ചീരാൽ (വയനാട്): ആർഎസ്‌എസ് സ്വയംസേവകനും സജീവ പൊതുപ്രവർത്തകനുമായിരുന്ന ചീരാൽ ആശാരിപ്പടി സ്വദേശി മുഹമ്മദ് (56) അന്തരിച്ചു. എല്ലാവരും സ്നേഹപൂർവ്വം ‘മുഹമ്മദിക്ക’ എന്ന് വിളിച്ചിരുന്ന അദ്ദേഹം നാല് പതിറ്റാണ്ടിലേറെയായി സംഘപ്രവർത്തന രംഗത്ത് സജീവമായിരുന്നു. പഴൂർ ശാഖാ സ്വയംസേവകനായിരുന്നു.
ഒരു വർഷം മുമ്പ് ബാധിച്ച ന്യൂമോണിയയെ തുടർന്ന് കരളിനും മറ്റ് ആന്തരിക അവയവങ്ങൾക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന അദ്ദേഹം ദീർഘനാളായി ചികിത്സയിലായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും സാമൂഹിക-സംഘ പ്രവർത്തനങ്ങളിലും ദൈനംദിന ഉത്തരവാദിത്വങ്ങളിലും അദ്ദേഹം കഴിയുന്നത്ര കാലം സജീവമായി ഇടപെട്ടിരുന്നു.
സംഘത്തിന്റെ പ്രഥമ വർഷ, ദ്വിതീയ വർഷ സംഘ ശിക്ഷാ വർഗ്ഗുകൾ പൂർത്തിയാക്കിയ മുഹമ്മദ്, ദീർഘകാലം സംഘടനയുടെ മുൻനിരയിൽ പ്രവർത്തിച്ചു. ലാളിത്യവും അച്ചടക്കവും നിസ്വാർത്ഥ സേവനവുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമുദ്ര. രാഷ്ട്രീയ, സാമൂഹിക, മതഭേദമന്യേ എല്ലാവരോടും പുലർത്തിയിരുന്ന സ്നേഹബന്ധം അദ്ദേഹത്തെ നാട്ടുകാർക്ക് പ്രിയങ്കരനാക്കി.സംഘപ്രവർത്തനത്തോടൊപ്പം കായികരംഗത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. വയനാട്ടിലെ പ്രമുഖ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബായ ‘ഭാവന പഴൂർ’ ക്ലബിന്റെ മുൻകാല സജീവ പ്രവർത്തകനും, ഭാവന പഴൂർ ഫുട്ബോൾ ടീമിന്റെ വിശ്വസ്തനായ ഗോൾകീപ്പറുമായിരുന്നു അദ്ദേഹം. കായിക-സാമൂഹിക മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ ഏറെ സ്മരിക്കപ്പെടുന്നതാണ്. അദ്ദേഹത്തിന്റെ വേർപാട് ചീരാലിന്റെയും പഴൂരിന്റെയും സാമൂഹിക, സാംസ്കാരിക, സംഘ പ്രവർത്തനരംഗങ്ങൾക്ക് വലിയൊരു നഷ്ടമാണ്.പരേതനായ കുഞ്ഞലവിയുടെയും ആയിഷയുടെയും മകനാണ്.
ഭാര്യ: ആയിഷാബി, മക്കൾ: ഷിഹാബ് (32), ഷംന (29).മയ്യത്ത് നിസ്കാരം ഇന്ന് പഴൂർ പള്ളിയിൽ വച്ച് നടന്നു.















Discussion about this post