍ മൂന്ന് ട്രോളികള്‍ എന്ന കണക്കില്‍ ഒമ്പത് മിനിറ്റില്‍ ഇരുപത്തിയേഴ്. കുടുംബത്തില്‍ ലഭിച്ച പരിശീലനമാണ് അയാളെ ഉത്തരത്തിന് പ്രാപ്തനാക്കിയത്. കമ്പനികളും സര്‍ക്കാരുകളും പിന്നീട് ഈ പരിശീലനം നേടാന്‍ ശ്രമിച്ചു. ഒടുവില്‍, ആ വ്യക്തി കൊല്ലപ്പെട്ടു, ആ അറിവ് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. മനുഷ്യന്റെ കഴിവുകള്‍ നഷ്ടപ്പെടുന്നതിന്റെ അപകടത്തെയാണ് ഈ കഥ ചിത്രീകരിക്കുന്നു.
സാങ്കേതികവിദ്യയെ എതിര്‍ക്കരുത്; അതിന് അതിന്റേതായ ഉപയോഗങ്ങളുണ്ട്. എന്നാല്‍ നമ്മുടെ കഴിവുകളും ശേഷികളും സംരക്ഷിക്കുന്നതില്‍ നാം ബോധവാന്മാരായിരിക്കണം. നാം എപ്പോഴും ജാഗ്രത പാലിക്കണം. മനുഷ്യരാശിയുടെയും സമൂഹത്തിന്റെയും ക്ഷേമത്തിനായി സാങ്കേതികവിദ്യ ഉപയോഗിക്കണം.

? രാജ്യങ്ങള്‍, സംസ്ഥാനങ്ങള്‍, മതങ്ങള്‍, സമൂഹങ്ങള്‍ എന്നിവയെല്ലാം മനുഷ്യര്‍ സൃഷ്ടിച്ച സാമൂഹിക സംവിധാനങ്ങളാണ്. മൊത്തം മനുഷ്യരാശിയെ കുറിച്ചുള്ള ആര്‍എസ്എസിന്റെ ദര്‍ശനം എന്താണ്?

ലോകത്തിന് വേണ്ടിയുള്ള ഹിന്ദുരാഷ്ട്രദര്‍ശനത്തിന്റെ പ്രകടീഭാവമാണ് സംഘമെന്നാണ് മുതിര്‍ന്ന പ്രവര്‍ത്തകനായ ശ്രീ ദാദാ റാവു പര്‍മാര്‍ത്ഥ് ആര്‍എസ്എസിനെ വിശേഷിപ്പിച്ചത്. ലോകത്തിന് ധര്‍മ്മം പ്രദാനം ചെയ്യുകയാണ് ഭാരതത്തിന്റെ ലക്ഷ്യം. ധര്‍മ്മം എല്ലാറ്റിനെയും യോജിപ്പിക്കുകയും എല്ലാം ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. ധര്‍മ്മഭരണത്തിന്‍ കീഴില്‍ എല്ലാത്തരം വേര്‍പിരിയലുകളും പരിഹാരം കണ്ടെത്തുന്നു. ശിബി രാജാവിന്റെ കഥ പ്രശസ്തമാണ്. ഒരു പ്രാവ് രാജാവിന്റെ കൊട്ടാരത്തില്‍ അഭയം തേടി. പിന്‍തുടര്‍ന്നെത്തിയ പരുന്ത് രാജാവിനോട് പ്രാവിനെ നല്കാന്‍ ആവശ്യപ്പെട്ടു. ഒരു തെറ്റും ചെയ്യാത്ത അതിനെ സംരക്ഷിക്കുക എന്നത് എന്റെ ധര്‍മ്മമാണ് എന്നായിരുന്നു രാജാവിന്റെ ഉത്തരം.  പ്രാവിനെ ഭക്ഷിക്കുക എന്നത് പ്രകൃതി എനിക്ക് നല്കിയ ധര്‍മ്മമാണ്, ഭക്ഷണം കഴിച്ച് എന്റെ ജീവന്‍ രക്ഷിക്കുക എന്നത് എന്റെ കടമയുമാണ്, എന്റെ ജീവന്‍ തടസ്സപ്പെടുത്തി നിങ്ങള്‍ക്ക് എങ്ങനെ നിങ്ങളുടെ ധര്‍മ്മം സ്ഥാപിക്കാന്‍ കഴിയും?” എന്നായിരുന്നു പരുന്തിന്റെ വാദം.
മൂന്ന് വഴിയേ ഉണ്ടായിരുന്നുള്ളൂ. പ്രാവിനെ മരിക്കാന്‍ അനുവദിക്കുക, പരുന്തിനെ മരിക്കാന്‍ അനുവദിക്കുക, അല്ലെങ്കില്‍ കാര്യം തന്റെ ഉത്തരവാദിത്തത്തിന് പുറത്താണെന്ന് രാജാവ്പ്രഖ്യാപിക്കുക. എന്നിട്ടും ധര്‍മ്മം മറ്റൊരു പരിഹാരം വാഗ്ദാനം ചെയ്തു. ശിബി രാജാവ് പറഞ്ഞു, ”നീ പറയുന്നത് സത്യമാണ്. പ്രാവിനെ സംരക്ഷിക്കുന്നത് എന്റെ ധര്‍മ്മമാണ്, നിങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നത് നിങ്ങളുടെ ധര്‍മ്മവുമാണ്. പരിഹാരമായി അദ്ദേഹം പ്രാവിന്റെ ഭാരത്തിന് തുല്യമായ മാംസം സ്വന്തം ശരീരത്തില്‍ നിന്ന് ബലിയര്‍പ്പിച്ചു. ശിബി ധര്‍മ്മത്തെ ഉയര്‍ത്തിപ്പിടിച്ചു.
ഭൂമിയിലെ പ്രമുഖ ജീവിവര്‍ഗമെന്ന നിലയില്‍, കര്‍ത്തവ്യബോധത്തിലൂടെ ധര്‍മ്മം സംരക്ഷിക്കേണ്ട ഉത്തരവാദിത്തം മനുഷ്യനുണ്ട്. ഇന്ന് എല്ലാവരും അവകാശങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ കടമകളെക്കുറിച്ച് വളരെ കുറച്ചുപേരേ സംസാരിക്കുന്നുള്ളൂ. കാരണം അവരുടെ ലോകവീക്ഷണം അപൂര്‍ണ്ണമാണ്. പലരും ശക്തിയാണ് ശരി എന്ന ആശയത്തെ പിന്തുണയ്ക്കുന്നു, അത് സംഘര്‍ഷത്തിലേക്ക് നയിക്കുന്നു. ഒരാള്‍ ശക്തനാകുകയും ആവശ്യമായ ഏത് മാര്‍ഗത്തിലൂടെയും വിജയിക്കുകയും വേണം എന്നതാണ് നിലവിലുള്ള ധാരണ.. ഇന്നത്തെ ലോകത്തിന്റെ അവസ്ഥ ഇതാണ്.
ശക്തി മാത്രം പോരാ എന്ന് ധര്‍മ്മം പഠിപ്പിക്കുന്നു. എല്ലാവരെയും സ്വന്തമായി കണക്കാക്കണം. ഒരാള്‍ക്ക് ലഭിച്ചത് മറ്റുള്ളവരുമായി പങ്കിടുകയും സ്വയം നിയന്ത്രണം പാലിക്കുകയും വേണം. അപ്പോള്‍ മാത്രമേ തനിക്കും മറ്റുള്ളവര്‍ക്കും ജീവിക്കാനും അഭിവൃദ്ധി പ്രാപിക്കാനും കഴിയൂ. ഇതാണ് സുസ്ഥിര വികസനത്തിന്റെ അര്‍ത്ഥം. വൈവിധ്യത്തെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിലൂടെ, ധര്‍മ്മം എല്ലാവരെയും ആത്മീയവും ഭൗതികവുമായ, യഥാര്‍ത്ഥ പുരോഗതിയിലേക്ക് നയിക്കുന്നു.
ഋഷിമാരുടെ തപസ്സിലൂടെയാണ് നമ്മുടെ രാഷ്ട്രം ഉടലെടുത്തത്. എല്ലാ ജീവജാലങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അവര്‍ മനസ്സിലാക്കി. ശാശ്വത സന്തോഷത്തിലേക്ക് നയിക്കുന്ന ഈ അറിവ് മുഴുവന്‍ ലോകവുമായി പങ്കിടണം. ആ ലക്ഷ്യം നിറവേറ്റുന്നതിനുള്ള ഒരു ഉപകരണമായിട്ടാണ് നമ്മുടെ രാഷ്ട്രം സൃഷ്ടിക്കപ്പെട്ടത്. ആ ഉത്തരവാദിത്തത്തിനായി നമ്മളും തയാറാകണം.

? മാപ്പിള കലാപകാലത്ത്, ബ്രിട്ടീഷുകാര്‍ ഹ്രസ്വകാല സൈനിക സേവനത്തിന് ശേഷം നാട്ടിലേക്ക് അയച്ച സൈനികരെ അണിനിരത്തി മതനേതാക്കള്‍ വലിയ തോതിലുള്ള അക്രമം അഴിച്ചുവിട്ടതായി റിപ്പോര്‍ട്ടുണ്ട്. ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ സമയത്ത്, സുവര്‍ണ്ണ ക്ഷേത്രത്തിനുള്ളിലെ പ്രതിരോധം നയിച്ചത് മേജര്‍ ജനറല്‍ ഷാബേഗ് സിംഗ് ആയിരുന്നു. വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ ദേശവിരുദ്ധ ശക്തികളുടെ സ്വാധീനത്തില്‍ വരുന്നത് അപകടകരമാണ്. അഗ്‌നിവീരര്‍, സേവനം പൂര്‍ത്തിയാക്കിയ ശേഷം, ദേശവിരുദ്ധ ഘടകങ്ങളുടെ സ്വാധീനത്തില്‍ പെടാതിരിക്കാന്‍, ആര്‍എസ്എസിന് എന്തെങ്കിലും പദ്ധതിയുണ്ടോ?

ഇത് തീര്‍ച്ചയായും ഗുരുതരമായ കാര്യമാണ്, നാമെല്ലാവരും ഇതിനെക്കുറിച്ച് ജാഗ്രത പാലിക്കണം. നമ്മുടെ സായുധ സേനകള്‍ക്ക് ശക്തമായ ദേശസ്നേഹ പാരമ്പര്യമുണ്ട്. ആ പാരമ്പര്യം കൂടുതല്‍ ശക്തിപ്പെടുത്തണം. അഗ്‌നിവീരരുടെ കാര്യത്തിലും ഇതേ തത്വം ബാധകമാകണം. എങ്കിലും, ഇത് പ്രാഥമികമായി സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന ഒരു കാര്യമാണ്. ആര്‍എസ്എസ് പോലുള്ള സംഘടനകള്‍, അല്ലെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും, സൈനിക കാര്യങ്ങളില്‍ ഇടപെടുന്നില്ല. സായുധ സേന അത്തരം സ്വാധീനങ്ങള്‍ക്ക് അതീതവുമായിരിക്കണം.
സൈന്യം സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടരുത്. അതേസമയം, സമൂഹത്തിനുള്ളിലെ വ്യത്യസ്ത അഭിപ്രായങ്ങളില്‍ നിന്നും ഭിന്നതകളില്‍ നിന്ന് അത് മാറിനില്‍ക്കണം. രാഷ്ട്രവും കടമയും പരമപ്രധാനമാണെന്ന് മനസ്സിലാക്കി സൈനിക ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കണം. നമ്മുടെ സായുധ സേനയ്ക്ക് ഇതിനകം അത്തരമൊരു പാരമ്പര്യമുണ്ട്.
അഗ്‌നിവീരര്‍ക്കായി ഒരു പ്രത്യേക സംഘടനാ തന്ത്രത്തിന്റെ ആവശ്യമില്ല. എങ്കിലും, സായുധ സേനയില്‍ ചേരുന്നതിന് മുമ്പ് തന്നെ യുവാക്കളെ തയാറാക്കാന്‍ നമുക്ക് കഴിയും. അത്തരം തയാറെടുപ്പിന് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളില്‍ ഒന്നാണ് ആര്‍എസ്എസ് ശാഖകള്‍. സമൂഹത്തിലുടനീളം ദേശസ്നേഹത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് സംഘത്തിന്റെ വിശാലമായ ലക്ഷ്യം. അഗ്‌നിവീറുകള്‍ക്ക് മാത്രമായി ഒരു പ്രത്യേക പരിപാടി രൂപപ്പെടുത്തുന്നത് ഉചിതമായിരിക്കില്ല. പകരം, രാജ്യത്തെ ഓരോ ചെറുപ്പക്കാരെയും ഭാവിയിലെ അഗ്‌നിവീറായി കാണുകയും അവര്‍ക്ക് ദിശാബോധവും മൂല്യങ്ങളും നല്‍കുകയും വേണം. അതിനാണ് സംഘം പരിശ്രമിക്കുന്നത്.

? ഒരു നൂറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോള്‍, ആര്‍എസ്എസിന്റെ ഏത് പ്രധാന ആശയങ്ങളാണ് കാലത്തിന്റെ പരീക്ഷണത്തെ ഏറ്റവും വിജയകരമായി നേരിട്ടത് ?

അടിസ്ഥാന മൂല്യങ്ങളും ശാശ്വത തത്വങ്ങളുമാണ് കാലത്തിന്റെ പരീക്ഷണത്തെ ഏറ്റവും വിജയകരമായി നേരിട്ടത്. അവ സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിച്ച എണ്ണമറ്റ വ്യക്തികളുടെ ജീവിതാനുഭവങ്ങളില്‍ നിന്നും ഉയര്‍ന്നുവന്നതാണ്.
ബാഹ്യ കാര്യങ്ങളില്‍ ഞങ്ങള്‍ മാറ്റങ്ങള്‍ വരുത്തി. ഉദാഹരണത്തിന്, ഗണവേഷം മാറി. പരിപാടികളും പ്രവര്‍ത്തനങ്ങളും പരിഷ്‌കരിച്ചു. ഉള്ളടക്കം മാറിയില്ലെങ്കിലും ആവിഷ്‌കരിക്കുന്ന രീതികള്‍ മാറി. രീതിശാസ്ത്രത്തിലെ ഇത്തരം മാറ്റങ്ങള്‍ സംഘത്തിന്റെ സാധാരണ സ്വഭാവമാണ്.
എന്നാല്‍, അടിസ്ഥാന തത്വങ്ങളില്‍ മാറ്റമില്ല. ഹിന്ദുസ്ഥാനം ഒരു ഹിന്ദു രാഷ്ട്രമാണ്, ഹിന്ദു എന്നത് കേവലം മതമല്ല, മറിച്ച് സാംസ്‌കാരികവും നാഗരികവുമായ തനിമയാണ് എന്നത് ഇതില്‍ ഉള്‍പ്പെടുന്നു. സംഘടിത സമൂഹമില്ലാതെ ഒരു ദേശീയമുന്നേറ്റത്തിനും പൂര്‍ണ്ണ വിജയം സാധ്യമല്ലെന്നും സംഘം കരുതുന്നു.
അത്തരമൊരു സമൂഹം കെട്ടിപ്പടുക്കുന്നതിന്, സ്വന്തം ജീവിതത്തിലൂടെ മാതൃകകളാകുന്ന നിസ്വാര്‍ത്ഥ സേവകരുടെ നിര രാജ്യവ്യാപകമായി ഉണ്ടായിരിക്കണം. സ്വഭാവത്തിലൂടെയും പെരുമാറ്റത്തിലൂടെയും അവര്‍ സമൂഹത്തില്‍ ഒരു നല്ല അന്തരീക്ഷം സൃഷ്ടിക്കുന്നു. സമാജപരിവര്‍ത്തനമില്ലാതെ വ്യവസ്ഥാ പരിവര്‍ത്തനം സാധ്യമല്ല. വ്യക്തിനിര്‍മാണത്തിലൂടെയും സേവനത്തിലൂടെയും സാമൂഹിക പരിവര്‍ത്തനം കൈവരിക്കാനാകും. ഇതാണ് അടിസ്ഥാനം.
ആര്‍ക്കെങ്കിലും നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ സ്വാഗതം ചെയ്യുന്നു. മാറ്റത്തിനനുസരിച്ച് വളരെ വേഗത്തില്‍ പൊരുത്തപ്പെടുന്ന ഒരു സംഘടനയാണ് ആര്‍എസ്എസ്. ഭാരതം ഹിന്ദുരാഷ്ട്രമാണ് എന്ന അടിസ്ഥാന തത്വം ഒഴിച്ച് മറ്റെന്തും മാറാം.

? പുതിയ വിദ്യാഭ്യാസ നയം പ്രകാരം, ഇംഗ്ലീഷ് ഒരു വിദേശ ഭാഷയായി കണക്കാക്കപ്പെടുന്നു. ഉറുദുവിനെ ഭാരതീയ ഭാഷയായി കണക്കാക്കാമെങ്കില്‍, ഇംഗ്ലീഷിനെയും അങ്ങനെ കാണാന്‍ കഴിയാത്തത് എന്തുകൊണ്ട്? മൂല്യങ്ങളും സംസ്‌കാരങ്ങളും സ്വാംശീകരിക്കുന്ന പാരമ്പര്യം നമുക്കുണ്ട്. മാത്രമല്ല, ശാസ്ത്രീയ വിദ്യാഭ്യാസം പ്രധാനമായും ഇംഗ്ലീഷിലാണ് നടക്കുന്നതും. അത്തരമൊരു സമീപനം ശാസ്ത്രീയ പുരോഗതിയെ സഹായിക്കില്ലേ?

ഇംഗ്ലീഷ് ഒരു വിദേശ ഭാഷയാണ്. അത് ഒരു വിമര്‍ശനമല്ല, വസ്തുത മാത്രമാണ്. ഉറുദു വികസിച്ചത് പഞ്ചാബിലെയും ഉത്തര്‍പ്രദേശിലെയുമൊക്കെ വിപണികളിലും സാമൂഹിക ഇടപെടലുകളിലുമാണ്. ഖാരി ബോലി, അവധി, ബ്രജ് തുടങ്ങിയ പ്രാദേശിക ഭാഷകളുമായുള്ള പേര്‍ഷ്യന്‍ ഇടപെടലിലൂടെയാണ് ഇത് ഉയര്‍ന്നുവന്നത്. ഇത് ഭാരതത്തിന്റെ മണ്ണില്‍ നിന്നാണ് ഉത്ഭവിച്ചത്. മറുവശത്ത്, ഇംഗ്ലണ്ടിലെ ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയാണ് ഇംഗ്ലീഷ്. ഒരു ഭാഷയോടും നമുക്ക് ശത്രുതയില്ല. പക്ഷേ, അത് നമ്മുടെ ഭാഷയല്ലാത്തപ്പോള്‍ അതിനെ സ്വന്തം ഭാഷ എന്ന് വിശേഷിപ്പിക്കേണ്ടതുണ്ടോ? ഇംഗ്ലീഷ് പഠിക്കാന്‍ ആഗ്രഹമുള്ളവര്‍ പഠിക്കട്ടെ. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും നമുക്ക് നല്ല ആശയങ്ങള്‍ സ്വീകരിക്കാന്‍ കഴിയും. എന്നാല്‍ അതിന്റെ അര്‍ത്ഥം അടിസ്ഥാന മൂല്യങ്ങള്‍ മാറ്റണമെന്നല്ല.
രാജ്യങ്ങളുടെ വൈവിധ്യത്തില്‍ ഒരു സവിശേഷ സൗന്ദര്യമുണ്ട്. ഓരോ രാജ്യത്തിനും സ്വാഭാവികമായി ഉയര്‍ന്നുവന്ന അടിസ്ഥാന സ്വഭാവങ്ങളുണ്ട്. ഇവ കൃത്രിമമല്ല; പാരമ്പര്യത്തിലൂടെ പരിണമിച്ചതാണ്. അത്തരം വൈവിധ്യങ്ങളെ ബഹുമാനിക്കുകയും വിലമതിക്കുകയും വേണം. പുറത്തുനിന്നുള്ള രീതികള്‍ സ്വീകരിക്കുന്നത് തെറ്റല്ല. ഇന്ന് നമ്മളില്‍ പലരും മുന്‍ തലമുറകളെ അപേക്ഷിച്ച് വ്യത്യസ്തമായ വസ്ത്രങ്ങള്‍ളാണ് ധരിക്കുന്നത്. 1971ല്‍ തിരുവനന്തപുരത്ത് സര്‍വകലാശാലാ യുവജനോത്സവത്തില്‍ പങ്കെടുക്കാനാണ് ഞാന്‍ ആദ്യമായി കേരളത്തിലെത്തിയത്. ആ സമയത്ത്, എന്റെ പ്രദേശത്ത്, കോളജില്‍ മിക്കവരും പാന്റ്‌സാണ് ധരിച്ചിരുന്നത്. ഇവിടെ ഇത്രയധികം ആളുകള്‍ മുണ്ട് ധരിച്ചിരിക്കുന്നത് കണ്ട് ഞങ്ങള്‍ അത്ഭുതപ്പെട്ടു. അത് പ്രാദേശിക സംസ്‌കാരത്തിന്റെ സ്വാഭാവികതയായിരുന്നു. അതിനെ  ഞങ്ങള്‍ അഭിനന്ദിച്ചു. ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കാം, അത്തരം മാറ്റങ്ങള്‍ തികച്ചും സ്വാഭാവികമാണ്. അതിനര്‍ത്ഥം നമ്മുടെ കുടുംബവ്യവസ്ഥയെയോ മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള ധാരണയോ മാറ്റണമെന്നല്ല.
സ്വാംശീകരണത്തെ എതിര്‍ക്കുന്നില്ല. എന്നാല്‍ എന്ത് സ്വാംശീകരിക്കണമെന്നും എന്ത് സ്വാംശീകരിക്കരുതെന്നും ശ്രദ്ധാപൂര്‍വ്വം തീരുമാനിക്കണം. ശാശ്വതവും അടിസ്ഥാനപരവുമായ തത്വങ്ങള്‍ മാറ്റത്തിന് വിധേയമല്ല. വിദേശ ആശയങ്ങള്‍ ഉപയോഗിച്ച് അതിനെ മാറ്റില്ല. ആ ആശയങ്ങള്‍ മോശമായതുകൊണ്ടല്ല, മറിച്ച് നമ്മുടെ മൂല്യങ്ങള്‍ നനമ്മള്‍ ആരാണെന്ന് നിര്‍വചിക്കുന്നു എന്നതിനാലാണ്.

? കേരളത്തില്‍, ഹിന്ദുക്കളായോ ആര്‍എസ്എസിനെയോ ബിജെപിയെയോ പിന്തുണക്കുന്നവരായോ പരസ്യമായി പറയുന്നവര്‍ പലപ്പോഴും ഒറ്റപ്പെടുന്നു. ചില സന്ദര്‍ഭങ്ങളില്‍ മതേതരമെന്ന് പറയുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ സംഘടനകളില്‍ നിന്നും വിവേചനവും സമ്മര്‍ദ്ദവും നേരിടുന്നു. അത്തരം വെല്ലുവിളികള്‍ നേരിടുന്നവരെ സംരക്ഷിക്കാന്‍ ആര്‍എസ്എസിന് എന്തെങ്കിലും പദ്ധതികളുണ്ടോ?

കേരളത്തില്‍ നിങ്ങള്‍ വിവരിക്കുന്ന സാഹചര്യം മുമ്പ് മറ്റ് സ്ഥലങ്ങളിലും നിലവിലുണ്ടായിരുന്നു. ബംഗാളിലും സമാനമായ സാഹചര്യമായിരുന്നു, കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ, ആസാമിലും ഇതായിരുന്നു സ്ഥിതി മഹാരാഷ്ട്രയില്‍ പോലും, പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. കാലക്രമേണ ഇതെല്ലാം മാറി.
സംഘം ഏതെങ്കിലും പ്രത്യേക സംരക്ഷണം നല്‍കിയതുകൊണ്ടല്ല മാറ്റമുണ്ടായത്, മറിച്ച് സ്വയംസേവകരുടെ ദൃഢനിശ്ചയവും സ്ഥിരോത്സാഹവും കൊണ്ടാണ്. നമ്മുടെ പ്രവര്‍ത്തനത്തിന്റെ വികാസം മാത്രമാണ് പരിഹാരം. സംഘം ആര്‍ക്കും ഒന്നും വാഗ്ദാനം ചെയ്യുന്നില്ല. ‘വരൂ, നല്കൂ’ എന്നതാണ് സംഘത്തിന്റെ സമീപനം. നിങ്ങള്‍ക്ക് നല്കാനുള്ള എല്ലാ സംഭാവനകളും സംഘം സ്വീകരിക്കുന്നു, പകരം ഒരു നന്ദി വാക്ക് പോലും ഉണ്ടായേക്കില്ല.
ആളുകള്‍ പലപ്പോഴും ചോദിക്കാറുണ്ട്, സംഘത്തില്‍ ചേരുന്നതിലൂടെ എനിക്ക് എന്ത് നേടാനാകുമെന്ന്. നിങ്ങള്‍ക്ക് ഒന്നും നേടാനാവില്ല; എല്ലാം നഷ്ടപ്പെടുകയും ചെയ്‌തേക്കാം. അതിന് തയ്യാറാണെങ്കില്‍, വരൂ. അഥവാ വ്യക്തിപരമായ നേട്ടം തേടുകയാണെങ്കില്‍, ദയവായി വരരുത്. മാറിനില്‍ക്കുന്നതാണ് നല്ലത്. അങ്ങനെയെങ്കില്‍, നിങ്ങളും സംഘവും സുരക്ഷിതരായിരിക്കും.
ഡോ. ഹെഡ്ഗേവാറിനെ ആരാണ് സംരക്ഷിച്ചത്? രാജ്യത്തുടനീളം പ്രവര്‍ത്തിച്ച ലക്ഷക്കണക്കിന് സ്വയംസേവകരെ ആരാണ് സംരക്ഷിച്ചത്? രാജ്യത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനം എപ്പോഴും അപകടസാധ്യത നിറഞ്ഞതാണ്. ജോണ്‍ എഫ്. കെന്നഡി ഒരിക്കല്‍ അമേരിക്കയെക്കുറിച്ച് പറഞ്ഞതുപോലെ, രാജ്യത്തിന് നിങ്ങള്‍ക്കുവേണ്ടി എന്ത് ചെയ്യാന്‍ കഴിയുമെന്ന് ചോദിക്കരുത്; രാജ്യത്തിനായി നിങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയുമെന്ന് ചോദിക്കുക. സംഘത്തിന്റെ ആഹ്വാനവും സമാനമാണ്.
യാദ്യാ എന്നൊരു മറാഠി വാക്ക് ഉണ്ട്. പട്ടിക എന്നാണ് അര്‍ത്ഥം. യാ എന്നും ദ്യാ എന്നും വേറെവേറെ പറഞ്ഞാല്‍ ‘വരൂ കൊടുക്കൂ’ എന്ന് വ്യാഖ്യാനിക്കാം. എല്ലാ സംഘ പരിപാടികളും ഒരു പട്ടിക തയാറാക്കിയാണ് ആരംഭിക്കുന്നത്. സംഘത്തിലെല്ലാം യാദ്യാ ആണെന്ന് ഞങ്ങളുടെ പ്രാന്ത സംഘചാലക് പലപ്പോഴും തമാശ പറയാറുണ്ട്. ഒന്നിന്റെ അര്‍ത്ഥം പട്ടിക എന്നാണ്, മറ്റൊന്നിന്റെ അര്‍ത്ഥം ‘വരൂ കൊടുക്കൂ’ എന്നുമാണ്. എടുക്കാതെ കൊടുക്കുന്ന ഈ മനോഭാവം സംഘത്തിന് ഗുണം ചെയ്തു. എല്ലാ സാഹചര്യങ്ങളിലും, നമ്മുടെ സ്വയംസേവകര്‍ തിരിഞ്ഞു നോക്കാതെ പോരാടുകയും മുന്നോട്ട് പോകുകയും ചെയ്തു.
എന്റെ ഹൃദയത്തെ ആഴത്തില്‍ സ്പര്‍ശിച്ച ഒരു സംഭവമുണ്ട്. കൂത്തുപ്പറമ്പില്‍ ഷാജി  എന്ന പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനു ഏകദേശം നാല്‍പ്പത് ദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ അവിടം സന്ദര്‍ശിച്ചു. എണ്ണൂറോളം സ്വയംസേവകര്‍ അവിടെ ഒത്തുകൂടി. അവര്‍ ഒരുമിച്ച് ഒരു ഗാനം ആലപിച്ചു, അതിന്റെ അര്‍ത്ഥം ഏതാണ്ട് ഇങ്ങനെയായിരുന്നു. ”ഈ പാത അപകടം നിറഞ്ഞതാണെന്ന് ഞങ്ങള്‍ക്കറിയാം. മുന്നോട്ട് പോകുമ്പോള്‍, ഞങ്ങളുടെ സഹപ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍, അറ്റുപോയ കൈകാലുകള്‍, തകര്‍ന്ന തലയോട്ടികള്‍, ചിതറിയ അസ്ഥികള്‍ എന്നിവ ഞങ്ങള്‍ കാണുന്നു. എങ്കിലും ഞങ്ങള്‍ ഒരിക്കലും തിരിഞ്ഞുനോക്കില്ല; ലക്ഷ്യത്തിലേക്ക് മുന്നേറും. അതാണ് സംഘം.

? പണമൊഴുക്കി ചരിത്രം മാറ്റിയെഴുതുന്നതും വളച്ചൊടിച്ച ചരിത്രാഖ്യാനങ്ങള്‍ തിരുത്തുന്നതിനും ആര്‍എസ്എസ് എന്തെങ്കിലും മുന്‍കൈയെടുക്കുന്നുണ്ടോ?

നിരവധി സംഘടനകള്‍ ഈ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇതിഹാസ് സങ്കലന്‍ സമിതി അത്തരമൊരു സംഘടനയാണ്. മറ്റൊന്ന് ബാബാസാഹേബ് ആപ്‌തെ സ്മാരക സമിതിയാണ്. മൂന്നാമത്തേത് പ്രജ്ഞാ പ്രവാഹ് ആണ്. ഈ സംഘടനകള്‍ വിവിധ സംരംഭങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് പോലുള്ള വിദ്യാര്‍ത്ഥി സംഘടനകളും വിദ്യാഭാരതി പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സംഭാവന നല്‍കിയിട്ടുണ്ട്.
സ്‌കൂള്‍ പാഠപുസ്തകങ്ങളിലെ ചരിത്രവിവരണം കൂടുതല്‍ പൂര്‍ണ്ണവും കൃത്യവുമാണെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു ഏതെങ്കിലും പ്രത്യയശാസ്ത്രത്തിന് അനുസൃതമായി ചരിത്രം തിരിച്ചെഴുതുക എന്നതല്ല ലക്ഷ്യം, മറിച്ച് ചരിത്ര സംഭവങ്ങളെ ഒഴിവാക്കലുകളോ മറയ്ക്കലുകളോ ഇല്ലാതെ അവതരിപ്പിക്കുക എന്നതാണ്. സത്യസന്ധമായ അവതരണമാണ് വേണ്ടത്.
സരസ്വതി നദിയുടെ ഉദാഹരണം എടുക്കുക. മഹാഭാരത കാലഘട്ടത്തിന് വളരെ മുമ്പുതന്നെ അപ്രത്യക്ഷമായതിനാല്‍ അത് എപ്പോഴെങ്കിലും നിലനിന്നിരുന്നോ എന്ന് ചിലര്‍ വര്‍ഷങ്ങളായി ചോദ്യം ചെയ്തിരുന്നു. ഗവേഷകര്‍ സര്‍വേകളും പഠനങ്ങളും നടത്തി, അതിന്റെ ഗതിയും ഉത്ഭവവും സംബന്ധിച്ച തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. പ്ലക്ഷ പ്രശ്രവണം എന്നറിയപ്പെടുന്ന സ്ഥലം തിരിച്ചറിഞ്ഞിട്ടുണ്ട്, നിരവധി കിലോമീറ്ററുകള്‍ വ്യാപിച്ചുകിടക്കുന്ന നീര്‍ച്ചാലുകള്‍ കണ്ടെത്തിയിട്ടുണ്ട്, കൂടാതെ ഐഎസ്ആര്‍ഒ നടത്തിയ മാപ്പിംഗ് പഠനങ്ങള്‍ ഗണ്യമായ ഭൂഗര്‍ഭ ജലപ്രവാഹത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നു. നദിയുടെ ചരിത്രപരമായ നിലനില്‍പ്പിനെക്കുറിച്ചുള്ള പുതിയ ചര്‍ച്ചകള്‍ക്ക് അത്തരം കണ്ടെത്തലുകള്‍ കാരണമായി.
ആര്യ സിദ്ധാന്തം മുതല്‍ ഭാരതീയ ചരിത്രത്തിന്റെ വിവിധ വശങ്ങള്‍ വരെയുള്ള വിഷയങ്ങളില്‍ സാമൂഹിക, അക്കാദമിക് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷകര്‍ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സംഘവുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളിലൂടെയും പുസ്തകശാലകളിലൂടെയും അത്തരം സാഹിത്യങ്ങള്‍ ലഭ്യമാണ്. അക്കാദമിക് പാഠ്യപദ്ധതിയിലേക്ക് പുതിയ ചരിത്ര വ്യാഖ്യാനങ്ങള്‍ കൊണ്ടുവരുന്നത് ക്രമേണയുള്ള ഒരു പ്രക്രിയയാണ്, പക്ഷേ ആ ദിശയിലുള്ള ശ്രമങ്ങള്‍ തുടരുന്നു.
എങ്കിലും പാഠപുസ്തകങ്ങളില്‍ അത്തരം കാര്യങ്ങള്‍ ഉണ്ടോ ഇല്ലയോ എന്നത് ഒരു വശം മാത്രമാണ്. നമുക്ക് ചരിത്രവും പാരമ്പര്യങ്ങളും കുട്ടികളിലേക്ക് നേരിട്ട് കൈമാറാനും കഴിയും. ഞാന്‍ രാമായണമോ മഹാഭാരതമോ സ്‌കൂളില്‍ നിന്നോ കോളജില്‍ നിന്നോ അല്ല, വീട്ടില്‍ നിന്നാണ് പഠിച്ചത്. ഛത്രപതി ശിവാജി മഹാരാജിനെക്കുറിച്ച് പാഠപുസ്തകങ്ങളില്‍ നിന്നല്ല, മറിച്ച് സാമൂഹികവും സാംസ്‌കാരികവുമായ പരിപാടികളിലൂടെയാണ് പഠിച്ചത്.

? ഹിന്ദു ഐക്യത്തിന് തടസമായ ജാതി വിഭജനങ്ങളെ ആര്‍എസ്എസ് ഈ വിഷയത്തെ എങ്ങനെ അഭിസംബോധന ചെയ്യുന്നു?

ഇന്നത്തെ ജാതി വ്യവസ്ഥ പരമ്പരാഗത അര്‍ത്ഥത്തിലുള്ള ഒന്നല്ല. ജാതി വ്യവസ്ഥ നല്ലതോ ചീത്തയോ എന്നതിനെക്കുറിച്ച് ഞാന്‍ അഭിപ്രായം പറയുന്നില്ല, പക്ഷേ ചരിത്രപരമായി അത് ഒരു തൊഴിലിനെ ഒരു പ്രത്യേക സമൂഹവുമായി ബന്ധിപ്പിക്കുന്ന ആശയവുമായി ബന്ധപ്പെട്ടതാണ്. ഇന്ന് അങ്ങനെയല്ല. ആര്‍ക്കും ഏത് തൊഴിലും പിന്തുടരാം. അതിനാല്‍, ആ സമ്പ്രദായം ഇനി നിലനില്‍ക്കില്ല.
ജാതിയുടെ പേരില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത് ക്രമമില്ലായ്മയും ഭിന്നതയുമാണ്. അത് ഒരു ഘടനാപരമായ വ്യവസ്ഥയല്ല. ചരിത്രത്തിലെ ഏതെങ്കിലും ഘട്ടത്തില്‍ അത് ഒരു ഉദ്ദേശ്യം നിറവേറ്റിയിരിക്കാം; എനിക്കറിയില്ല. എന്നാല്‍ ഡോ. ഹെഡ്ഗേവാര്‍ മുതല്‍ ബാളാസാഹേബ് ദേവറസ് വരെ, ആര്‍എസ്എസ് ഒരു രൂപത്തിലുമുള്ള വിവേചനത്തെ പിന്തുണയ്ക്കുന്നില്ലെന്ന് സ്ഥിരമായും കൃത്യമായും പ്രഖ്യാപിച്ചിട്ടുണ്ട്. വിവേചനം പ്രോത്സാഹിപ്പിക്കുന്ന എന്തും പൂര്‍ണ്ണമായും ഉപേക്ഷിക്കണം.
1925-ല്‍ സ്ഥാപിതമായതു മുതല്‍, അത്തരം വ്യത്യാസങ്ങളില്ലാതെയാണ് ആര്‍എസ്എസ് പ്രവര്‍ത്തിച്ചത്. സംഘത്തിനുള്ളില്‍, ജാതി നിലവിലില്ല. ജാതിയെക്കുറിച്ച് ചോദിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യുന്നില്ല. വര്‍ഷങ്ങളോളം ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടും, എന്റെ സഹപ്രവര്‍ത്തകരുടെ ജാതി എന്താണെന്ന് എനിക്ക് പലപ്പോഴും അറിയില്ല.
ഞാന്‍ സര്‍കാര്യവാഹ് ആയപ്പോള്‍, സുരേഷ് ജി സോണിയെ സഹ സര്‍കാര്യവാഹ് ആയി നിയമിച്ചു. ‘സോണി ജിയെ നിയമിച്ചതിലൂടെ, ഒബിസി സമൂഹത്തിന് പ്രാതിനിധ്യം ലഭിച്ചുവെന്നാണ് ചില മാധ്യമങ്ങള്‍ എഴുതിയത്. പിറ്റേന്ന്, ചായ കുടിക്കുമ്പോള്‍, ഞാന്‍ സുരേഷ് ജിയോട് ചോദിച്ചു, ”നിങ്ങള്‍ ഒബിസി സമൂഹത്തില്‍ നിന്നുള്ളയാളാണോ?” അദ്ദേഹം പുഞ്ചിരിച്ചു. ഇന്നും, അദ്ദേഹം ഏത് പെട്ടയാളാണെന്ന് എനിക്കറിയില്ല.
ജാതിവ്യത്യാസം ഇരുട്ട് പോലെയാണ്. ഇരുട്ടിനെ തോല്‍പ്പിക്കാന്‍ എല്ലാ ഊര്‍ജ്ജവും ചെലവഴിക്കുന്നത് എന്തിനാണ്? പകരം, ഒരു വിളക്ക് കത്തിക്കുക, ഇരുട്ട് സ്വയം അപ്രത്യക്ഷമാകും. നമ്മള്‍ വരയ്ക്കുന്ന വലിയ രേഖ, നാമെല്ലാവരും ഹിന്ദുക്കളാണ് എന്നതാണ്. ആളുകള്‍ വിവിധ ജാതികളില്‍ പെട്ടവരാകാം, വിവിധ ഭാഷകള്‍ സംസാരിക്കുന്നവരാകാം, വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവരാകാം, അല്ലെങ്കില്‍ വ്യത്യസ്ത സാമ്പത്തിക പശ്ചാത്തലങ്ങളില്‍ പെട്ടവരാകാം. ഈ വ്യത്യാസങ്ങളെല്ലാം നിലനില്‍ക്കാം. എന്നാല്‍ ഇതിനെല്ലാം ഉപരിയായി ഒരു വലിയ സ്വത്വം നിലനില്‍ക്കുന്നു: ‘ഞാന്‍ ഒരു ഹിന്ദുവാണ്, ഞാന്‍ ഭാരതമാതാവിന്റെ പുത്രനാണ് എന്നതാണത്.
ഒരു ശാഖയിലെ അന്തരീക്ഷം സ്വാഭാവികമായും വ്യത്യാസങ്ങള്‍ക്കപ്പുറത്തേക്ക് നീങ്ങാന്‍ വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നു. ഹൃദയങ്ങളില്‍ മാറ്റം വരുത്തുക എന്നതാണ് ലക്ഷ്യം. ഹൃദയ പരിവര്‍ത്തനമില്ലാതെ, പുറമേയുള്ള പരിഷ്‌കരണങ്ങള്‍ നിലനില്‍ക്കില്ല.
നമ്മുടെ സംഘചാലകരില്‍ ഒരാളുടെ  ഉദാഹരണം ഞാന്‍ ഓര്‍ക്കുന്നു, അദ്ദേഹത്തിന്റെ കുടുംബപ്പേര് ‘ഭോണ്ടൂ’ ആയിരുന്നു. മറാഠിയില്‍, ഭോണ്ടൂ എന്നതിന് ഒരു വ്യാജന്‍, വഞ്ചകന്‍ എന്നൊക്കെയാണ് അര്‍ത്ഥം. ഒരു അഭിഭാഷകനെന്ന നിലയില്‍, അദ്ദേഹം നിയമപരമായി തന്റെ കുടുംബപ്പേര് ദേശ്മുഖ് എന്ന് മാറ്റി. എല്ലാവരും ബഹുമാനിക്കുന്ന കുടുംബപ്പേരാണത്. ആളുകള്‍ അഡ്വക്കേറ്റ് ദേശ്മുഖിനെ തേടിവരും. അപ്പോള്‍ അയല്‍ക്കാര്‍ ചോദിക്കും, ‘ഏത് ദേശ്മുഖ്? ഓ, ഭോണ്ടൂ ദേശ്മുഖ്!’ പഴയ തനിമ ഒരിക്കലും അദ്ദേഹത്തെ വിട്ടുപോയില്ല. ഒടുവില്‍, അദ്ദേഹം തന്റെ യഥാര്‍ത്ഥ കുടുംബപ്പേരിലേക്ക് മടങ്ങി. പുറംലേബലുകള്‍ മാറ്റുന്നതില്‍ കാര്യമില്ല. ജാതി മനസ്സിലും ഹൃദയത്തിലുമാണ് നിലനില്‍ക്കുന്നത്. മാറ്റം അവിടെയാണ് വേണ്ടത്. നമ്മളെല്ലാവരും മനുഷ്യരും ഭാരതമാതാവിന്റെ മക്കളുമാണെന്ന് നാം ആത്മാര്‍ത്ഥമായി ചിന്തിച്ചാല്‍, സംഘര്‍ഷത്തിന് ഇടം കുറയും ഹൃദയപരിവര്‍ത്തനം കൊണ്ടുവരാനാണ് സംഘത്തിന്റെ ശ്രമം.

? ഭാരതം ഭരിക്കുന്നത് ആര്‍എസ്എസോ ആര്‍എസ്എസ് സ്വാധീനമുള്ളവരോ ആണെന്ന ധാരണ ഇന്ന് നിലവിലുണ്ട്. സ്ഥാപിത സമയത്ത് സംഘം നിശ്ചയിച്ച ലക്ഷ്യം നേടിയെന്ന് വിശ്വസിക്കുന്നുണ്ടോ?

സ്ഥാപിത സമയത്ത് ആര്‍എസ്എസ് സ്വയം നിശ്ചയിച്ച പ്രാഥമിക ലക്ഷ്യം മുഴുവന്‍ ഹിന്ദു സമൂഹത്തിന്റെയും സംഘടന എന്നതാണ്. ആ ലക്ഷ്യത്തില്‍ അധികാരത്തെക്കുറിച്ചോ തെരഞ്ഞെടുപ്പുകളെക്കുറിച്ചോ സര്‍ക്കാരുകളെക്കുറിച്ചോ പരാമര്‍ശമില്ല. അതൊന്നും സംഘത്തിന്റെ ലക്ഷ്യങ്ങളല്ല.
ആര്‍എസ്എസ് ഒരിക്കലും ഭരിക്കില്ല. ആര്‍എസ്എസിന് സ്വാധീനമുണ്ടാകാം, പക്ഷേ ഭരണം എല്ലായ്‌പ്പോഴും ജനങ്ങളുടെയും ഭരണഘടനാപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുടെയും കൈകളിലായിരിക്കും. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ജനങ്ങള്‍ ഇത് തീരുമാനിക്കുന്നു, അവര്‍ തീരുമാനിക്കുന്നതെന്തും വിജയിക്കും. അധികാരത്തിനായി സംഘം പരിശ്രമിക്കുന്നില്ല.
ഒരു ഹിന്ദി കവിതയില്‍ പറയുന്നതുപോലെ: ”സിംഹാസനം പിടിച്ചെടുക്കുക എന്നത് നമ്മുടെ ലക്ഷ്യമല്ല. മുഴുവന്‍ സമൂഹവും നമ്മോടൊപ്പം ചേര്‍ന്ന് മുന്നോട്ട് പോകുക എന്നതാണ് ലക്ഷ്യം.” അങ്ങനെ മുന്നോട്ട് പോകുന്നതിന്റെ ഉപോല്‍പ്പന്നമെന്ന നിലയില്‍, ആര്‍എസ്എസ് ചിന്തകളാല്‍ പ്രചോദിതരായ സ്വയംസേവകരോ രാഷ്ട്രീയ പാര്‍ട്ടികളോ അധികാരത്തില്‍ വരാന്‍ സാധ്യതയുണ്ട്. അതിനര്‍ത്ഥം ആര്‍എസ്എസ് ഭരിക്കുന്നു എന്നല്ല. ഓരോ സ്വയംസേവകനും താന്‍ പ്രവര്‍ത്തിക്കുന്ന മേഖലയുടെ അച്ചടക്കത്തിനും ഉത്തരവാദിത്തങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കണമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്രത്തിലോ സംസ്ഥാനങ്ങളിലോ ഉള്ള സര്‍ക്കാരുകളില്‍ സേവനമനുഷ്ഠിക്കുന്നവര്‍ ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നു. അതുകൊണ്ട് ഒരു സര്‍ക്കാരിനെയും ആര്‍എസ്എസ് സര്‍ക്കാര്‍’ എന്ന് വിളിക്കാന്‍ കഴിയില്ല. ഭരണഘടനാപരമായി, അത് ഭാരത സര്‍ക്കാരാണ്. ആ അര്‍ത്ഥത്തില്‍ അതിനെ ഒരു ബിജെപി സര്‍ക്കാര്‍ എന്ന് പോലും വിശേഷിപ്പിക്കാന്‍ കഴിയില്ല.
ആര്‍എസ്എസ് ആരെയും ഭരിക്കുന്നില്ല; എല്ലാവരുമായും സൗഹൃദം സ്ഥാപിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. അതിനാല്‍, സ്വയംസേവകര്‍ അധികാര സ്ഥാനങ്ങളിലുള്ളപ്പോള്‍ മാത്രമേ ആര്‍എസ്എസിന് സുഹൃത്തുക്കളുണ്ടാകൂ എന്ന് ആരും കരുതരുത്. സര്‍ക്കാരില്‍ സേവനമനുഷ്ഠിക്കുന്ന സ്വയംസേവകര്‍ അവരുടെ ഓഫീസിന്റെ അച്ചടക്കമനുസരിച്ച് അവരുടെ കടമകള്‍ നിര്‍വഹിക്കുന്നു. നമ്മുടെ പ്രധാന ലക്ഷ്യം സമാജത്തിന്റെ സംഘടനയാണ്, ആ ലക്ഷ്യം പൂര്‍ണ്ണമായി സാക്ഷാത്കരിക്കപ്പെടുന്നതിന് നമുക്ക് ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. അതുകൊണ്ടാണ് ഭാവിയെക്കുറിച്ച് നമ്മള്‍ സംസാരിക്കുന്നത്.

? ഭാരത വിഭജനത്തെയും മതപരിവര്‍ത്തനത്തെയും മഹാത്മാഗാന്ധി ശക്തമായി എതിര്‍ത്തിരുന്നെങ്കിലും, ചില വലതുപക്ഷ പ്രവര്‍ത്തകര്‍ ഇപ്പോഴും അദ്ദേഹത്തെ ഒരു എതിരാളിയായി കാണുന്നു. ഈ ശത്രുതയ്ക്ക് പിന്നിലെ അടിസ്ഥാന കാരണം എന്താണ്?

എനിക്കറിയില്ല; നിങ്ങള്‍ അവരോട് നേരിട്ട് ചോദിക്കൂ. ആര്‍എസ്എസിനെ സംബന്ധിച്ചിടത്തോളം, ഞങ്ങള്‍ എല്ലാ ദിവസവും ചൊല്ലുന്ന ഏകാത്മതാ സ്‌തോത്രത്തില്‍ ഗാന്ധിജിയുടെ പേരുണ്ട്. തിലകോ ഗാന്ധിരാദൃതാഃ എന്ന വരി ഞങ്ങള്‍ പതിവായി ചൊല്ലുന്നു. അദ്ദേഹത്തിന്റെ ചില നയങ്ങളോട് ഞങ്ങള്‍ വിയോജിച്ചിരുന്നു, പ്രത്യേകിച്ച് പ്രീണന നയങ്ങളായി ഞങ്ങള്‍ കണ്ടതും സാങ്കേതികവിദ്യയുടെ ചില വശങ്ങളോടുള്ള അദ്ദേഹത്തിന്റെ ശക്തമായ എതിര്‍പ്പും. അതേസമയം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വിശുദ്ധി, ത്യാഗ മനോഭാവം, നിസ്വാര്‍ത്ഥത എന്നിവയെക്കുറിച്ച് തര്‍ക്കമില്ല.
1922 ല്‍, ഗാന്ധിജി യെര്‍വാഡ ജയിലില്‍ തടവിലാക്കപ്പെട്ടപ്പോള്‍, മാര്‍ച്ച് 20 വര്‍ഷം തോറും ‘ഗാന്ധി ദിനം’ ആയി ആചരിക്കാന്‍ പ്രവിശ്യാ കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചു. നാഗ്പൂര്‍ പ്രവിശ്യാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ആദ്യത്തെ ആചരണത്തില്‍, ഗാന്ധിജിയെക്കുറിച്ച് സംസാരിച്ചത് ഡോ. ഹെഡ്ഗേവാറാണ്. ഡോക്ടര്‍ജി ഗാന്ധിജിയെ ഒരു ‘പുണ്യപുരുഷന്‍’ എന്നാണ് വിശേഷിപ്പിച്ചത്. താന്‍ ശരിയെന്ന് വിശ്വസിച്ചത് യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാ ശക്തിയും ഗാന്ധിജി ചെലവഴിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ആ ലക്ഷ്യത്തിനായി അദ്ദേഹം എല്ലാം നല്‍കി, മനസ്സില്‍ സ്വാര്‍ത്ഥതയുടെ ഒരു കണിക പോലും ഉണ്ടായിരുന്നില്ല. അത്തരമൊരു വ്യക്തിയെ എപ്പോഴും ഓര്‍മ്മിക്കണമെന്ന് ഡോക്ടര്‍ജി പറഞ്ഞു.
എന്നാല്‍ അദ്ദേഹത്തെ ഓര്‍മ്മിച്ചാല്‍ മാത്രം പോരാ; നമ്മുടെ സ്വന്തം ജീവിതത്തില്‍ ആ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നാം പരിശ്രമിക്കുകയും വേണം. പിന്നീട്, ഗുരുജി ഗോള്‍വല്‍ക്കറെ ഗാന്ധിജയന്തി പരിപാടിയില്‍ പ്രസംഗിക്കാന്‍ സാംഗ്ലിയിലേക്ക് ക്ഷണിച്ചു. ആ പ്രസംഗം ശ്രീഗുരുജി സാഹിത്യ സര്‍വസ്വത്തിലുണ്ട്.
1936-ല്‍ ഗാന്ധിജി വാര്‍ധയിലെ ഒരു ആര്‍എസ്എസ് ക്യാമ്പ് സന്ദര്‍ശിച്ചു. ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍, ദല്‍ഹിയിലെ വാല്‍മീകി കോളനിയില്‍ താമസിച്ചിരുന്നപ്പോള്‍, സ്വയംസേവകരാണ് അദ്ദേഹത്തിന് സുരക്ഷ ഒരുക്കിയത്.
1947 സെപ്റ്റംബര്‍ 27ന് ഗാന്ധിജി ഒരു ആര്‍എസ്എസ് ശാഖ സന്ദര്‍ശിക്കുകയും സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു. ആ പ്രസംഗം പിറ്റേന്ന് ഹരിജനില്‍ പ്രസിദ്ധീകരിച്ചു. ഗാന്ധിജിയുമായുള്ള സംഘത്തിന്റെ ബന്ധം എപ്പോഴും സൗഹാര്‍ദ്ദപരമായിരുന്നു. പല തരത്തിലും, ഗാന്ധിജിയെ സനാതന ധര്‍മ്മത്തിന്റെ ജീവിക്കുന്ന ഒരു രൂപമായിട്ടാണ് ഞങ്ങള്‍ കാണുന്നത്. ഇതാണ് സംഘത്തിന്റെ കാഴ്ചപ്പാട്. 

Share
Tweet
SendShareShare

Latest from this Category

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ജനസംഖ്യാ അസന്തുലിതാവസ്ഥ രാഷ്ട്രത്തിന് ഭീഷണി

പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് ബെളഗാവിയിൽ

റജിസ്ട്രേഷൻ വിവാദം: രാഷ്ട്രീയ പ്രേരിതം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

തൗബലില്‍ തരംഗമായി തിരംഗയാത്ര

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

കേരളം ബില്‍ രാജ്യസഭയും പാസാക്കി

Load More

Latest English News

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Vande Mataram Singing: There is a Law, but We Have Our Policy—Says Kerala Chief Minister

SFI’s Abusive Protest: Mock Funeral of Female VC Held at Kalady Sanskrit University

Huge Stock of Explosives Seized in Malappuram: Indications That Terrorists Targeted the Magha Mahotsavam

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies