ഭോപാല്‍(മധ്യപ്രദേശ്): അരാജകത്വം അവസാനിപ്പിച്ച് ജനാധിപത്യം സ്വീകരിക്കൂ എന്ന സന്ദേശവുമായി എബിവിപിയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ അണിനിരന്ന മഹാറാലി. അക്ഷരാര്‍ത്ഥത്തില്‍ അരാജകസമരങ്ങള്ക്കെതിരായ മുന്നേറ്റമായിമാറുകയായിരുന്നു ഭോപാല്‍ നഗരത്തെ ഇളക്കി മറിച്ച വിദ്യാര്‍ത്ഥി ഹുംകാര്‍ റാലി. ടിടി നഗര്‍ അടല്‍ പാതയിലായിരുന്നു വിദ്യാര്‍ത്ഥി മുന്നേറ്റം.
ആള്‍ക്കൂട്ട വിധിയിലൂടെയല്ല, ജനവിധിയിലൂടെയാണ് ജനാധിപത്യത്തിലെ അധികാരമാറ്റമെന്ന് റാലിയെ അഭിവാദ്യം ചെയ്ത എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്രസിങ് സോളങ്കി പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളുടെ അന്തസ്സ് നിലനിര്‍ത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ജനാധിപത്യം ഭരണഘടന, നിയമം, വോട്ടവകാശം എന്നിവയുടെ സംരക്ഷണമാണ് റാലിയുടെ ഉന്നം. വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം ജനാധിപത്യത്തില്‍ നിര്‍ണായകമാണ്. എന്നാല്‍, ഭരണഘടനാ സ്ഥാപനങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്താനും അരാജകത്വത്തിലൂടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കൈവരിക്കാനുമുള്ള ശ്രമങ്ങള്‍ അംഗീകരിക്കാനാകില്ല. തെരഞ്ഞെടുപ്പ് പ്രക്രിയയുമായോ ഏതെങ്കിലും ഭരണഘടനാ സംവിധാനവുമായോ ബന്ധപ്പെട്ട പരാതികള്‍ നിയമപരമായി പരിഹരിക്കണമെന്ന് സോളങ്കി പറഞ്ഞു.
ഒരുകാലത്ത് ഗൃഹപാഠം പൂര്‍ത്തിയാക്കാന്‍ വീട്ടില്‍ അടുപ്പില്‍ കത്തുന്ന വിറകിന്റെ വെളിച്ചം മാത്രമായിരുന്നു ആശ്രയമെങ്കില്‍ ഇന്ന് സാഹചര്യം മാറി. നമ്മള് വികസിത രാഷ്ട്രം എന്ന നിലയില്‍ പുരോഗമിക്കുകയാണ്. സനാതന ധര്‍മ്മത്തെ അധിക്ഷേപിച്ചിരുന്ന ദിഗ്വിജയ് സിങ് പോലും ഇപ്പോള്‍ സനാതന്‍ യാത്ര നടത്തുകയാണ്. ദേശീയതയുടെ വികസനത്തിന്റെയു കരുത്താണിതെന്ന് വീരേന്ദ്ര സിങ് സോളങ്കി പറഞ്ഞു.

പത്ത് വര്‍ഷമായി സ്വന്തം അച്ഛനോട് സംസാരിക്കാത്തയാളാണ് ബംഗ്ലാദേശില്‍ നിന്ന് പ്രേരണ ഉള്‍ക്കൊള്ളണമെന്ന് ഇന്ന് വാദിക്കുന്ന നേഹ ബോറ. തീവ്രവാദികളെ പിന്തുണച്ച് മാര്‍ച്ച് നടത്തുന്ന ഐസയുടെ നേതാവാണിപ്പോള്‍ ത്രിവര്‍ണപതാകയുമായി പ്രകടനത്തിന് വരുന്നത്. ഭാരതത്തിലെ യുവാക്കളെ ആ വഴി പഠിപ്പിക്കണം. അവര്‍ ഭാരതത്തെ ഒരുകാലത്തും ബംഗ്ലാദേശാക്കാന്‍ വിട്ടുതരില്ല. യുവാക്കളുടെ വ്യാജപ്രതിനിധി ചമയുകയാണ് രാഹുല്‍ ഗാന്ധി. ജന്തര്‍ മന്തറില്‍ ഭീകരര്‍ ത്രിവര്‍ണ്ണ പതാക കത്തിച്ചപ്പോള്‍ അദ്ദേഹം എവിടെയായിരുന്നു? ഈ രാജ്യദ്രോഹികളുടെ സ്വപ്നങ്ങള്‍ ചാമ്പലാക്കിമാറ്റാനുള്ള കരുത്ത് ഭാരതത്തിലെ യുവാക്കള്‍ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മധ്യപ്രദേശ് സംസ്ഥാന സെക്രട്ടറി കേതന് ചതുര്‍വേദിയും സംസാരിച്ചു.

















