ആലുവ: മുൻ എറണാകുളം വിഭാഗ് കാര്യവാഹ്, വിശ്വഹിന്ദുപരീക്ഷത്ത് സംസ്ഥാന സെക്രട്ടറി ആർ. രവീന്ദ്രൻ (ദേശം രവി ചേട്ടൻ ) (82) വെസ്റ്റ് കടുങ്ങല്ലൂരിൽ സ്വഗൃഹത്തിൽ നിര്യാതനായി. 1957 കാലഘട്ടത്തിൽ ആലുവ ദേശം കുന്നുംപുറത്ത് മഹാവിഷ്ണു ക്ഷേത്ര മൈതാനത്ത് നടന്നിരുന്ന ആർഎസ്എസ് ശാഖയിലൂടെയാണ് രവീന്ദ്രൻ പൊതുപ്രവർത്തന രംഗത്തേക്ക് എത്തുന്നത്. പിന്നീട് സംഘപ്രവർത്തനം ജീവിതസമർപ്പണമായി മാറുകയായിരുന്നു.
എച്ച്എംടി ഉദ്യോഗസ്ഥനായിരുന്നെങ്കിലും സാമൂഹിക പ്രവർത്തനങ്ങൾക്ക് കൂടുതൽ സമയം കണ്ടെത്തിയ അദ്ദേഹം സംഘടനാപ്രവർത്തനത്തെ ജീവിതധർമ്മമായി സ്വീകരിച്ചു. താലൂക്ക്, ജില്ലാ, വിഭാഗ് കാര്യവാഹ് എന്നീ സുപ്രധാന ചുമതലകൾ വഹിച്ച അദ്ദേഹം ആലുവയുടെ വിവിധ പ്രദേശങ്ങളിൽ സംഘപ്രവർത്തനം വ്യാപിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച്ചിരുന്നു. സംഘടനാ വളർച്ചയ്ക്കും പ്രവർത്തകരെ രൂപപ്പെടുത്തുന്നതിനും നൽകിയ നേതൃത്വം അദ്ദേഹത്തെ പ്രവർത്തകരുടെ പ്രിയങ്കരനാക്കി.
അടിയന്തരാവസ്ഥ കാലഘട്ടത്തിൽ അറസ്റ്റിലായ അദ്ദേഹം രണ്ട് വർഷത്തോളം ജയിൽവാസം അനുഭവിച്ചു. പ്രതിസന്ധികളിലും ആശയവിശ്വാസങ്ങളിൽ ഉറച്ചുനിന്ന അദ്ദേഹത്തിന്റെ ജീവിതം നിരവധി പ്രവർത്തകർക്ക് പ്രചോദനമായി. 1980-ൽ ഗ്രാമസേവാ സമിതി രൂപീകരിച്ചപ്പോൾ വൈസ് ചെയർമാനായി. പിന്നീട് വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി. സംഘപ്രവർത്തനത്തിൽ പ്രകടിപ്പിച്ച സംഘടനാപാടവവും അർപ്പണബോധവും വിശ്വഹിന്ദു പരിഷത്തിന്റെ വളർച്ചയ്ക്കും പ്രചോദനമായി. സംസ്ഥാന വ്യാപകമായി സംഘടനയെ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ സംഭാവന നിർണായകമായിരുന്നു.
എറണാകുളം പാവക്കുളം ക്ഷേത്രത്തിന്റെയും വിഎച്ച്പി ആസ്ഥാന മന്ദിരത്തിന്റെയും വികസനത്തിലും ഉയർച്ചയിലും ദീർഘദർശിത്വവും നേതൃത്വവും നിർണായക പങ്കുവഹിച്ചുവെന്ന് സഹപ്രവർത്തകർ അനുസ്മരിക്കുന്നു. വ്യക്തിപരമായ നേട്ടങ്ങളേക്കാൾ സമൂഹസേവനത്തിന് പ്രാധാന്യം നൽകി ജീവിതം നയിച്ച സ്വയംസേവകരിൽ എന്നും മുൻനിരയിലാണ് ദേശം രവി.
സംസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് യുസി കോളേജ് ശ്മശാനത്തിൽ. ഭാര്യ: കാർത്യായനിമക്കൾ: മനോജ് രവീന്ദ്രൻ,മഹേഷ് രവീന്ദ്രൻ.മരുമക്കൾ – മഞ്ജുഷ, ശ്രീജ മഹേഷ്















Discussion about this post